News
ലുക്കിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ച് വിക്രം; തങ്കലാന്റെ മേക്കിഗ് വീഡിയോ പുറത്ത്!
ലുക്കിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ച് വിക്രം; തങ്കലാന്റെ മേക്കിഗ് വീഡിയോ പുറത്ത്!
കഥാപാത്രത്തിന് വേണ്ടി നിരവധി മാറ്റങ്ങളും പരീക്ഷണങ്ങളും ശരീരത്തില്‍ നടത്താറുള്ള നടന്മാരില് ഒരാളാണ് വിക്രം. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള നടന് വീണ്ടും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തങ്കലാന് എന്ന ചിത്രമാണ് വിക്രമിന്റേതായി പുറത്തെത്താനുള്ള ചിത്രം.
ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്രമിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തിറക്കിയത്.
നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന് എത്തുന്നത്. രപ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാകും തങ്കലാനെന്നാണ് മേക്കിങ് വീഡിയോ നല്കുന്ന സൂചന.
വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന വിക്രം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകള്‍ മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. മലയാളി താരങ്ങളായ പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍.
പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തമിഴ് പ്രഭയാണ് തിരക്കഥാ രചനയിലെ പങ്കാളി. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
