Social Media
ഞാൻ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താൽ മണിയുടെ ആ സിനിമയുടെ പേരുമാറ്റി അവർ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചു; വിനയൻ
ഞാൻ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താൽ മണിയുടെ ആ സിനിമയുടെ പേരുമാറ്റി അവർ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചു; വിനയൻ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 9 വർഷങ്ങൾ പിന്നിരിക്കുകയാണ്. ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
ഇപ്പോഴിതാ മണിയുടെ ഒൻപതാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്. സിനിമയിലെ പ്രബലശക്തികളുടെ സമ്മർദ്ദത്താൽ എന്റെ മുന്നിൽ വന്നു പെടാതെ ഓടി മാറുന്ന മണിയേയും ഞാൻ അന്ന് കണ്ടിട്ടുണ്ടെന്നുമാണ് വിനയൻ പറയുന്നത്.
വിനയന്റെ കുറിപ്പ് ഇങ്ങനെ;
മണി വിടപറഞ്ഞിട്ട് ഒൻപതു വർഷം….സ്മരണാഞ്ജലികൾ…..
അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും, അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി.. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്റെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു.. വാസന്തിയും ലഷ്മിയുംപിന്നെഞാനും,കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരൻ എന്നിവ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.
മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പോരാടേണ്ടി വന്നിട്ടുണ്ട്.. സിനിമയിലെ പ്രബലശക്തികളുടെ സമ്മർദ്ദത്താൽ എന്റെ മുന്നിൽ വന്നു പെടാതെ ഓടി മാറുന്ന മണിയേയും ഞാൻ അന്ന് കണ്ടിട്ടുണ്ട്.
അതിൽ നിന്നൊക്കെ ഉണ്ടായ പ്രചോദനം തന്നെയാണ്, മണിയെക്കുറിച്ച് “ചാലക്കുടിക്കാരൻ ചങ്ങാതി” എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ആ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുകയും ആതിലൂടെ സെന്തിൽ കൃഷ്ണ എന്ന നടനെ മലയാളസിനിമയ്കു ലഭിക്കുകയും ചെയ്തു. എന്നു മാത്രമല്ല പവർഗ്രൂപ്പ് എന്ന് ഇന്നറിയപ്പെടുന്ന ഫിലിം ഇൻഡസ്ട്രയിലെ വിവരദോഷികളായ ചില സംവിധായകരും നടൻമാരും ചേർന്ന് മലയാള സിനിമയിൽ അന്നു കാട്ടിക്കൂട്ടിയ വൃത്തികേടുകളും താൻ പോരിമയും ഒരു വമ്പനേയും ഭയക്കാതെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ വിളിച്ചു പറയാനും അത് ചരിത്രത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞു എന്നത് എന്റെ ജീവിത ദൗത്യത്തിന്റെ ഭാഗമായി ഞാൻ കാണുന്നു.
മാധ്യമ സിംഹങ്ങൾ പോലും സിനിമാ പ്രമുഖക്കെതിരെ സത്യങ്ങൾ പറയാൻ ഭയന്നിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് മണി അഭിനയിക്കുന്ന ഗുണ്ട” എന്നു പേരിട്ട “ഒരു സിനിമയുടെ പൂജക്കു വിളക്കു കൊളുത്തി കൊടുക്കാനായി അതിന്റെ സംവിധായകൻ സലിം ബാവയുടെയും മണിയുടെയും നിർബന്ധപ്രകാരം ഞാൻ പോയി ആ കർമ്മം നിർവ്വഹിച്ചിരുന്നു. ഞാൻ വിളക്കു കോളുത്തി എന്ന ഒറ്റക്കാരണത്താൽ ആ സിനിമ നടത്താൻ ഇന്നും ഫെഫ്കയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ചില സംവിധായകർ അന്ന് സമ്മതിച്ചില്ല.
ആ സിനിമയുടെ പേരുമാറ്റി അവർ പറയുന്ന ആളെക്കൊണ്ടു വിളക്കു കത്തിച്ചാലെ ഷൂട്ടിംഗ് നടത്തിക്കൂ എന്നു വാശി പിടിച്ചു.. ഗത്യന്തരമില്ലാതെ ആ നിർമ്മാതാക്കൾ സിനിമയുടെ പേരുമാറ്റി “പ്രമുഖൻ” എന്നാക്കി സംവിധായകൻ ബി ഉണ്ണികൃഷ്ണനെ കൊണ്ട് പൂജ നടത്തി ഷൂട്ടിംഗ് തുടങ്ങി. എങ്ങനുണ്ട് നമ്മുടെ സാംസ്കാരിക നായകർ.. പത്തൊമ്പതാം നൂറ്റാണ്ടെന്ന എന്റെ കഴിഞ്ഞ സിനിമയിൽ ഇത്തരം തൊട്ടുകൂടായ്മയുടെ സീനുകൾ ഞാൻ കാണിച്ചിരുന്നു.
