Social Media
‘എവിടെയോ എന്തോ ഛായകാച്ചല്‍’ ; ഗോള്‍ഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ വന്ന ട്രോളും പിന്നാലെ സംവിധായകൻ നൽകിയ മറുപടിയും ശ്രദ്ധ നേടുന്നു
‘എവിടെയോ എന്തോ ഛായകാച്ചല്‍’ ; ഗോള്‍ഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ വന്ന ട്രോളും പിന്നാലെ സംവിധായകൻ നൽകിയ മറുപടിയും ശ്രദ്ധ നേടുന്നു
കഴിഞ്ഞ ദിവസമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗോള്‍ഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. അല്‍ഫോണ്‍സ് തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ഇപ്പോഴിതാ, ഇതിനു പിന്നാലെ പോസ്റ്ററിന് നേരെ വന്ന ട്രോളും പിന്നാലെയുള്ള താരത്തിന്റെ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
ഹോളിവുഡ് ചിത്രമായ ‘എവെരിതിങ് എവെരിതിങ് ഓള്‍ അറ്റ് വണ്‍സി’ന്റെ പോസ്റ്ററിന്റെ അതേ പകര്‍പ്പാണ് ഗോള്‍ഡിന്റേത് എന്ന് കാണിച്ചുകൊണ്ടായിരുന്നു ആരാധകന്റെ പ്രതികരണം. ‘എവിടെയോ എന്തോ ഛായകാച്ചല്‍’ എന്നായിരുന്നു കമന്റ്. ഇതിനു അല്‍ഫോണ്‍സിന്റെ മറുപടി തന്റെ തന്നെ ‘നേരം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ്. ഇതു പോലെ തന്നെയാണ് ‘നേരം’ ചിത്രത്തിന്റെ പോസ്റ്ററും.
പ്രേമം സിനിമയ്ക്ക് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ഒടുവില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. എസ് ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
സുമംഗലി ഉണ്ണിക്കൃഷ്ണനായാണ് നയന്‍താര എത്തുന്നത്. ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഗോള്‍ഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഉള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ്’ എന്നും അല്‍ഫോന്‍സ് മുന്‍പ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ഗോള്‍ഡ്’ കൂടാതെ ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രവും അണിയറയിലാണ്.
