Malayalam
സ്‌പൈനല്‍ കോര്‍ഡില്‍ ഒരു എല്ല് വന്ന് കുത്തി നില്‍ക്കുന്നതായി കണ്ടെത്തി, ആറ് മണിക്കൂര്‍ നീണ്ട വലിയ സര്‍ജറി, മൂന്ന് മാസം കിടന്ന കിടപ്പില്‍!; ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് ഷീല
സ്‌പൈനല്‍ കോര്‍ഡില്‍ ഒരു എല്ല് വന്ന് കുത്തി നില്‍ക്കുന്നതായി കണ്ടെത്തി, ആറ് മണിക്കൂര്‍ നീണ്ട വലിയ സര്‍ജറി, മൂന്ന് മാസം കിടന്ന കിടപ്പില്‍!; ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് ഷീല
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും മലയാളി മനസുകള്‍ കീഴടക്കി. ഭാഗ്യജാതകമെന്ന ചിത്രത്തിലൂടെയായാണ് ഷീല തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായി മാറിയതോടെ മലയാളത്തിന്റെ ഭാഗ്യനായികയായി ഷീല മാറുകയായിരുന്നു.
നടി ഷീലയെ കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് പ്രത്യകിച്ച് മുഖവുര ആവശ്യമില്ല. ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയ താരത്തിന് പിന്നീട് കൈനിറയെ മികച്ച അവസരങ്ങളായിരുന്നു. ഒരു വര്‍ഷം 26 സിനിമകള്‍ ചെയ്ത താരം സിനിമയില്‍ നിന്നുമൊരു ഇടവേള എടുത്തിരുന്നു. മകന്‍ ജനിച്ചപ്പോളാണ് നടി സിനിമയില്‍ നിന്നും മാറിനിന്നിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാമായി തിളങ്ങിയ താരമായ ഷീലയ്ക്ക് പ്രേംനസീറിനൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ഉണ്ട്.
മനസിനക്കരെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ഷീല രണ്ടാംവരവ് നടത്തിയത്. ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ഷീല. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഷീല തന്റെ 77 മത് വയസിലും അഭിനയ രംഗത്ത് സജീവമാണ്. വ്യക്തിജീവിതത്തില്‍ ഏറെ വിഷമതകള്‍ നേരിട്ട വ്യക്തി കൂടിയാണ് ഷീല. തന്റെ ജീവിതത്തെ കുറിച്ച് ഷീല പലപ്പോഴും തുറന്ന് പറയാറുമുണ്ട്.
ഇപ്പോള്‍ അഭിനയത്തില്‍ പഴയത് പോലെ നിറ സാന്നിധ്യമല്ലെങ്കിലും കൃത്യമായ ഇടവേളകളില്‍, മലയാള സിനിമയുടെ മാറുന്ന കാലത്തിലെല്ലാം തന്നെ അടയാളപ്പെടുത്തുന്ന സിനിമകളില്‍ ഷീല എത്താറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അനുരാഗം എന്ന ചിത്രത്തിലൂടെ ഷീല തിരികെ വരികയാണ്. അനുരാഗത്തിന്റെ ചിത്രീകരണത്തിനിടെ വലിയൊരു അപകടവും ഷീല നേരിട്ടു. ഇതിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല തനിക്കുണ്ടായ അപകടത്തെക്കുറിച്ചും പറയുകയാണ് ഷീല.
സിനിമയില്‍ വന്നിട്ട് ഇത്രയും കൊല്ലങ്ങളായി. ഒരു സിനിമയുടെ സെറ്റില്‍ പോലും എനിക്ക് ഒരപകടവും ഉണ്ടായിട്ടില്ല, ദൈവാതീനം കൊണ്ട്. ഒന്ന് താഴെ വീഴുക പോലുമുണ്ടായിട്ടില്ല. പക്ഷെ ഈ അനുരാഗത്തില്‍ അഭിനയിക്കുമ്പോള്‍ അത് സംഭവിച്ചു. എന്റെ അവസാനത്തെ ഷൂട്ട് ഡേയായിരുന്നു. അതിനാല്‍ അവര്‍ വലിയൊരു കേക്കൊക്കെ വാങ്ങി വച്ചിരുന്നു. ജോണി ആന്റണിയുടെ ബൈക്കിന്റെ പിറകില്‍ ഞാനിരുന്ന് പോകുന്നതാണ് ഷോട്ട്. ആദ്യം വേറെ ആരെയോ വച്ചാണ് റിഹേഴ്‌സല്‍ ചെയ്തത്.
