Actor
അന്യന് രണ്ടാം ഭാഗം എത്തുന്നു?, സൂചനയുമായി വിക്രം; ആവേശത്തിലായി ആരാധകർ
അന്യന് രണ്ടാം ഭാഗം എത്തുന്നു?, സൂചനയുമായി വിക്രം; ആവേശത്തിലായി ആരാധകർ
2005ൽ വിക്രമിനെ നായകനാക്കി ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അന്യൻ. സൈക്കോളജിക്കൽ ത്രില്ലർ ശ്രേണിയിൽപ്പെട്ട ചിത്രം ഷങ്കറിന്റെയും നടൻ വിക്രമിന്റെയും കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികകല്ലായിരുന്നു. സകല റെക്കോർഡുകളും തിരുത്തി കുറിച്ചായിരുന്നു അന്യന്റെ കുതിപ്പ്.
ഇന്നും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട ചിത്രമായ അന്യന് രണ്ടാം ഭാഗം ഉണ്ടാവുമോയെന്ന് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു വമ്പൻ സൂചന തന്നിരിക്കുകയാണ് വിക്രം. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് വിക്രം അന്യൻ സിനിമയെ കുറിച്ച് സംസാരിച്ചത്.
നേരത്തെ രൺവീർ സിങ്ങിനെ നായകനാക്കി അന്യന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ ഒരു റീമേക്ക് കാണാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു വിക്രമിനോടുള്ള ചോദ്യം. ഇതിന് ഷങ്കർ എന്നെ വെച്ച് രണ്ടാം ഭാഗം ഒരുക്കണമായിരുന്നുവെന്നാണ് വിക്രം പറഞ്ഞത്. ഇതോടെയാണ് രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
നേരത്തെ, ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിൽ നിന്ന് പിന്മാറുകയാണെന്ന് ഷങ്കർ വ്യക്തമാക്കിയിരുന്നു. അന്യന്റെ നിർമാതാവ് ആയ ഓസ്‌കാർ രവിചന്ദ്രൻ എതിർപ്പുമായി എത്തിയതോടെയാണ് ഷങ്കർ പിന്മാറിയത്. രൺവീറിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം നിർമ്മിക്കാനിരുന്നത് ജയന്തിലാൽ ഗദയായിരുന്നു. എന്നാൽ അന്ന്യന്റെ പകർപ്പവകാശം തനിക്കാണെന്നായിരുന്നു ഓസ്‌കാർ രവിചന്ദ്രൻ പറഞ്ഞത്.
മൂന്ന് കഥാപാത്രങ്ങളെയാണ് അന്യനിൽ വിക്രം അവതരിപ്പിച്ചത്. സദാ മുഹമ്മദായിരുന്നു ചിത്രത്തിൽ വിക്രമിൻറെ നായിക. ഹാരിസ് ജയരാജിൻറെ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ഇന്നും ഈ ഗാനങ്ങൾക്ക് ആരാധകർ ഏറെയാണ്. ഷങ്കറിന്റെ തന്നെ കഥയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത് സുജാത ആയിരുന്നു.
അതോസമയം, നേരത്തെ ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തെത്തിയ യന്തിരൻ, ഇന്ത്യൻ എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗം ഒരുങ്ങിയിരുന്നെങ്കിലും ആദ്യ ചിത്രങ്ങൾ പോലെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നില്ല. രണ്ട് ചിത്രങ്ങളും തിയേറ്ററിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. നിരവധി ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു.