Connect with us

‘കേരള സ്‌റ്റോറി’ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ട; വിഡി സതീശന്‍

Malayalam

‘കേരള സ്‌റ്റോറി’ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ട; വിഡി സതീശന്‍

‘കേരള സ്‌റ്റോറി’ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ട; വിഡി സതീശന്‍

സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്‌റ്റോറി’ എന്ന ചിത്രത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യമെന്ന് വി.ഡി സതീശന്‍ കുറിച്ചു.

വി.ഡി സതീശന്റെ കുറിപ്പ്;

കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്.

മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം. മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.

ഒരു കോളേജ് കാമ്പസിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാന്‍ പ്രേരിപ്പിക്കുന്നതും ഒടുവില്‍ തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനകളാണ് ട്രെയ്‌ലര്‍ തരുന്നത്. ആദാ ശര്‍മയാണ് നായികാവേഷത്തിലെത്തുന്നത്. കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു.

മതമൈത്രി തകര്‍ക്കുന്നു. തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്. കേരളത്തിനെതിരേ വിദ്വേഷപ്രചാരണം നടത്തുവെന്നാരോപിച്ച് സിനിമയ്‌ക്കെതിരേ ചെന്നൈയിലെ തമിഴ് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കിയിരുന്നു.

കേരളത്തിനെതിരേ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സിനിമയ്‌ക്കെതിരേ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനും അദ്ദേഹം പരാതിനല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായുടെ വാദം.

More in Malayalam

Trending