Connect with us

നികൃഷ്ടമായ നിയമലംഘനം, അതിശക്തമായി അപലപിക്കുന്നു, നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോല്‍പ്പിക്കാന്‍ പാടുണ്ടോ?; ഡബ്യുസിസി

News

നികൃഷ്ടമായ നിയമലംഘനം, അതിശക്തമായി അപലപിക്കുന്നു, നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോല്‍പ്പിക്കാന്‍ പാടുണ്ടോ?; ഡബ്യുസിസി

നികൃഷ്ടമായ നിയമലംഘനം, അതിശക്തമായി അപലപിക്കുന്നു, നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോല്‍പ്പിക്കാന്‍ പാടുണ്ടോ?; ഡബ്യുസിസി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിനിമയിലെ വനിത കൂട്ടായ്മ ആയ ഡബ്യുസിസി. നീതി നേടിയെടുക്കാന്‍ നടിയ്ക്ക് പിന്തുണയെന്ന് ഡബ്യുസിസി അറിയിച്ചു. നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കര്‍ക്കശമായ ശിക്ഷണനടപടികള്‍ വേണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

നടിയെ മാത്രമല്ല സമാന സാഹചര്യത്തില്‍ നീതിക്കായി പോരാടുന്ന മുഴുവന്‍ സ്ത്രീകളെയും മുറിവേല്‍പ്പിച്ചിരിക്കുന്നു. നടന്നത് നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നതെന്ന് വ്യക്തമാക്കിയ വനിതകൂട്ടായ്മ നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോല്‍പ്പിക്കുന്ന നടപടി ഞെട്ടിച്ചുവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

2017 നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡില്‍ നിന്നും അതിപ്രധാന വിവരങ്ങള്‍ ചോര്‍ന്നു എന്ന സ്‌റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുമുള്ള വെളിപ്പെടുത്തല്‍ നീതിബോധമുള്ള ഏതൊരു വ്യക്തിയെയും ഞെട്ടിക്കുന്നു. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. അത് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ ഒരു സ്ത്രീയെ, അതിജീവിതയെ ഇങ്ങിനെ തോല്‍പ്പിക്കാന്‍ പാടുണ്ടോ?

കോടതി അവളുടെ മാന്യതയെ ഹനിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ കാണാന്‍ ആരേയും അനുവദിക്കില്ല’ എന്നതായിരുന്നു ഞങ്ങളുടെ വിശ്വാസം. കോടതിയുടെ സുരക്ഷയിലിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പല തവണ മാറിയിരിക്കുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍ അവളെ മാത്രമല്ല സമാന സാഹചര്യത്തില്‍ നീതിക്കായി പോരാടുന്ന മുഴുവന്‍ സ്ത്രീകളെയും മുറിവേല്‍പ്പിച്ചിരിക്കുന്നു.

അവള്‍ എഴുതിയതു പോലെ ‘ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയാണ് നീതിന്യായ വ്യവസ്ഥ.’ സന്ധിയില്ലാതെ അവള്‍ നടത്തുന്ന നിയമയുദ്ധത്തെ നീതിപീഠം കണ്ടില്ലെന്ന് നടിക്കില്ല എന്നു തന്നെ ഞങ്ങള്‍ കരുതുന്നു. ഈ നികൃഷ്ടമായ നിയമലംഘനത്തെ അതിശക്തമായി അപലപിക്കുകയും കര്‍ക്കശമായ ശിക്ഷണനടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഏറെ നിസ്സഹായതയോടെ എന്നാല്‍ പ്രത്യാശ നശിക്കാതെ പോരാടുന്ന സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അതിജീവിത തന്നെ രംഗത്തെത്തിയിരുന്നു. ‘ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!

പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്.

ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ.’ എന്നാണ് അതിജീവിത പറഞ്ഞത്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കണ്ടെത്തല്‍. അതേസമയം, കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top