News
തന്റെ മലയാള സിനിമാ അരങ്ങേറ്റത്തിനൊരുങ്ങി യോഗി ബാബു; എത്തുന്നത് പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രത്തില്‍
തന്റെ മലയാള സിനിമാ അരങ്ങേറ്റത്തിനൊരുങ്ങി യോഗി ബാബു; എത്തുന്നത് പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രത്തില്‍
തമിഴ് സിനിമയില്‍ ഹാസ്യ താരമായി എത്തി ഏറെ ശ്രദ്ധ നേടിയ നടനാണ് യോഗി ബാബു. ഇപ്പോഴിതാ താരം തന്റെ ആദ്യ മലയാള സിനിമാ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനത്തിലൊരുങ്ങുന്ന ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സിനിമയിലാണ് യോഗി എത്തുക.
യോഗി ചിത്രീകരണത്തിനായി എത്തിയ വിവരം വിപിന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. യോഗിയുടെ അരങ്ങേറ്റ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് പൃഥ്വിരാജും ബേസില്‍ ജോസഫുമാണ്.
വിപിനുമൊത്തുള്ള ബേസിലിന്റെ രണ്ടാം ചിത്രമാണിത്. ബേസില്‍ ജോസഫ് നായകനാകുമ്പോള്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
‘കുഞ്ഞിരാമായണ’ത്തിന്റെ സഹ തിരക്കഥാകൃത്തായ ദീപു പ്രദീപ് ആണ് പുതിയ ചിത്രത്തിന്റെയും രചന നിര്‍വ്വഹിക്കുന്നത്. ഒരു കോമഡി എന്റര്ടെയ്നര് ആയാണ് ഗുരുവായൂരമ്പല നടയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സിനിമയുടെ നര്‍മ്മ മുഹൂര്‍ത്തങ്ങളില്‍ യോഗി ബാബുവിന്റെ പ്രകടനവും ഉണ്ടാകും.
