Connect with us

23കാരി മരിച്ചത് കൊടും ചൂടില്‍ വെന്തുരുകി; വെള്ളത്തിനായി നിലവിളിച്ച് ആരാധകര്‍; ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി വിവാദത്തില്‍

News

23കാരി മരിച്ചത് കൊടും ചൂടില്‍ വെന്തുരുകി; വെള്ളത്തിനായി നിലവിളിച്ച് ആരാധകര്‍; ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി വിവാദത്തില്‍

23കാരി മരിച്ചത് കൊടും ചൂടില്‍ വെന്തുരുകി; വെള്ളത്തിനായി നിലവിളിച്ച് ആരാധകര്‍; ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി വിവാദത്തില്‍

ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ബ്രസീലില്‍ നടന്ന സംഗീതപരിപാടിക്കിടെ ആരാധിക കുഴഞ്ഞുവീണ് മരിക്കാനിടയായത് സംഘാടനത്തില്‍ വന്ന പിഴവുകൊണ്ടാണെന്ന് വിമര്‍ശനം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് റിയോ ഡി ജനീറോയില്‍ നടന്ന ടെയ്‌ലറിന്റെ സംഗീത പരിപാടി കാണാനെത്തിയ അന്ന ക്ലാര ബെനവിഡെസ് എന്ന 23കാരി ചൂട് താങ്ങാനാകാതെ തളര്‍ന്നു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബ്രസീലില്‍ ഇപ്പോള്‍ കനത്ത ചൂടാണ്. 2014നു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയാണ് ഈ മാസം 18ന് ബ്രസീലില്‍ രേഖപ്പെടുത്തിയത്. ഈ സമയത്താണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി സംഘടിപ്പിക്കപ്പെട്ടത്. ചൂട് കൂടിയ സമയത്ത് പരിപാടി നടത്തിയതും പ്രേക്ഷകരുടെ എണ്ണത്തില്‍ നിയന്ത്രണം വയ്ക്കാതിരുന്നതും സ്‌റ്റേഡിയത്തില്‍ ചൂടിനെ പ്രതിരോധിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാതിരുന്നതുമെല്ലാം അപകടകരമായ അന്തരീക്ഷം സൃഷ്ടിച്ചെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ബ്രസീലിയന്‍ കാലാവസ്ഥാ ഏജന്‍സികള്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പുകള്‍ സംഘാടകസമിതി അവഗണിച്ചെന്നും കുടിവെള്ളം പോലും വിതരണം ചെയ്തില്ലെന്നും സ്‌റ്റേഡിയത്തില്‍ വില്‍പ്പനക്കാരെ അനുവദിച്ചിരുന്നില്ലെന്നും സംഗീതപരിപാടിയില്‍ പങ്കെടുത്താനെത്തിയവര്‍ പറയുന്നു. വെള്ളവും ഭക്ഷണവും കയ്യില്‍ കരുതി വന്നവരെ അത് അകത്ത് കയറ്റാന്‍ അനുവദിച്ചില്ലെന്നും ആരോപണങ്ങളുണ്ട്.

സ്‌റ്റേഡിയത്തിലെ കനത്ത ചൂട് താങ്ങാന്‍ കഴിയാതെ പരിപാടി കാണാനെത്തിയവരില്‍ പലരും തുടക്കത്തില്‍ തന്നെ മടങ്ങിപ്പോയി. വേദിയില്‍ ടെയ്‌ലര്‍ പാടുമ്പോള്‍ സദസ്സില്‍ നിന്ന് ആരാധകര്‍ ഒഴിഞ്ഞ കുടിവെള്ളക്കുപ്പികള്‍ ഉയര്‍ത്തിക്കാണിച്ച് ദാഹിക്കുന്നുവെന്നു പറഞ്ഞ് നിലവിളിച്ചു. ഇതുകണ്ട ടെയ്‌ലര്‍ അവര്‍ക്കു വെള്ളം എത്തിച്ചുകൊടുക്കാന്‍ സംഘാടകരോട് ആവശ്യപ്പെടുകയും പാട്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

സംഗീതപരിപാടിക്കിടെ അവശരായ 77 പേര്‍ക്ക് സംഘാടകര്‍ വൈദ്യസഹായം എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. പരിപാടി കാണാനെത്തിയവരുടെ ആരോഗ്യത്തിനും ജീവനും സുരക്ഷയൊരുക്കാത്ത സംഘാടകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ടൈം ഫോര്‍ ഫണ്‍ എന്ന ഇവന്റ് കമ്പനിയാണ് സംഗീതപരിപാടി സംഘടിപ്പിച്ചത്.

അന്ന ക്ലാര ബെനവിഡെസിന്റെ വേര്‍പാടില്‍ മനം നൊന്ത് ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ ഔദ്യോഗിക പരിപാടികള്‍ മാറ്റി വച്ചിരുന്നു. ആരാധികയുടെ മരണം തന്റെ ഹൃദയത്തെ തകര്‍ത്തു കളഞ്ഞെന്നും ദുഃഖം താങ്ങാന്‍ കഴിയുന്നില്ലെന്നും ടെയ്‌ലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ആരാധകരോട് എല്ലായ്‌പ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്ന ഗായികയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം ടെയ്‌ലര്‍ വീണ്ടും പാട്ടുമായി വേദിയിലെത്തിയിരുന്നു. അന്ന ക്ലാര ബെനവിഡെസിനു വേണ്ടി ആദരഗീതം ആലപിച്ചാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് സംഗീതപരിപാടി ആരംഭിച്ചത്.

More in News

Trending

Recent

To Top