നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണ് എന്നാണോ കരുതുന്നത്; ആദിപുരുഷി’നെ വിമര്‍ശിച്ച് ഹൈക്കോടതി
രാമായണം അടിസ്ഥാനമാക്കി ഓ റൗത് സംവിധാനംചെയ്ത സിനിമ ‘ആദിപുരുഷി’നെ ചൊല്ലിയുള്ളവിവാദങ്ങള്‍ അവസാനിക്കുന്നില്ല.ആദിപുരുഷ്’ സിനിമയെ വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതിയും രംഗത്ത് എത്തി . ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയായിരുന്നു കോടതി പരിഗണിച്ചത്. സിനിമയുടെ തിരക്കഥാകൃത്തായ മനോജ് മുന്താഷിറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സിനിമയിലെ സംഭാഷണങ്ങളുടെ സ്വഭാവം തന്നെ പ്രശ്നമാണ്. രാമായണം മഹത്തരമായ ഒരു മാതൃകയായാണ് കരുതപ്പെടുന്നത്. ആളുകള്‍ വളരെ സഹിഷ്ണുതയുള്ളവരാണെന്ന് കരുതി, ഞങ്ങള്‍ ഇതിനെതിരെ കണ്ണടച്ചാല്‍ നിങ്ങള്‍ അവരെ ഇനിയും പരീക്ഷിക്കുകയില്ലേ?” എന്ന് കോടതി ചോദിച്ചു.
”ഈ സിനിമ കണ്ടതിന് ശേഷം ആളുകള്‍ നിയമം കയ്യിലെടുത്തില്ല എന്നതില്‍ സന്തോഷമുണ്ട്. വിവാദപരമായ കാര്യങ്ങള്‍ ആദ്യം തന്നെ നീക്കം ചെയ്യണമായിരുന്നു. പല രംഗങ്ങളും പ്രായപൂര്‍ത്തിയാവര്‍ മാത്രം കാണേണ്ട എ സര്‍ട്ടിഫിക്കറ്റ് കാറ്റഗറിയില്‍ പെടുന്നതാണന്ന് തോന്നുന്നു. ഇത്തരം സിനിമകള്‍ കാണുന്നത് വളരെ ദുഷ്കരമാണ്.”സിനിമയില്‍ നിന്ന് മോശം സംഭാഷണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന വാദത്തിനോടും കോടതി പ്രതികരിച്ചു. ”അതില്‍ മാത്രം കാര്യം ഇല്ല.
ദൃശ്യങ്ങള്‍ക്ക് മാറ്റം വരുന്നില്ലല്ലോ. ഇക്കാര്യത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്താണെന്നു നോക്കൂ. അതിന് ശേഷം ഞങ്ങള്‍ വേണ്ടത് ചെയ്യും.”ഒരു പക്ഷെ ഈ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയാല്‍ വികാരം വ്രണപ്പെട്ടവര്‍ക്ക് ആശ്വാസം ലഭിച്ചേക്കും.” സിനിമ തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് കൊടുത്തുവെന്ന വാദത്തോടും കോടി പ്രതികരിച്ചു. ”മുന്നറിയിപ്പ് നല്കിയ നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണ് എന്നാണോ കരുതുന്നത്.”
”ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും എല്ലാ കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?” എന്ന് കോടതി ചോദിച്ചു. അതേസമയം, കേസ് സംബന്ധിച്ച വാദം നാളെയും തുടരും.
