മകളുടെ ആ വിളി ആദ്യം കേട്ടപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാകില്ല; സോനു
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റിലെ ‘വാല്‍ക്കണ്ണാ’ടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം, നര്‍ത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു. മിക്ക പരമ്പരകളിലും നെഗറ്റീവ് വേഷങ്ങളിലാണ് എത്തിയതെങ്കിലും സോനുവിന് കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ സാധിച്ചിരുന്നു. കുഞ്ഞിന്റെ ജനന ശേഷം ഇപ്പോൾ സീരിയലിൽ നിന്നൊക്കെ ഇടവേള എടുത്തിരിക്കുകയാണ് താരം.
കഴിഞ്ഞ വർഷമാണ് സോനുവിന് പെണ്‍കുഞ്ഞ് പിറന്നത്. ഭര്‍ത്താവ് അജയ്‌ക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ അമ്മയായ വിവരം സോനു ആരാധകരുമായി പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ വന്നതോടെ അവളെ ചുറ്റിപ്പറ്റിയാണ് സോനുവിന്റെ ലോകം. മകളുടെ ചിത്രങ്ങളൊക്കെ സോനു പങ്കുവയ്ക്കാറുണ്ട്. ആത്മീയ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.
അതേസമയം, അമ്മയായതിന് പിന്നാലെ താരത്തിന് സോഷ്യൽ മീഡിയയിലൊക്കെ വലിയ രീതിയിൽ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നു. ശരീര ഭാരം കൂടിയതൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പരിഹാസം ഇതിനെതിരെ സോനു തന്നെ രംഗത്ത് വന്നിരുന്നു. ‘ഭാരം കൂടുന്നതോ ശരീരത്തിന്റെ ആകൃതി നഷ്ടമാകുന്നതോ പ്രശ്നമല്ല, കുഞ്ഞിന്റെ സൗഖ്യമാണ് ഒരമ്മയ്ക്ക് പ്രധാനം പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്കു സുഖമാണോ എന്നു ചോദിക്കൂ, അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടത്’ എന്നായിരുന്നു സോനു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം, ആ കുറിപ്പ് തനിക്ക് വേണ്ടി ആയിരുന്നില്ല. തന്നെ പോലെയുള്ള മറ്റുള്ളവർക്ക് വേണ്ടി ആയിരുന്നുവെന്ന് പറയുകയാണ് സോനു ഇപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സോനു. ‘എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാലും ബോഡി ഷെയ്മിങ് നടത്തിയാലും ഞാൻ ശ്രദ്ധിക്കില്ല. അതൊന്നുമോർത്തു വിഷമിക്കാറുമില്ല. പക്ഷേ, എല്ലാവരും അങ്ങനെയല്ല. അങ്ങനെയുള്ളവർക്കു ധൈര്യം പകരാനായിരുന്നു’ തന്റെ കുറിപ്പെന്നാണ് സോനു പറഞ്ഞത്.
വിവാഹശേഷം അഭിനയത്തിൽ സജീവമായിരുന്നെങ്കിലും കുഞ്ഞുണ്ടായാൽ പരമാവധി സമയം കുഞ്ഞിനൊപ്പം ചെലവഴിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും നടി പറഞ്ഞു. കുഞ്ഞുണ്ടായെന്ന് കരുതി വെറുതെ ഇരിക്കുകയല്ലെന്നും സോനു പറഞ്ഞു. ‘കുഞ്ഞ് ജനിച്ച ശേഷം നൃത്തത്തിൽ പിഎച്ച്ഡിക്ക് ജോയ് ചെയ്തു. തെലുങ്ക് യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ റെഗുലർ ചിഎച്ച്ഡി ചെയ്യുകയാണ്. ക്ലാസ്സിനു പോകണം, തീസിസിന്റെ തിരക്കുണ്ട്. ഒപ്പം ഡാൻസ് ക്ലാസും,’
എപ്പോഴും തിരക്കിൽ നിൽക്കുന്നവർക്കു പെട്ടെന്നുള്ള മാറ്റം പ്രശ്നമാണ്. അതുകൊണ്ടു തന്നെ നൃത്തത്തിൽ കൂടുതൽ സജീവമായി. പ്രസവത്തിന്റെ ആ മാസം മാത്രമാണു പൂർണമായി എല്ലാത്തിൽ നിന്നും വിട്ടു നിന്നതെന്നും സോനു പറഞ്ഞു. ഭർത്താവ് അജയ് കുമാറിന്റെ നാടായ ആന്ധ്രയിലാണു സോനു ഇപ്പോൾ.
ഉറപ്പായും അഭിനയത്തിലേക്ക് മടങ്ങി വരുമെന്നും താരം പറഞ്ഞു. മകൾ സ്‌കൂളിൽ പോകാൻ തുടങ്ങുന്ന സമയത്ത് അതേക്കുറിച്ച് ചിന്തിക്കാമെന്നാണ് കരുതുന്നതെന്നാണ് സോനു പറഞ്ഞത്. അമ്മയായ ശേഷം ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആണെന്നും സോനു പറഞ്ഞു. ഓരോ ദിവസവും ഉണരുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് കുഞ്ഞിനുള്ളത് എന്നൊക്കെ ആകാംക്ഷയോടെ ശ്രദ്ധിക്കാറുണ്ട്.
ഒരു കുഞ്ഞിനൊടൊപ്പം ഒരു അമ്മയും ജനിക്കുന്നു എന്നു പറയുന്നതു വെറുതേയല്ല. ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ് ഇപ്പോൾ. മകൾ ‘അമ്മ…അമ്മ…’ എന്നു പറയാൻ തുടങ്ങിയിട്ടുണ്ട്. ആദ്യം അതു കേട്ടപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാനാകില്ലെന്നും സോനു പറഞ്ഞു. അതേസമയം, നിരവധി സീരിയലുകളിൽ അഭനയിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് സോനു സതീഷ് കൂടുതൽ ശ്രദ്ധനേടുന്നത്. ആ പരമ്പരയ്ക്ക് ശേഷം 2017 ലാണ് നടി വിവാഹിതയാവുന്നത്.
