News
സുശാന്തിന്റെ മരണം കൊലപാതകം; ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നു; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആശുപത്രി ജീവിനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സുശാന്തിന്റെ മരണം കൊലപാതകം; ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നു; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആശുപത്രി ജീവിനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഏവരുടെയും പ്രിയപ്പെട്ട ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംങ് രജ്പുത്ത്. 2020 ജൂണ്‍ 14നാണ് ഏവരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരുന്നു. എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയിരുന്ന യുവനടന്റെ വിയോഗവാര്‍ത്ത ബോളിവുഡ് ലോകം മാത്രമല്ല, ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളാകെ ഞെട്ടലോടെയാണ് കേട്ടത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു.
താരത്തിന്റെ മരണം ബോളിവുഡ് സിനിമ ലോകത്ത് ഉണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ലായിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങള്‍ സിനിമ ലോകത്തിനു സംഭാവന ചെയ്തിട്ടായിരുന്നു സുശാന്ത് യാത്രയായത്. നടന്റെ മരണത്തിന് പിന്നാലെ സുശാന്ത് ആത്മഹത്യ ചെയ്തത് അല്ലെന്നും കൊലപാതകം ആണെന്നുമുളള ആരോപണം ഉയര്‍ന്നു. കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിക്കെതിരെയും ആരോപണങ്ങളുണ്ടായി. ബോളിവുഡിനെതിരെ തന്നെ ബഹിഷ്ക്കരണ ക്യാംപെയ്നുകള്‍ നടന്നു.
ആദ്യം മുംബൈ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സിബിഐ ഏറ്റെടുത്തു. സുശാന്ത് ആത്മഹത്യ ചെയ്തതാണ് എന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങി മരണം സ്ഥിരീകരിക്കുന്നു. 2021 ജൂണില്‍ സുശാന്തിന്റെ മുന്‍ അസിസ്റ്റന്‍ഡ് ആയ ദിഷ സാലിയനും മരണപ്പെട്ടിരുന്നു.
സുശാന്തിന്റെയും ദിഷയുടെയും മരണങ്ങള് തമ്മില്‍ ബന്ധമുണ്ടെന്നും ഇരുവരും കൊല്ലപ്പെട്ടതാണ് എന്നുമുളള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സുശാന്ത് മരണപ്പെട്ട് രണ്ട് വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തല്‍ പുതിയ വഴിത്തിരിവായിരിക്കുകയാണ്. രൂപ്കുമാര്‍ ഷാ എന്ന വ്യക്തിയാണ് ഇപ്പോള്‍ സമാന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. സുശാന്ത് ആത്മഹത്യ ചെയ്തത് അല്ലെന്നും കൊല്ലപ്പെട്ടതാണ് എന്നുമാണ് രൂപ്കുമാര്‍ ഷാ ടിവി 9നോട് വെളിപ്പെടുത്തിയിരിക്കുന്നത്.
സുശാന്ത് സിംഗ് രാജ്പുത് മരണപ്പെട്ട ദിവസം അഞ്ച് മൃതദേഹങ്ങളാണ് കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചത്. അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് വിഐപിയുടേത് ആയിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആരംഭിച്ചപ്പോഴാണ് അത് സുശാന്ത് ആണെന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. രണ്ട് മൂന്ന് പാടുകള്‍ അദ്ദേഹത്തിന്റെ കഴുത്തിലായിരുന്നു ഉണ്ടായിരുന്നത്, രൂപ്കുമാര്‍ ഷാ പറയുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റെക്കോര്‍ഡ് ചെയ്യണമെന്നാണ്. എന്നാല്‍ സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാത്രം എടുത്താല്‍ മതിയെന്നാണ് ഉന്നത അധികാരികളില്‍ നിന്നും ലഭിച്ച നിര്‍ദേശം. അതുകൊണ്ട് അവര്‍ പറഞ്ഞത് പ്രകാരം ഫോട്ടോകളെടുത്തു. ഞാന്‍ ആദ്യമായി സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍ ഉടനെ തന്നെ സീനിയറായിട്ടുളള ആളുകളോട് പറഞ്ഞു, കണ്ടിട്ട് ആത്മഹത്യയാണെന്ന് തോന്നുന്നില്ല കൊലപാതകമാണെന്ന്.
