Malayalam
സിനിമയിൽ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേർ ആഗ്രഹിക്കുന്നുണ്ട്, റിപ്പോർട്ട് പുറത്തുവരാത്തതിന് പിന്നിൽ ചിലരുടെ ഭയം; വിനയൻ
സിനിമയിൽ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേർ ആഗ്രഹിക്കുന്നുണ്ട്, റിപ്പോർട്ട് പുറത്തുവരാത്തതിന് പിന്നിൽ ചിലരുടെ ഭയം; വിനയൻ
കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് വരേണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. നിർമ്മാതാവ് സജിമോൻ പറയിൽ നൽകിയ ഹർജിയെ തുടർന്നായിരുന്നു സ്റ്റേ. എന്നാൽ സജിമോൻ ഹർജിയുമായി കോടതിയിൽ പോയത് സ്വന്തം നിലയ്ക്കാണ്.
നിർമ്മാതാക്കളുടെ സംഘടനയ്ക്ക് റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല. സജിമോൻ സംഘടനയിൽ താൽക്കാലിക അംഗത്വം എടുത്തിരുന്ന വ്യക്തിയാണ് എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരമവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
സിനിമയിൽ തങ്ങളുടെ ആധിപത്യം കൈവിട്ട് പോകുമെന്ന് ചിലർ ഭയപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്തിരിക്കുന്നതെന്നും വിനയൻ പ്രതികരിച്ചു. സിനിമയിൽ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേർ ആഗ്രഹിക്കുന്നുണ്ട്. അതിന് അവർ പല മാർഗവും സ്വീകരിക്കും.
റിപ്പോർട്ട് പുറത്തുവരാത്തതിന് പിന്നിൽ ചിലരുടെ ഭയമാണ്. കുറച്ചുപേരുടെ അപ്രമാദിത്യം മലയാള സിനിമയിൽ നിലനിൽക്കട്ടെ എന്ന് സർക്കാരും കോടതിയും ചിന്തിക്കുന്നുവെങ്കിൽ സാധാരണ ചലച്ചിത്ര പ്രവർത്തകർക്ക് ഒരു രക്ഷയില്ല എന്നാണ് വിനയൻ പറഞ്ഞത്.
സജിമോൻ പാറയിലിന്റെ ഹർജിയിൽ ഒരാഴ്ച്ചത്തേയ്ക്ക് താൽക്കാലികമായി ആണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. ഇത് പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേയ്ക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട് പരിശോധിച്ച ശേഷമാണ് 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.
2017-ൽ നടിക്കെതിരെ നടന്ന ലൈം ഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല.
