സത്യം പറഞ്ഞാൽ ഇത് ഒട്ടും എളുപ്പമായിരുന്നില്ല; സിനിമയിലെ ഇരുപത് വർഷങ്ങളെ കുറിച്ച് തൃഷ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് തൃഷ. മണിരത്നം ചിത്രം പൊന്നിയിൻ സെൽവനാണ് തൃഷയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഇതിനോടകം തന്നെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ തൃഷ ചെയ്തു കഴിഞ്ഞു. രണ്ട് പതിറ്റാണ്ടായി തൃഷ തെന്നിന്ത്യൻ സിനിമയുടെ പ്രിയ നായികയായിട്ട്. ജെസിയും ജാനുവും തനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണെന്ന് തൃഷ തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഇരുപത് വർഷത്തെ സിനിമ ജീവിതത്തിനിടയിൽ താൻ നിരവധി സിനിമകൾ പല കാരണങ്ങൾ കൊണ്ടും വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും തൃഷ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റാങ്കി എന്ന ചിത്രമാണ് തൃഷയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം. തന്റെ 20 വർഷത്തെ സിനിമ ജീവിതത്തേക്കുറിച്ച് തൃഷ ഹിന്ദു സ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെയാണ്.
സത്യം പറഞ്ഞാൽ ഇത് ഒട്ടും എളുപ്പമായിരുന്നില്ല. വളരെയധികം അനുഗ്രഹിക്കപ്പെട്ടയാളാണെന്നാണ് ഞാനെന്നാണ് വിശ്വസിക്കുന്നത്. തീർച്ചയായും കരിയറയിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. പക്ഷേ പ്രേക്ഷകർ എന്നെ വിശ്വസിച്ചു എന്നാണെനിക്ക് തോന്നുന്നത്. എനിക്കത് അവരെ അറിയിക്കുകയും വേണം- തൃഷ പറഞ്ഞു.
നന്ദി പറയാനാണെങ്കിൽ ഒരുപാട് പേരുണ്ട്. എന്റെ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ് അങ്ങനെ എല്ലാവരോടും. ഇതിനേക്കാളുപരിയായി എനിക്കായി ഇപ്പോഴും വേഷങ്ങൾ മാറ്റി വയ്ക്കുന്ന സംവിധായകരോടും എനിക്കൊരുപാട് നന്ദിയുണ്ട്. ഗൗതം വാസുദേവ് മേനോൻ, മണി സാർ അങ്ങനെയുള്ള ചിലർ ഇപ്പോഴും അവരുടെ സിനിമകളിൽ എനിക്കൊരു വേഷം നൽകുന്നുവെന്നും തൃഷ കൂട്ടിച്ചേർത്തു.
വിജയിയ്ക്കൊപ്പവും അജിത്തിനൊപ്പവും സിനിമകൾ വരുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്ന ചോദ്യത്തിനും താരം മറുപടി നൽകി. അത് പ്രൊഡക്ഷൻ ടീമാണ് മറുപടി പറയേണ്ടത്. ഞാൻ ഈ സിനിമകൾ ചെയ്യുന്നുണ്ടോ എന്നതല്ല, അതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രൊഡക്ഷന്റെ ഭാഗത്തു നിന്നാണ് വരേണ്ടത്. ഇപ്പോൾ എനിക്ക് ഇതിലൊന്നും പറയാനാകില്ലെന്നും തൃഷ വ്യക്തമാക്കി.
വിമർശനങ്ങളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് അടുത്തിടെ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൃഷ പറഞ്ഞിരുന്നു. എപ്പോഴും നമ്മുടെ പോസിറ്റീവ് കാര്യങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ നമ്മുക്ക് ഒരിക്കലും വളരാൻ കഴിയില്ല. ജനുവിനായി വിമർശിക്കുന്നവരേയും അല്ലാതെ പറയുന്നവരേയും എനിക്ക് പെട്ടെന്ന് മനസിലാകും. എന്റെ അമ്മ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമർശക. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും അമ്മയുമാണ് ഏറ്റവും വലിയ വിമർശകർ. ഒരു കാര്യം ശരിയല്ലെങ്കിൽ, അവർക്കത് ഇഷ്ടപ്പെട്ടില്ലായെങ്കിൽ അപ്പോൾ തന്നെ അവരത് പറയും. ഞാനത് ഇഷ്ടപ്പെടുന്നുമുണ്ട്- തൃഷ പറഞ്ഞു.