മാത്രമല്ല നിയമപ്രകാരം തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യണം എന്നും ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ സീനിയേഴ്സ് പറഞ്ഞത് വേഗത്തില്‍ തന്നെ ചിത്രങ്ങളെടുത്ത് ബോഡി പോലീസിന് കൈമാറാനാണ്. അതുകൊണ്ട് രാത്രി തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി, എന്നും രൂപ്കുമാര്‍ ഷാ പറഞ്ഞു. കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
നടന്റെ മരണം കൊലപാതകമാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്നാണ് രൂപ്കുമാര്‍ പറയുന്നത്. അദ്ദേഹം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സുഷാന്തിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ വ്യക്തിയാണ് രൂപ്കുമാര്‍. നടന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാര്‍ ഷായിന്റെ വെളിപ്പെടുത്തല്‍. സംഭവം രാജ്യമൊട്ടാകെ ചര്‍ച്ച ആയതോടെ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് രൂപ്കുമാര്‍.
സുശാന്ത് സിംഗ് രജ്പുതിന് നീതി ലഭിക്കണം. അദ്ദേഹത്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. രണ്ട് വര്‍ഷം മുമ്പ് ഇക്കാര്യം മിണ്ടാതിരുന്നത് ഭയം കൊണ്ടാണ്. എനിക്ക് ജീവനില്‍ ഭയം തോന്നി. എന്നാല്‍, ഇപ്പോള്‍ എനിക്കിത് പറഞ്ഞേ മതിയാകൂ. ഇക്കാര്യം തുറന്നു പറഞ്ഞതു കൊണ്ട് എനിക്ക് ഭീഷണി ഉണ്ടാകും. എന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. സിബിഐ എന്നെ വിളിച്ചാല്‍ ഞാന്‍ പോകും. എല്ലാം തുറന്നു പറയും, അദ്ദേഹത്തിന് നീതി കിട്ടണം’ എന്നാണ് രൂപ്കുമാര്‍ ഷാ എഎന്‍ഐയോട് പറഞ്ഞത്.
ഒക്ടോബറില്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡ് സിബിഐക്ക് നല്കിയ റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതിനിടെ സുശാന്തിന്റെ അച്ഛന് കെകെ സിംഗ് നടി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. സിനിമയില്‍ വളരുന്നതിന് വേണ്ടി സുശാന്തിനെ റിയ കരുവാക്കിയെന്നും സുശാന്തിന്റെ സ്വത്തിലായിരുന്നു റിയയുടെ കണ്ണെന്നും കെകെ സിംഗ് ആരോപിച്ചു. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും റിയ 15 കോടി തട്ടിയെടുത്തുവെന്നും തെറ്റായ മരുന്ന് സുശാന്തിന് നല്‍കിയെന്നും കെകെ സിംഗ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയും വിവാദത്തിലായിരിക്കുകയാണ്. സുശാന്തിന്റെ മരണശേഷം റിയയുടെ ഫോണിലേക്ക് എയു എന്ന് സേവ് ചെയ്ത നമ്പറില്‍ നിന്ന് 44 ഫോണ്‍ കോളുകളാണ് വന്നതെന്നും എയു എന്നത് ആദിത്യ താക്കറെ ആണെന്നുമാണ് ആരോപണം ഉയര്‍ന്നത്. താക്കറെ കുടുംബം മകന്റെ മരണത്തിന് പിന്നിലുണ്ടെന്നും ആദിത്യ താക്കറെ അടക്കമുളളവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും സുശാന്തിന്റെ അച്ഛന് കെകെ സിംഗ് ആവശ്യപ്പെട്ടു.
