News
എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു; അവസാനിപ്പിക്കുന്നത് 29 വർഷം നീണ്ട ദാമ്പത്യം!
എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു; അവസാനിപ്പിക്കുന്നത് 29 വർഷം നീണ്ട ദാമ്പത്യം!
സംഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. സൈറ ബാനുവാണ് പ്രസ്താവനയിലൂടെ ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്.
ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
വിവാഹ മോചനത്തെക്കുറിച്ച് എ.ആർ.റഹ്മാനും സ്ഥിരീകരിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതം 30 വർഷത്തിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. ജീവിതത്തിൽ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് സുഹൃത്തുക്കളോട് നന്ദി പറയുന്നതായി റഹ്മാൻ എക്സിൽ കുറിച്ചു.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്മാൻ മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇത് മൂന്നുമായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്മാന്റെ സങ്കൽപങ്ങൾ.
റഹ്മാന്റെ ആദ്യത്തെ രണ്ടുകാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ നിബന്ധന മനസിലാക്കി പെൺകുട്ടിയെ തിരയാൻ അമ്മയ്ക്ക് അൽപം പ്രയാസമായിരുന്നു. അതായിരുന്നു റഹ്മാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും. അങ്ങനെ ഒരു ദിവസം പള്ളിയിൽ പ്രാർഥനാ നിർഭരയായി നിൽക്കുന്ന ഒരു പെൺകുട്ടിയെ കരീമ ബിഗം കണ്ടു. സൈറയുടെ സഹോദരി മെഹർ ആയിരുന്നു അത്.
തുടർന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി. അപ്പോഴാണ് മെഹർ വിവാഹിതയാണെന്ന് അറിഞ്ഞത്. ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെവച്ച് മെഹറിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടു. റഹ്മാന് ഇണങ്ങിയ വധുവാണ് സൈറയെന്ന് അമ്മയ്ക്ക് ബോധ്യമായി. അങ്ങനെയായിരുന്നു റഹ്മാൻ സൈറയെ വിവാഹം കഴിക്കുന്നത്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.
മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം. ഭാര്യയെ പ്രശംസിച്ച് കൊണ്ട് ചില അഭിമുഖങ്ങളിൽ റഹ്മാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.
മകൾ ഖദീജയുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങൾക്കിടെയാണ് എആർ റഹ്മാന്റെ കുടുംബം വലിയ തോതിൽ വാർത്തയായത്. മതവിശ്വാസത്തിലൂന്നിയ ജീവിതം നയിക്കുന്ന ഖദീജ മുഖം മറച്ചാണ് പൊതുവേദികളിൽ എത്താറ്. ഒരിക്കൽ നിഖാബ് ധരിച്ച് ഖദീജ പിതാവിനൊപ്പം പൊതുവേദിയിൽ എത്തിയപ്പോൾ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
റഹ്മാനും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായി. മകളുടെ വ്യക്തിപരമായ തീരുമാനമാണതെന്ന് എആർ റഹ്മാൻ പിന്നാലെ വ്യക്തമാക്കുകയും ചെയ്തു. സൈറ ബാനുവോ രണ്ടാമത്തെ മകളോ നിഖാബ് ധരിക്കാറില്ല. അടുത്തിടെയാണ് എആർ റഹ്മാന്റെ സഹോദരിയുടെ മകൻ നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും വിവാഹമോചിതരായത്.
1990-കളുടെ തുടക്കത്തിൽ തമിഴ് ചിത്രങ്ങളിലൂടെയാണ് റഹ്മാൻ സംഗീത സംവിധാനം ആരംഭിച്ചത്. പിന്നീട് ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങി മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് ചുവടുമാറ്റി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പാടിയിട്ടുണ്ട്. 1995-ൽ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധ നേടിയത്.
