Actress
അമേരിക്കയില്‍ അടുക്കള ജോലി വരെ ചെയ്താണ് ഞാന്‍ ജീവിച്ചത്, പിശുക്കിയാണെന്നാണ് എല്ലാവരും പറയുന്നത്, കൂടുതല്‍ തുക ചിലവാക്കുന്നത് ആഹാരത്തിന് വേണ്ടി മാത്രമാണ്; അഭിരാമി
അമേരിക്കയില്‍ അടുക്കള ജോലി വരെ ചെയ്താണ് ഞാന്‍ ജീവിച്ചത്, പിശുക്കിയാണെന്നാണ് എല്ലാവരും പറയുന്നത്, കൂടുതല്‍ തുക ചിലവാക്കുന്നത് ആഹാരത്തിന് വേണ്ടി മാത്രമാണ്; അഭിരാമി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രമായെത്തിയാണ് അഭിരാമി ശ്രദ്ധനേടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം. ടെലിവിഷന്‍ അവതാരകയായും തിളങ്ങി. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഗരുഡന്‍ ആണ് അഭിരാമിയുടെ പുതിയ ചിത്രം. ഏകദേശം നാല് വര്‍ഷത്തിന് ശേഷം അഭിരാമി അഭിനയിക്കുന്ന മലയാള സിനിമയാണിത്. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗരുഡന്‍. സുരേഷ് ഗോപിയുടെ പെയറായിട്ടാണ് അഭിരാമി ചിത്രത്തില്‍ എത്തുന്നത്. സിനിമ വിട്ട് അമേരിക്കയില്‍ പഠനത്തിന്റെ ഭാഗമായാണ് അഭിരാമി പോയത്.
ഇപ്പോഴിതാ അമേരിക്കയില്‍ താമസിച്ചിരുന്ന കാലത്തെ തന്റെ ജീവിതരീതിയെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിശുക്കിയാണ് താനെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ കൂടുതല്‍ തുക ചിലവാക്കുന്നുണ്ടെങ്കില്‍ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി പറയുന്നു. അമേരിക്കയില്‍ അടുക്കള ജോലി വരെ ചെയ്താണ് ജീവിച്ചതെന്നും അഭിരാമി പറയുന്നുണ്ട്. ‘ഞാന്‍ മിഡില്‍ ക്ലാസില്‍ വളര്‍ന്നൊരു കുട്ടിയാണ്. അവിടെ ഞാന്‍ ലൈബ്രറിയില്‍ ജോലി ചെയ്തിട്ടുണ്ട്. കിച്ചണില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷന്‍ ഓഫീസില്‍ ജോലി ചെയ്തിട്ടുണ്ട്.’
‘അന്ന് എനിക്ക് പ്രമോഷന്‍ കിട്ടി ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയില്‍ ചെയ്യാന്‍ പറ്റോ അതെല്ലാം ചെയ്യും. നാല് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കോഴ്‌സ് മൂന്നര വര്‍ഷം കൊണ്ട് ഞാന്‍ അവിടെ ചെയ്ത് തീര്‍ത്തിരുന്നു. ‘ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാന്‍ സേവ് ചെയ്തത്. ഇന്ത്യന്‍ രൂപയിലേക്ക് നോക്കുമ്പോള്‍ അത് ഒരുപാട് രൂപയാണ്’ എന്നാണ് അഭിരാമി പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭിരാമി ഇതേ കുറിച്ച് സംസാരിച്ചത്.
അതേസമയം, ഉയര കൂടുതല്‍ കാരണം തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഭിരാമി പറയുന്നുണ്ട്. ‘എന്റെ കൂടെ അഭിനയിച്ച പലരും എന്നെക്കാള്‍ ഉയരം കൂടിയവരാണ്. മലയാളത്തില്‍ കൂടെ അഭിനയിച്ചവരില്‍ എല്ലാവരും തന്നെ ഹൈറ്റ് ഉള്ളവരായിരുന്നു. അന്യ ഭാഷയില്‍ പോയപ്പോള്‍ പൊക്കം ഉള്ളവരുടെയും ഇല്ലാത്തവരുടെയും കൂടെ അഭിനയിച്ചു.
ഹൈറ്റ് എനിക്ക് അങ്ങനെ വലിയ പ്രശ്‌നമായിട്ട് തോന്നിയിട്ടില്ല. എങ്കിലും ‘അന്ത പൊണ്ണ് റൊമ്പ ടോളായിറുക്ക്ഡാ’ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ ഒന്നു രണ്ട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതും വലിയ പ്രശ്‌നമായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം’, എന്നും അഭിരാമി പറഞ്ഞു.
കരിയറിലും ജീവിതത്തിലും സന്തോഷകരമായ സമയത്തിലൂടെയാണ് അഭിരാമി ഇപ്പോള്‍ കടന്നുപോകുന്നത്. അടുത്തിടെ അഭിരാമിയും ഭര്‍ത്താവ് രാഹുല്‍ പവനനും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. കല്‍ക്കി എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ മാതൃദിനത്തിലാണ് അഭിരാമി ഈ സന്തോഷം പങ്കുവച്ചത്. കരിയറില്‍ ഒരുപിടി നല്ല അവസരങ്ങളാണ് അഭിരാമിക്ക് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
