മോദിക്കയച്ച കത്തിൽ മണിരത്നത്തിന് പങ്കുണ്ടോ ? വാർത്ത ചൂടുപിടിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി സുഹാസിനി രംഗത്ത്
49 സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ സംവിധായകന് മണി രത്നം ഒപ്പിട്ടില്ലെന്ന സംഘ പരിവാറിന്റെ പ്രചാരണം വ്യാജമാണെന്ന് മണിരത്നത്തിന്റെ ഭാര്യയും പ്രമുഖ നടിയുമായ സുഹാസിനി.
കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന തരത്തില്‍ മണിരത്നം ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് സുഹാസിനി പറയുന്നത്. വാര്‍ത്ത പങ്കുവച്ച ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ് ഹരിദാസിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു സുഹാസിനി.
മണിരത്നം എഫ്.സി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഒപ്പിട്ടിട്ടില്ല എന്ന തരത്തിലുള്ള ട്വീറ്റ് വന്നിരിക്കുന്നത്. ആ ട്വീറ്റുമായി സംവിധായകന് മണിരത്നത്തിന് യാതൊരു ബന്ധവുമില്ലെന്ന് സുഹാസിനി പറഞ്ഞു. ഹരിദാസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും സുഹാസിനി വ്യക്തമാക്കി.
അതേസമയം, സ്വരാജ്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത റീ ട്വീറ്റ് ചെയ്യുകയാണ് താന്‍ ചെയ്തതെന്ന് ഹരിദാസ് മറു ട്വീറ്റ് നൽകി . ‘ഞങ്ങള്‍ക്കറിയാം നിങ്ങള്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണെന്ന്. അതുകൊണ്ട് കത്തില്‍ മണിരത്നം ഒപ്പിട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ ദുഖം തോന്നി.’ ഹരിദാസ് ട്വീറ്റ് ചെയ്തു. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളായ സ്വരാജ്യ, ജന്മഭൂമി, ഒ.പി ഇന്ത്യ എന്നീ മാധ്യമങ്ങള്‍ മാത്രമാണ് ഈ വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മണിരത്നം ഒപ്പിട്ടിട്ടുണ്ടോ എന്ന് സുഹാസിനി വ്യക്തമാക്കുന്നില്ല.
സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് നേരത്തെ കത്തയച്ചത്. ‘ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയും രാജ്യത്ത് അസഹിഷ്ണുതയും അക്രമങ്ങളും വര്‍ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഈ മാസം 24 നാണ് 49 പ്രമുഖര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം ഇതാണ്. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ നടത്തുന്നത്. ഇതിനിടെയാണ് വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി സുഹാസിനി രംഗത്തെത്തിയിരിക്കുന്നത് .
suhasini-maniratnam- narendra modi- letter- reacts
