ദിലീപ് സിനിമയുടെ ചേരുവകള്‍ ബാന്ദ്രയില്‍ ഉണ്ടായിരിക്കില്ല., ദിലീപേട്ടനെ പരിചയപ്പെടുത്തി തന്നത് മീരാജാസമിന്‍
രാമലീലയുടെ വിജയത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒരുമിക്കുന്ന ബാന്ദ്ര റിലീസിന് തയ്യാറെടുക്കുകയാണ്. ഇതുവരെ ദിലീപ് ചെയ്തിട്ടുള്ള സിനിമകളിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ് ബാന്ദ്ര. അതിന്റേതായ ടെന്‍ഷനിലാണ് ദിലീപും അരുണ്‍ ഗോപിയും നവംബര്‍ പത്തിന് ബാന്ദ്ര റിലീസ് ചെയ്യാന്‍ പോകുന്നത്. തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര.
തമന്ന തയ്യാറായിരുന്നില്ലെങ്കില്‍ ബാന്ദ്ര സംഭവിക്കില്ലായിരുന്നുവെന്നാണ് ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ ദിലീപും അരുണ്‍ ഗോപിയും പറഞ്ഞത്. നോര്‍ത്ത് ഇന്ത്യയിലാണ് ബാന്ദ്രയുടെ ഏറെയും ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. അരുണ്‍ ഗോപിയുടെ ആദ്യ സിനിമയും ദിലീപിനൊപ്പമായിരുന്നു.
രാമലീല ദിലീപിന് മാത്രമല്ല അരുണ്‍ ഗോപിയുടെ കരിയറിലും വലിയ മാറ്റം സൃഷ്ടിച്ചിരുന്നു. സ്വതന്ത്ര സംവിധായകനാകും മുമ്പ് ദിലീപിനൊപ്പം പ്രവര്‍ത്തിക്കാന്‍ അരുണ്‍ ഗോപിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഒരു കഥപോയി പറഞ്ഞ് ഡേറ്റ് ചോദിക്കാനുള്ള ധൈര്യം അന്ന് അരുണ്‍ ഗോപിക്കുണ്ടായിരുന്നില്ല. നടി മീര ജാസ്മിനാണ് ദിലീപിനോട് കഥ പറയാന്‍ തന്നോട് പറഞ്ഞതെന്ന് പറയുകയാണ് ഇപ്പോള്‍ അരുണ്‍ ഗോപി.
കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതുവരെയുള്ള സിനിമാ ജീവിതക്കെ കുറിച്ച് അരുണ്‍ ഗോപി സംസാരിച്ചത്. ‘തൊണ്ണൂറുകളിലെ കഥ പറയുന്ന സിനിമയാണ് ബാന്ദ്ര. അതുകൊണ്ട് തന്നെ ലൊക്കേഷന്‍ സെലക്ട് ചെയ്ത് ഷൂട്ട് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു. രാജസ്ഥാനിലെ പാലസില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ദിവസം ആറ്, ഏഴ് ലക്ഷം രൂപയാണ് വാടകയായി നല്‍കിയിരുന്നത്.
ദിലീപ് എന്ന നടനെ മുന്നില്‍ കണ്ട് അല്ല ബാന്ദ്രയുടെ കഥ എഴുതിയത്. പക്ഷെ സിനിമയുടെ ഉത്ഭവം മുതല്‍ ദിലീപേട്ടനുണ്ടായിരുന്നു. മാത്രമല്ല അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിലേക്ക് ദിലീപേട്ടനെ കൊണ്ടുവരികയാണ് ചെയതത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പതിവ് മാനറിസങ്ങളൊന്നും ബാന്ദ്രയില്‍ കാണാന്‍ സാധിക്കില്ല. ദിലീപ് സിനിമയുടെ ചേരുവകള്‍ ബാന്ദ്രയില്‍ ഉണ്ടായിരിക്കില്ല. പക്ഷെ സിനിമ ഒരു എന്റര്‍ടെയ്‌നറാണ്. ബാന്ദ്ര ഒരു ഡോണ്‍ കഥയല്ല. ഗ്യാങ്സ്റ്റര്‍ മൂവിയുമല്ല. ഫാമിലി ആക്ഷന്‍ ഡ്രാമയാണെന്നും’,എന്നും അരുണ്‍ ഗോപി പറയുന്നു.
ദിലീപ് എന്ന നടന്‍ തന്റെ കരിയറിന് വേണ്ടി ചെയ്തിട്ടുള്ള സഹായങ്ങളെ കുറിച്ചും അരുണ്‍ ഗോപി അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘എനിക്ക് ഒരു കരിയര്‍ ഉണ്ടാക്കി തന്ന നടനാണ് ദിലീപേട്ടന്‍. ഒരു നായകന്‍ നമുക്ക് ഡേറ്റ് തന്നാലെ ആ സിനിമ സംഭവിക്കു. നമ്മളെ ഒരു നായകന്‍ വിശ്വസിക്കുന്നിടത്തെ ഒരു സിനിമ സംഭവിക്കൂ. ആളുകള്‍ക്ക് താല്‍പര്യമുള്ള നായകന്‍ ഡേറ്റ് തരണം. എന്റെ സുഹൃത്ത് മീര ജാസ്മിനാണ് ദിലീപേട്ടനോട് കഥ പറയാന്‍ പറഞ്ഞത്.’