ഷോട്ട് സമയത്തായിരുന്നു ഞാന്‍ കയറി ഇരുന്നത്. വണ്ടിയെടുത്തതും ബ്രേക്ക് കിട്ടിയില്ലെന്ന് തോന്നുന്നു, വണ്ടി നേരെ എവിടെയോ പോയി ഇടിച്ചു. ഇടിച്ചുടനെ സ്റ്റണ്ട് പടത്തില്‍ ഹീറോ അടിക്കുമ്പോള്‍ വില്ലന്‍ വീഴുന്നത് പോലെ ഞാന്‍ കറങ്ങിയടിച്ച് നിലത്ത് വീണു. നല്ലകാലെ വീണത് ചെളി വെള്ളത്തിലായിരുന്നു. അതുകാരണം ഞാന്‍ രക്ഷപ്പെട്ടു. അടുത്ത റോഡിലോ റോഡ് പണിയെടുക്കാന്‍ സൈഡില്‍ കൂട്ടിവച്ചിരുന്ന കല്ലിലോ മറ്റോ ആയിരുന്നു വീണിരുന്നത് എങ്കില്‍ അന്നായിരിക്കും ഷീലയുടെ അവസാനം.
ചെളി വെള്ളത്തില്‍ വീണതു കൊണ്ട് രക്ഷപ്പെട്ടു. പെട്ടെന്ന് എഴുന്നേല്‍ക്കാനായില്ല. എല്ലാവരും ഓടി വന്ന് എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിച്ചു. ഒന്നുമില്ല ഒന്നുമില്ല എന്ന് ഞാന്‍ പറഞ്ഞു. ഡോക്ടറെ കാണാം എന്ന് നിര്‍മ്മാതാവ് പറഞ്ഞു. അങ്ങനെ അടുത്ത ഡോക്ടറെ പോയി കണ്ടു. ഡോക്ടറെ കണ്ടപ്പോള്‍ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. തിരികെ വന്ന് ആ ഷോട്ട് പൂര്‍ത്തിയാക്കി. കേക്കും മുറിച്ചു. എനിക്കപ്പോള്‍ ചെറിയ വേദനയുണ്ട്. പക്ഷെ എല്ലാവരും സന്തോഷിച്ച് നില്‍ക്കുമ്പോള്‍ നമ്മളായിട്ട് അവരെ വേദനിപ്പിക്കണ്ടെന്ന് കരുതി ഒന്നും മിണ്ടിയില്ല.
ഞാന്‍ മകനെ വിളിച്ച് ഞാന്‍ വീണ കാര്യം പറഞ്ഞു. കൊച്ചിയില്‍ നിന്നും ചെന്നൈയിലെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ മകനുമുണ്ടായിരുന്നു. നേരെ എന്നെ കൊണ്ടു പോയത് അപ്പോളോ ആശുപത്രിയിലാണ്. അവിടെ വച്ച് പരിശോധിച്ചപ്പോഴാണ് സ്‌പൈനല്‍ കോര്‍ഡില്‍ ഒരു എല്ല് വന്ന് കുത്തി നില്‍ക്കുന്നതായി മനസിലാകുന്നത്. ഉടനെ തന്നെ ഒരു സര്‍ജറി നടത്തി. ആറ് മണിക്കൂര്‍ നീണ്ട വലിയ സര്‍ജറി തന്നെയായിരുന്നു. തുടര്‍ന്ന് മൂന്ന് മാസം കിടന്ന കിടപ്പായിരുന്നു. ഇപ്പോള്‍ നോര്‍മലായി എന്നും ഷീല പറഞ്ഞു.
എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് ഷീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് മലയാളചലച്ചിത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്‌നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല തലമുറകളുടെ ഹരമായി മാറുകയായിരുന്നു.
