Malayalam
മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാൻ വരാതിരുന്നത്ട ഷീല
മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാൻ വരാതിരുന്നത്ട ഷീല
മലയാള പ്രേക്ഷകർക്ക് സിനിമ സുപരിചിതമായ കാലം മുതൽ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ മോളിവുഡിലെ ആദ്യ ലേഡീ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാം. പ്രേംനസീർ, സത്യൻ തുടങ്ങിയവരുടെ കാലം മുതൽ സിനിമയിൽ സജീവമായ ഷീല നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. നിത്യഹരിത നായകൻ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ചതിനാൽ തന്നെ ഗിന്നസ് റൊക്കോർഡും ഷീലയെ തേടി എത്തിയിരുന്നു.
എന്നാൽ നസീർ മരണപ്പെട്ടതിന് ശേഷം ഷീല നസീറിനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും വന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് ചിലർ നടിയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ അന്ന് വരാതിരുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഷീല. പ്രേം നസീറിന്റെ മുപ്പത്തിയാറാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു ഷീല സംസാരിച്ചത്.
‘മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാൻ വരാതിരുന്നത്. അന്ന് സ്വീഡനിൽ സഹോദരിയ്‌ക്കൊപ്പമാണ് ഞാൻ. സാറിന്റെ മരണവിവരം എന്നെയും അറിയിച്ചിരുന്നു. പരിശ്രമിച്ചെങ്കിൽ അവിടെ നിന്നും എനിക്ക് വരാമായിരുന്നു. പക്ഷേ അതെന്തിനെന്ന് ഞാൻ ചിന്തിച്ചു. ജീവനോടെ കണ്ട സാറിന്റെ മുഖം മനസിലുണ്ട്.അത് മതി എന്ന് ഞാൻ തീരുമാനിക്കകയായിരുന്നു എന്നും ഷീല പറയുന്നു.
ഇതിനൊപ്പം നസീറിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ഷീല പങ്കുവെച്ചിരുന്നു. കാമുകനായി എന്റെ മുന്നിലും ചെവികൾക്ക് അടുത്ത് നിന്നും ലയിച്ചു പാടുന്ന പ്രേംനസീറിനെ കണ്ടിട്ടില്ലേ? അഞ്ഞൂറിലേറെ പാട്ടുകൾ ഞങ്ങൾ പാടി അഭിനയിച്ചെങ്കിലും നസീർ സാർ ഒരു വരി പോലും പാടിയിട്ടില്ല. ചുണ്ടുകൾ അനക്കുകയേയുള്ളൂ. ഒരിക്കൽ ലൊക്കേഷനിൽ വെച്ച് നസീർ സാറിന് എക്കിൾ വന്നു. രാവിലെ ഏഴിന് തുടങ്ങിയതാണ്. പതിനൊന്ന് മണിയായിട്ടും മാറിയില്ല.
ഇടയ്ക്ക് പുറത്തുപോയ ഞാൻ അൽപ സമയത്തിന് ശേഷം തിരിച്ചു വന്നിട്ടു സാറിനോട് പറഞ്ഞു, മോൻ ഷാനവാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഞെട്ടലോടെ സാർ എഴുന്നേറ്റു. അത് കേട്ടതോടെ സാറിന്റെ എക്കിൾ മാറി. എന്റെ അമ്മ പറഞ്ഞുതന്ന വിദ്യയായിരുന്നു അത്. എക്കിൾ മാറാതെ നിൽക്കുമ്പോൾ ഞെട്ടിക്കുന്ന എന്തെങ്കിലും വിവരം പറഞ്ഞാൽ മതിയെന്ന്. പിന്നാലെ ഷാനവാസിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ പലവട്ടം പറഞ്ഞെങ്കിലും നസീർ സാറിന് പെട്ടെന്നത് ഉൾക്കൊള്ളാൻ സാധിച്ചില്ല. അദ്ദേഹം അത്രത്തോളം കുടുംബത്തെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു എന്നും ഷീല പറഞ്ഞു.
നേരത്തെ, നടി നസീറിവെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാനായ ഒരു നടൻ എന്നതിനൊപ്പം ആരുടെ കാര്യത്തിലും അനാവശ്യമായി തലയിടാത്ത എളിമയും കൃത്യനിഷ്ഠയുമുള്ള മനുഷ്യൻ കൂടിയായിരുന്നു നസീർ സാർ. ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട്. വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നുമാണ് ഷീല പറയാറുള്ളത്.
നസീർ സാർ എല്ലാ മനുഷ്യരെയും ഒരുപോലെ കണ്ടു. അവിടെ ജാതി, മതം, ഭാഷ ഭേദമൊന്നും ഉണ്ടായിരുന്നില്ല.സിനിമാ മേഖലയിൽ ജോലി ചെയ്യുമ്പോൾ എല്ലാവരെക്കൊണ്ടും നല്ലതുമാത്രം പറയിക്കുന്നത് നടക്കാത്ത കാര്യമാണ്. പക്ഷേ, മനശുദ്ധിയുള്ള പെരുമാറ്റം കൊണ്ട് നസീർ സാറിന് അത് സാധിച്ചു.അതുപോലെ നസീർ സാറിൽ നിന്ന് കണ്ടുപഠിക്കേണ്ട മറ്റു ഗുണങ്ങൾ അച്ചടക്കവും കൃത്യനിഷ്ഠയുമാണെന്നും ഷീല പറഞ്ഞിരുന്നു.
