Actor
പേഴ്‌സ് ആരോ അടിച്ച് മാറ്റിയെന്ന് പറഞ്ഞ് എന്നെ കള്ളനാക്കി, തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
പേഴ്‌സ് ആരോ അടിച്ച് മാറ്റിയെന്ന് പറഞ്ഞ് എന്നെ കള്ളനാക്കി, തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിഷ്ണു പ്രേക്ഷകരുമായി പങ്കിടാറുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ താരം തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ. സുഹൃത്തായ ബിബിൻ ജോർജിനൊപ്പം ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് സ്‌കൂളിൽ നിന്നും കലോത്സവത്തിൽ പങ്കെടുക്കാൻ കൊണ്ട് പോയി. എന്റെ ടീച്ചറിന്റെ ഭർത്താവിനൊപ്പമാണ് പോവുന്നത്. അദ്ദേഹം അടുത്തുള്ള മറ്റൊരു സ്‌കൂളിലെ അധ്യാപകനാണ്. ടീച്ചറിന് സമയമില്ലാത്തത് കൊണ്ട് എന്നെയും അവർക്കൊപ്പം വിട്ടതാണ്. എനിക്ക് മിമിക്രി മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് അവരുടെ എല്ലാ പരിപാടിയും കഴിഞ്ഞ് എന്റെ ഐറ്റം തീരുന്നത് വരെ കാത്തിരിക്കുകയാണ് സാറും കുട്ടികളും. ഒടുവിൽ എന്റെ ഐറ്റം കഴിഞ്ഞ് തിരികെ പോരുകയാണ്.
ട്രെയിനിന് പോകാനുള്ളത് കൊണ്ട് റിസൾട്ട് എന്തായി എന്നറിയാൻ കാത്തിരിക്കാനൊന്നും സമയം ഇല്ലായിരുന്നു. അന്ന് ഫസ്റ്റ് കിട്ടുന്ന കുട്ടികളുടെ ഫോട്ടോ മാത്രമേ എടുക്കുകയുള്ളു. എന്തായാലും റിസൾട്ട് അറിയാൻ നിൽക്കാതെ ഞങ്ങൾ തിരികെ പോന്നു. റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ ഒൻപത് മണി. ട്രെയിൻ രണ്ട് മണിക്കേ വരികയുള്ളു. അങ്ങനെ അവിടെ കാത്ത് നിൽക്കുമ്പോഴാണ് മിമിക്രിയിൽ പങ്കെടുത്ത വേറൊരു കുട്ടി വരുന്നത്.
അവനോട് റിസൾട്ട് എന്തായി എന്ന് ചോദിച്ചപ്പോൾ ഒന്നാം സ്ഥാനം ഇരുപത്തിയൊന്നാം നമ്പറിനാണെന്ന് പറഞ്ഞു. നോക്കുമ്പോൾ അതെന്റെ നമ്പറാണ്. അങ്ങനെയാണ് അതിൽ വിജയിച്ചത് ഞാനാണെന്ന് അറിയുന്നത്. ഇതോടെ വലിയ സന്തോഷത്തോടെയാണ് തങ്ങൾ ട്രെയിനിൽ കയറുന്നതെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
കാല് കുത്താൻ പോലും സ്ഥലമില്ലായിരുന്നു. ഒടുവിൽ ഞാനും എന്റെ കൂട്ടുകാരനും കൂടെ വാതിലിന്റെ സൈഡിലായി സ്ഥലം കിട്ടി അവിടെ നിന്നു. ഇടയ്ക്ക് ഒരു പ്രായമുള്ള ആള് ഞങ്ങളെ തിക്കി ഞെരുക്കി ബാത്ത്‌റൂമിലേക്ക് പോയി. തിരികെയും അതുപോലെ പോയി. പെട്ടെന്ന് അദ്ദേഹമൊരു കരച്ചിലാണ്. അദ്ദേഹത്തിന്റെ പേഴ്‌സ് ആരോ അടിച്ച് മാറ്റിയെന്ന് പറഞ്ഞാണ് കരയുന്നത്. ശേഷം അത് ഞാനാണെന്ന് പറഞ്ഞു. അന്നേ ബോഡി ഷെയിമിങ്ങിന്റെ ഏറ്റവും പീക്കായ സമയമാണെന്നും അദ്ദേഹം പറയുന്നു.
കേട്ടവരെല്ലാം എന്റെ നേരെ തിരിഞ്ഞു. ഇതോടെ ഞാനല്ല പേഴ്‌സ് എടുത്തതെന്നും ഞാനിങ്ങനെ മത്സരത്തിൽ പങ്കെടുത്ത് മടങ്ങുകയാണെന്നുമൊക്കെ പറഞ്ഞു. സ്‌കൂളിന്റെ ഐഡിന്റിറ്റി കാർഡ് വരെ കാണിച്ച് കൊടുത്തിട്ടും അവർ വിട്ടില്ലെന്നാണ് വിഷ്ണു പറയുന്നത്. തന്റെ കണ്ണൊക്കെ നിറഞ്ഞ് വരികയാണ്.
പക്ഷേ ആളുകൾ തന്റെ ശരീരം മൊത്തം പരിശോധിച്ചിട്ടും പേഴ്‌സ് കിട്ടിയില്ല. ഇവൻ ഒറ്റയ്ക്കാവില്ല, വേറെയും ആളുകളുണ്ടാവും. അതൊക്കെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവുമെന്നൊക്കെ ആളുകൾ പറയുന്നുണ്ടായിരുന്നു. എന്നാൽ പേഴ്‌സ് അയാൾ ഇരുന്നിടത്ത് നിന്നും തിരികെ കിട്ടി. ഇതോടെ എന്നെ പിടിച്ച് നിർത്തിയവരൊക്കെ വിട്ടിട്ട് പോയെന്നും വിഷ്ണു പറയുന്നു.
രാവിലെ 5 മണിക്ക് ട്രെയിൻ തൃശൂർ എത്തിയപ്പോൾ പത്രം വാങ്ങി. അതിൽ എന്റെ മത്സരഫലം ഉണ്ടായിരുന്നു. അത് താൻ അവരെ കാണിച്ച് കൊടുത്തിട്ടാണ് പോന്നത് എന്നുമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത്.
അതേസമയം, ഇന്ന് മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടാണ് വിഷ്ണുവും ബിബിനും. ബിബിൻ ജോർജിനൊപ്പം തിരക്കഥ ഒരുക്കി കൊണ്ടാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചതും വിഷ്ണുവായിരുന്നു. അരങ്ങേറ്റ സിനിമ വലിയ വിജയമായതോടെ ഇരുവരുടെയും കരിയറും ഉയരങ്ങളിലേക്ക് എത്തുകആയിരുന്നു.