ഒരുപാട് തേപ്പ് കിട്ടിയിട്ടുണ്ട്, അങ്ങനെ തേച്ചിട്ടില്ല, ഒഴിഞ്ഞുമാറി പോയിട്ടുണ്ട് ഒരാളുടെ ജീവിതത്തിൽ നിന്ന്; ഏയ്ഞ്ചലിൻ!
ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഏയ്ഞ്ചലിൻ മരിയ.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ നടത്തിയ ഒരു പരാമർശത്തിലൂടെ ആയിരുന്നു ഏയ്ഞ്ചലിൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെയാണ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി ഏയ്ഞ്ചലിൻ വീടിനുള്ളിൽ പ്രവേശിക്കുന്നത്.
ഇരുപതുകാരിയായ ഏയ്ഞ്ചലിൻ ആദ്യ ആഴ്ച മുതൽ ബിഗ് ബോസ് വീട്ടിൽ സജീവമായിരുന്നു. ആദ്യ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിലെ വഴക്കുകൾക്ക് കാരണമായതൊക്കെ ഏയ്ഞ്ചലിൻ ആയിരുന്നു. ഓസിഡി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏയ്ഞ്ചലിൻ ആദ്യ വാരത്തിൽ വീടിനുള്ളിൽ കാണിച്ചതൊക്കെ പ്രേക്ഷകരിലും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ച മുതൽ ഏയ്ഞ്ചലിൻ പതിയെ വീടിനുള്ളിൽ ഉള്ളവരുടെയും പുറത്തുള്ളവരുടെയും ഇഷ്ടം നേടിയെടുക്കുന്നതാണ് കണ്ടത്.
അതിനിടെ സ്വന്തം ജീവിതകഥ പങ്കുവച്ചും ഏയ്ഞ്ചലിൻ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അങ്ങനെ മൂന്നാം ആഴ്ചയിലേക്ക് എത്തിയപ്പോൾ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ഒറിജിനലായ മത്സരാർത്ഥികളിൽ ഒരാളായി ഏയ്ഞ്ചലിനെ പ്രേക്ഷകർ വിലയിരുത്തുകയും ചെയ്തിരുന്നു. ചില വിഷയങ്ങളിലെ ഏയ്‌ഞ്ചലിന്റെ ഇടപെടലുകളൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനിടെ ഏയ്ഞ്ചലിന്റെ പ്രണയകഥയും വീടിനുള്ളിലും പുറത്തും വൈറലായി മാറിയിരുന്നു.
വീടിനുള്ളിലെ പലരോടും തനിക്ക് തോന്നിയ ക്രഷ് തുറന്ന് പറഞ്ഞ ഏയ്ഞ്ചലിൻ അവരോടെല്ലാം തന്റെ ശുപ്പൂട്ടൻ ഇല്ലായിരുന്നെങ്കിൽ പ്രണയിച്ചേനെ എന്നാണ് പറഞ്ഞത്. അതോടെയാണ് ശുപ്പൂട്ടൻ എന്ന് വിളിക്കുന്ന ഏയ്ഞ്ചലിന്റെ കാമുകൻ പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും സുപരിചിതനാകുന്നത്. വിഷു ദിനത്തിലെ പ്രത്യേക എപ്പിസോഡിൽ മോഹൻലാലിനോട് വിഷുദിന രാത്രിയിൽ മതിൽ ചാടി കാമുകനെ കാണാൻ പോയതും പ്രപ്പോസ് ചെയ്തതുമൊക്കെ ഏയ്ഞ്ചലിൻ പറഞ്ഞത് ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, ബിഗ് ബോസിലേക്ക് എത്തുന്നതിന് ഏറെ നാൾ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചൊക്കെ ഏയ്ഞ്ചലിൻ പറഞ്ഞത് വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റെ പ്രണയം വിജയിപ്പിച്ചെടുക്കാൻ താൻ പോരാടുമെന്നൊക്കെ അഭിമുഖത്തിൽ ഏയ്ഞ്ചലിൻ പറയുന്നുണ്ട്. ഒപ്പം തന്റെ ആദ്യ പ്രണയത്തെ കുറിച്ചും തേപ്പിനെ കുറിച്ചുമൊക്കെ നടി സംസാരിക്കുന്നുണ്ട്.
‘ജീവിക്കാൻ ആഗ്രഹമുള്ളവർ ഒരുമിച്ച് ജീവിക്കണം. എനിക്ക് പ്രശ്‌നമില്ല നീ എന്ത് വേണമെങ്കിലും ചെയ്തോളു എന്ന് പറഞ്ഞാൽ എനിക്ക് അവനെ നാട്ടിലേക്ക് കൊണ്ടുവന്ന് ഒരുമിച്ച് ജീവിക്കാം. ഞാൻ അവന് വേണ്ടി ഇനിയും പോരാടും. അവന് എന്നെ ഇഷ്ടമാണ്. എനിക്ക് തിരിച്ചും ആ ഇഷ്ടമുണ്ട്. പക്ഷെ സമൂഹം ഞങ്ങളെ ഒന്നിക്കാൻ അനുവദിക്കുന്നില്ല,’
‘അവന് എന്നോട് ആ ഇഷ്ടമുണ്ടെങ്കിൽ എനിക്ക് അവനോട് ആ ഇഷ്ടമുണ്ടെങ്കിൽ ഞാൻ അവനെ സ്വന്തമാക്കിയെടുക്കും,’ എന്നാണ് ഏയ്ഞ്ചലിൻ പറയുന്നത്. ശുപ്പൂട്ടനെ കുറിച്ചാണ് താരം പറഞ്ഞതെന്നാണ് സൂചന.എന്റെ ആദ്യത്തെ പ്രണയം രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു. അടുത്തൊക്കെ വന്ന് പതിയെ ഐ ലവ് യൂ എന്നൊക്കെ പറയും, അങ്ങനെയൊക്കെ ആയിരുന്നു. ഒരുപാട് തേപ്പ് കിട്ടിയിട്ടുണ്ട്. അങ്ങനെ തേച്ചിട്ടില്ല. ഒഴിഞ്ഞുമാറി പോയിട്ടുണ്ട് ഒരാളുടെ ജീവിതത്തിൽ നിന്ന്. എനിക്ക് അയാളുമായി ഒത്തുപോകാൻ പറ്റില്ലെന്നും ഞങ്ങൾ തമ്മിലുള്ള കണക്ഷൻ വിട്ടു പോയി എന്നും തോന്നിയപ്പോൾ ഞാൻ പതുക്കെ ഒഴിവാവുകയായിരുന്നു. അതല്ലാതെ തേപ്പ് ഒന്നും ഉണ്ടായിട്ടില്ല,’ എന്നും ഏയ്ഞ്ചലിൻ പറയുന്നുണ്ട്.
ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ ശേഷം അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ഏയ്ഞ്ചലിൻ മരിയ. കപ്പ് കിട്ടിയില്ലെങ്കിലും ഒരുപാട് ജനങ്ങളുടെ ഹൃദയം കീഴടക്കാനായി എന്നാണ് പുറത്തെത്തിയ ശേഷം ഏയ്ഞ്ചലിൻ പറഞ്ഞത്. വൈൽഡ് കാർഡ് എൻട്രിയായി ഏയ്ഞ്ചലിൻ വീണ്ടും വീടിനുള്ളിലേക്ക് എത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന പ്രേക്ഷകർ നിരവധിയുണ്ട്.