Actor
തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്, അജിത്ത് എന്നിവർക്കുള്ള അത്രയും ആരാധകർ നിങ്ങൾക്കില്ലല്ലോ; മറുപടി നൽകി വിക്രം, കയ്യടിച്ച് ആരാധകർ
തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്, അജിത്ത് എന്നിവർക്കുള്ള അത്രയും ആരാധകർ നിങ്ങൾക്കില്ലല്ലോ; മറുപടി നൽകി വിക്രം, കയ്യടിച്ച് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് തങ്കലാൻ. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ ട്രെയ്ലറിനും പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിച്ചത്. ഇപ്പോൾ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 15 നാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ വിക്രം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്, അജിത്ത് എന്നിവർക്കുള്ള അത്രയും ആരാധകർ നിങ്ങൾക്കില്ലല്ലോ എന്നായിരുന്നു ചോദ്യം. ഇതിന് അദ്ദേഹം നൽകിയ മറുപടിയാണ് കയ്യടികൾ നേടുന്നത്.
എന്റെ ആരാധകരെ കാണണമെങ്കിൽ തിയേറ്ററിലേക്ക് വരൂ. എല്ലാ സിനിമാ ആരാധകരും എന്റെയും ആരാധകരാണ്. ടോപ് 3, ടോപ് 4, ടോപ് 5 എന്നിങ്ങനെയുള്ള അളവ് കോലൊന്നുമില്ല. ആരാധകർ മാത്രമല്ല, സാധാരണ പ്രേക്ഷകരുമുണ്ട്. നിങ്ങളെന്തായാലും തിയേറ്ററിലേക്ക് വരുമല്ലോ. നിങ്ങളുടെ നമ്പർ എന്റെ അസിസ്റ്റന്റിനെ ഏൽപ്പിക്കാൻ മറക്കരുത്.
ഇത് കഴിഞ്ഞ് നമുക്ക് ഒന്നൂടെ സംസാരിക്കാം. ഇതേ ചോദ്യം ഒരു ദിവസം നിങ്ങൾ ആ താരങ്ങളോട് ചോദിക്കും. ഒരു പക്ഷേ, ആ ദിവസം നാളെ തന്നെയാകും എന്നുമാണ് വിക്രം മറുപടിയുമായി പറഞ്ഞത്. എന്നാൽ നിങ്ങൾ വലിയ നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു മറുപടി.
ഇതിനും വിക്രം മറുപടി നൽകി. ഞാൻ വലിയ നിലയിൽ എത്തിക്കഴിഞ്ഞു. ധൂൾ, സാമി പോലുള്ള സിനിമകൾ ചെയ്താണ് ഞാൻ ഇവിടം വരെയെത്തിയത്. അതിനപ്പുറം എന്തും ചെയ്യാം എന്ന ആലോചനയാണ് എനിക്ക് ഇപ്പോഴുമുള്ളത്. സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എങ്ങനെ എത്തിക്കാം.
എന്തുകൊണ്ട് നമുക്ക് അതു ചെയ്തുകൂടാ തുടങ്ങിയ ചിന്തകളാണ് എന്നെ നയിക്കുന്നത്. അങ്ങനെ ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാൻ സംഭവിച്ചതും വീര ധീര സൂരൻ സംഭവിക്കുന്നതും. സിനിമയെ വേറെ ഉയരങ്ങളിലേക്ക് കൊണ്ടു പോകണം. അതാണ് ലക്ഷ്യം എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പ്രേക്ഷകർ നിറഞ്ഞ കയ്യടികൾക്കൊപ്പം ചോദ്യം ചോദിച്ച വ്യക്തിയെ വിമർശിക്കുന്നുമുണ്ട്.