ഇന്ന് അന്നത്തേതിലും വലിയ മാടമ്പി മനോഭവമുള്ളവൻമാരുടെ ചെകിട്ടത്തടി കൊടുക്കാൻ ഒടുവിൽ സുപ്രീം കോടതി വരേണ്ടി വന്നു..
ഞാൻ വിളക്കു കൊളുത്തിയ സിനിമയുടെ പേരുപോലും മാറ്റി വേറെ പൂജ നടത്തിയെന്നു കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി… പിന്നെ കുറേ കഴിഞ്ഞപ്പോൾ ഈ മഹാൻമാരെ ഓർത്ത് ചിരിച്ചു..പക്ഷേ അപ്പോഴും മനസ്സിൽ എവിടോ ഒരു വിങ്ങൽ തോന്നി. ഈ വിളക്കു കൊളുത്തിയ ശ്രീമാൻ ഞാൻ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിൻ സെക്രട്ടറിയായി വിനയൻ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്..
ഇത്രക്കു പക മനുഷ്യനുണ്ടാകാമോ? പലർക്കും ഇതു കേട്ടാൽ വിശ്വസിക്കാൻ കഴിയില്ല അല്ലേ? ഒരു പാവം മനുഷ്യനായ ശ്രീ സലിം ബാവ സാക്ഷി ആയുണ്ട്.. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചു പറഞ്ഞ സംവിധായകൻ സലിംബാവ ഇന്നും ജീവിച്ചിപ്പുണ്ട് സുഹൃത്തുക്കളേ.. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും. അതുപോലെ ഇവരുടെ നിരവധി നീചമായ കാര്യങ്ങൾ എണ്ണിയെണ്ണി എനിക്കു പറയുവാൻ കഴിയും.
ഒന്നോർത്തു നോക്കൂ.. ഇത്രയും വൃത്തികെട്ട ഫാസിസ്ററ് രീതികൾ സിനിമയിൽ നടപ്പാക്കിയവരാണ് സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ കയറാനും അവാർഡ് കമ്മിറ്റിയിൽ കയറാനും ഒക്ക ഇന്നും കോട്ടും തൈപ്പിച്ചു നടക്കുന്നത്.. തൊഴിൽ വിലക്കെന്ന കുറ്റത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും സുപ്രീം കോടതിയും ശിക്ഷ വിധിച്ച് ഫൈൻ അടിച്ച മാന്യൻമാരെ കുറിച്ച് നമ്മുടെ സാംസ്കാരിക വകുപ്പിനാണൻകിൽ നല്ല അഭിപ്രായം ആണു താനും.. പാണനാകാൻ പറ്റാത്തതു കൊണ്ടു തന്നെ എന്നോടു വലിയ ദേഷ്യവുമുണ്ട്.
സിനിമയിലെ നന്മമരങ്ങളുടെ തനിനിറം ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ തുറന്നു കാണിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല. ആ ഞെട്ടലിന്റെ വൈരാഗ്യത്തിൽ ഇന്നും അവരുടെ പിണിയാളുകളെക്കൊണ്ട് ആ സിനിമയെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഈ വൈതാളികരുടെ എല്ലാം വായടപ്പിച്ചു കൊണ്ട് ടിവിയിൽ വന്നപ്പോൾ പോലും മഴവിൽ മനോരമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട് റിക്കോഡിട്ട ചിത്രമായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതി എന്നോർത്താൽ കൊള്ളാം.
മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി മണിയുടെ കഥ പറഞ്ഞുകൊണ്ട് അങ്ങനൊരു ചിത്രം എടുക്കാൻ കഴിഞ്ഞതിലും അതിലൂടെ പലർക്കും പൊള്ളുന്ന സിനിമയിലെ ചില അപ്രിയ സത്യങ്ങൾ പറയാൻ കഴിഞ്ഞതിലും എനിക്ക് ഏറെ അഭിമാനമുണ്ട്. ചാരിതാർത്ഥ്യമുണ്ട്.
അടിസ്ഥാന വർഗ്ഗത്തിൽ നിന്ന് ഉയർന്നു വരികയും, താനെന്നും ഒരിടതു പക്ഷക്കാരനാണന്നു വിളിച്ചു പറയുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്ന കലാഭവൻ മണിയുടെ സ്മാരകം ഇത്രയും കാലം തുടർന്നു ഭരിച്ചിട്ടു പോലും ഇടതു പക്ഷ സർക്കാരിനു പൂർത്തിയാക്കാൻ കഴിയുന്നില്ല എന്നത് ഒരു വിരോധാഭാസമായി എനിക്കു തോന്നുന്നു.. ഉടനെ അതിനൊരു പരിഹാരം ഉണ്ടാവണം എന്നഭ്യർതഥിക്കുന്നു.
