News
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനവുമായി എആര്‍ റഹ്മാന്
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനവുമായി എആര്‍ റഹ്മാന്
എസ്എസ് രാജമൌലി സംവിധാനം ചെയ്ത് പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങള്‍ നേടിയ, ചിത്രത്തിലെ ഗാനമായ നാട്ടു നാട്ടുവിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിരിക്കുകയാണ്. എആര്‍ റഹ്മാന് പുരസ്കാരം നേടി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്.
ഇതിന് പിന്നാലെ ചിത്രത്തിന്റെ സംഗീതസംവിധായകന് എംഎം കീരവാണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഓസ്കാര്‍ അവാര്‍ഡ് ജേതാവു കൂടിയായ എആര്‍ റഹ്മാന്. അവിശ്വസനീയമായ ഒരു മാറ്റമാണ് ഇത്. എല്ലാ ഇന്ത്യക്കാര്‍ക്ക് വേണ്ടിയും കീരവാണിക്കും, എസ്എസ് രാജമൗലിക്കും ആര്‍ആര്‍ആര്‍ ടീമിനും അഭിനന്ദനങ്ങള്‍. ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ആര്‍ആര്‍ആര്‍ ടീം വിജയം ആഘോഷിക്കുന്ന വീഡിയോ അടക്കം എആര്‍ റഹ്മാന് ട്വീറ്റ് ചെയ്തു.
ഗാള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. എംഎം കീരവാണിയും മകന് കാലഭൈരവയും ചേര്‍ന്നാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍ആര്‍ആര്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
റിഹാന, ലേഡിഗാഗ, ടെയ്ലര് സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം.
