Malayalam
നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവമായ പിന്തുണ നൽകിയവരോട് നന്ദി; തൈക്കുടം ബ്രിഡ്ജിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവമായ പിന്തുണ നൽകിയവരോട് നന്ദി; തൈക്കുടം ബ്രിഡ്ജിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ബോക്സ് ഓഫീസ് വിജയവും കൈവരിച്ച ‘കാന്താര’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്
കോപ്പിയടി വിവാദത്തിൽ അകപ്പെട്ട ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ തൈക്കുടം ബ്രിഡ്ജ് സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്.
നീതിയുടെ വിജയമെന്നാണ് തൈക്കുടം ബ്രിഡ്ജ് സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചിരിക്കുന്നത്. ‘ആമസോൺ പ്രൈം, കാന്താര എന്ന സിനിമയിൽ നിന്ന് ഞങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു! അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവമായ പിന്തുണ നൽകിയ ഞങ്ങളുടെ സംഗീത സാഹോദര്യത്തിനും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി’എന്നാണ് തൈക്കുടം കുറിച്ചിരിക്കുന്നത്.
അജനീഷ് ലോകേഷ് സംഗീതം നൽകിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയർന്ന ആരോപണം. ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. 16 കോടി രൂപയ്ക്ക് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കർണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
‘കെജിഎഫ്’ നിർമ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയുടെ നിർമാണം നിർവ്വഹിച്ചത്. റിഷഭ് ഷെട്ടിയ്ക്ക് ഒപ്പം സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തി. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.