‘സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് മീരയോട് പറയാറുണ്ടായിരുന്നു. മീരയാണ് ദിലീപേട്ടനെ പരിചയപ്പെടുത്തി തന്നത്. അങ്ങനെ കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പുതുമുഖത്തെ വിശ്വസിക്കാന്‍ മനസ് അദ്ദേഹം കാണിച്ചുവെന്നും’, രാമലീല സംഭവിച്ചതിനെ കുറിച്ച് സംസാരിച്ച് അരുണ്‍ ഗോപി പറഞ്ഞു. ബാന്ദ്ര സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകരുടെ സംശയമാണ് തമന്നയെ നായികയായി കാസ്റ്റ് ചെയ്യാന്‍ മാത്രം എന്താണ് ബാന്ദ്ര സിനിമ എന്നതെന്ന്. സിനിമ കണ്ട് കഴിഞ്ഞാല്‍ എന്തിന് തമന്നയെ കൊണ്ടുവന്നുവെന്ന് ആരും ചോദിക്കില്ലെന്നാണ് അരുണ്‍ ഗോപി പറയുന്നത്. ‘വളരെ എക്‌സ്‌പെന്‍സീവായിട്ടുള്ള നടിയാണ് തമന്ന.’
‘പക്ഷെ വളരെ സഹകരണ മനോഭാവുള്ള നടിയാണ്. നമ്മുടെ സെറ്റില്‍ വളരെ കംഫര്‍ട്ടബിളായിരുന്നു. തമന്ന കാരണം ബുദ്ധിമുട്ടുണ്ടായിട്ടില്ല. ബോംബെയില്‍ പോയാണ് കഥ പറഞ്ഞത്. കഥ കേട്ടപ്പോള്‍ അവര്‍ ഉടന്‍ ഓക്കെ പറഞ്ഞു. നിങ്ങള്‍ എന്തിന് തമന്നയെ കൊണ്ടുവന്നുവെന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ ആരും ചോദിക്കില്ലെന്നും’, അരുണ്‍ ഗോപി പറയുന്നു.
ഈ സിനിമയും ജനങ്ങള്‍ക്കിഷ്ടപ്പെടുമെന്നാണ് ദിലീപ് പറയുന്നത്. സ്റ്റണ്ട് സീനുകളില്‍ ഒറ്റയ്ക്ക് നിന്ന് മുപ്പതോളം ആളുകളുമായി ഫൈറ്റ് ചെയ്യുന്ന രംഗങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജീവിതത്തില്‍ തന്നെ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ലല്ലോ അടിക്കുന്നത് എന്നാണ് മറുപടിയായി ദിലീപ് പറഞ്ഞത്.
‘ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ തന്നെ ഒരു അവസ്ഥയുണ്ടാകുമ്പോള്‍ അടിക്കേണ്ട സിറ്റുവേഷന്‍ വന്നാല്‍ നമ്മള്‍ ആളെ എണ്ണിയല്ല അടിക്കുന്നത്. അതുകൊണ്ട് തന്നെ അടിച്ചുപോകും. വീഴുന്നത് വരെ അടിക്കും. അത്രയേയുള്ളു ബാന്ദ്രയിലും. അതൊരു സിനിമയാകുമ്പോള്‍ കുറച്ച് സിനിമാറ്റിക്കാകും. അല്ലെങ്കില്‍ നാടന്‍ അടി കാണാന്‍ പോയതുപോലെയാകും. നാടന്‍ അടി ടിവി തുറന്ന് കഴിഞ്ഞാല്‍ നമുക്ക് കാണാം.’
‘ഓടിച്ചിട്ട് അടി അടക്കം കാണാം. ബാന്ദ്രയിലെ ഒരു ഫൈറ്റ് തന്നെ പത്ത് പതിനഞ്ച് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. അന്‍പറിവാണ് സ്റ്റണ്ട് കൊറിയോഗ്രാഫ് ചെയ്തത്. തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ ആളുകള്‍ക്ക് അത് ഫീല്‍ ചെയ്യാന്‍ വേണ്ടിയാണ്.’ ‘ഇതൊരു റിയലിസ്റ്റിക്ക് സിനിമയല്ല. സിനിമാറ്റിക്കാണ്. രണ്ടര മണിക്കൂര്‍ ഇന്‍വസ്റ്റ് ചെയ്ത് ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ വരുമ്പോള്‍ അവര്‍ക്ക് ഹരമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.