Malayalam
സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഏതറ്റം വരെയും പോകും, സ്ത്രീകൾക്കെതിരെയുള്ള അ തിക്രമങ്ങൾ അവസാനിപ്പിക്കും; മന്ത്രി വീണ ജോർജ്
സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഏതറ്റം വരെയും പോകും, സ്ത്രീകൾക്കെതിരെയുള്ള അ തിക്രമങ്ങൾ അവസാനിപ്പിക്കും; മന്ത്രി വീണ ജോർജ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സർക്കാരിന്റെ നയമെന്നും സ്ത്രീകൾക്കെതിരെയുള്ള അ തിക്രമങ്ങൾ അവസാനിപ്പിക്കുമെന്നുമാണ് വീണ ജോർജ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസാധുത പരിശോധിച്ച് നടപടികൾ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഏതറ്റം വരെയും പോകും. പുതിയ സിനിമാനയം സർക്കാർ ഉറപ്പായും തയ്യാറാക്കും. ഏതൊക്കെ സ്ഥലത്താണോ സിനിമാ ഷൂട്ടിംഗ് നടക്കുന്നത് അതെല്ലാം നിയമപരിധിയിൽ കൊണ്ടുവരും. ഹേമ കമ്മിറ്റി വെളിപ്പെടുത്തലുകളും റിപ്പോർട്ടും അതീവ ഗൗരവമുള്ളതാണ്.
മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷാ സിനിമകളിലും ഇങ്ങനെയുള്ള കാര്യങ്ങൾ നിലനിൽക്കുന്നു എന്നാണ് കേൾക്കുന്നത്. ഒരു മാറ്റത്തിനാണ് കേരളം തുടക്കമിടുന്നത്. റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഡബ്ല്യൂ.സി.സി യുടെ പ്രവർത്തനം ഒരുപാട് സഹായകരമായി. ലിം ഗഭേധമന്യേ എല്ലാ താരങ്ങളുടെയും പിന്തുണ ഒരു മാറ്റത്തിനു വേണ്ടി ലഭിക്കുന്നുണ്ട്.
വലിയ മാറ്റത്തിനുള്ള ഒരു അടിസ്ഥാനമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യുന്നതിനുള്ള ഇടമാകണം സിനിമ മേഖല. ക്യാമറയ്ക്ക് പിന്നിലും സ്ത്രീ പ്രാതിനിധ്യമുണ്ട്. ക്യാമറയ്ക്ക് പുറകിൽ വനിതാ ടെക്‌നീഷ്യന്മാരും സിനിമയിലേയ്ക്ക് കടന്നു വരേണ്ടതുണ്ട്. പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധമായ കാര്യങ്ങൾ തിരുത്തപ്പെടണം.
ഇതിനായി എല്ലാവരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. സിനിമ മേഖലയിൽ ഒരു മാറ്റം ഉണ്ടായേ പറ്റുകയുള്ളൂ. ഈ ലക്ഷ്യത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം പരാമർശങ്ങൾ നടത്തുന്നത്. സിനിമ മേഖലയിലെ യഥാർത്ഥ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കും. സഹികെട്ട് ഒരു സിനിമാതാരം സിനിമ മേഖല വിട്ടുപോയി എന്ന് പറയുന്നത് കേട്ടു. എന്നും പ്രതിഭാധനരായ ആളുകൾക്ക് സ്ത്രീ പുരുഷ ഭേദമെന്യേ ഭയമില്ലാതെ സിനിമയിൽ ജോലിചെയ്യാൻ പറ്റണം. മലയാള സിനിമ മറ്റ് ഭാഷ സിനിമകൾക്ക് മാതൃകയാകണം. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിച്ചേ പറ്റൂ. നിശബ്ദരായി നിൽക്കുന്ന ഒരു വിഭാഗത്തെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
