Social Media
ആദ്യ ഷോ കാണാന്‍ എത്തിയതാണ്… ടിക്കറ്റ് കിട്ടിയില്ല, നിരാശയുണ്ടെന്ന് വൈറൽ താരം
ആദ്യ ഷോ കാണാന്‍ എത്തിയതാണ്… ടിക്കറ്റ് കിട്ടിയില്ല, നിരാശയുണ്ടെന്ന് വൈറൽ താരം
‘ലാലേട്ടന് ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ താരമാണ് സന്തോഷ് വര്‍ക്കി. ആറാട്ടിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഓഡിയന്‍സ് റെസ്പോണ്‍സ് എടുക്കാനെത്തിയ യുട്യൂബ് ചാനലുകാരോടായിരുന്നു സന്തോഷിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തിയത്. ചിത്രം കാണാൻ കൈത്തതിന്റെ നിരാശ പങ്കുവെയ്ക്കുകയാണ് സന്തോഷ് വര്‍ക്കി.
”ആദ്യ ഷോ കാണാന്‍ എത്തിയതാണ്. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ല നിരാശയുണ്ട്. സിനിമ കാണും, അഭിപ്രായം പറയും. മമ്മൂട്ടി തകര്‍ക്കും” എന്നാണ് സന്തോഷ് പറഞ്ഞത്.
ബിഗ് സ്ക്രീനില്‍ കാഴ്ച വിരുന്ന് സമ്മാനിച്ചു കൊണ്ട് ഭീഷ്മ പര്‍വം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.ആരാധകരെ ആവേശത്തിലാക്കുന്ന മികച്ച തിയേറ്റര്‍ അനുഭവമാണ് ഭീഷ്മ പര്‍വം സമ്മാനിക്കുന്നത്. മമ്മൂട്ടിയുടെ ഒറ്റയാള്‍ പോരാട്ടവും അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് പ്രശംസിക്കപ്പെടുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.
അതേസമയം ഫെയ്സ്ബുക്കില്‍ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്. ആദ്യ പ്രദര്‍ശനത്തിന് ശേഷം സിനിമയിലെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെയാണ് സംവിധായകന് രംഗത്തെത്തിയത്. സിനിമയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തരുതെന്ന് പ്രേക്ഷകരോട് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്നിച്ചാണ് ഞങ്ങള്‍ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളില്‍ കാണണമെന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അമല്‍ നീരദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. തിയേറ്ററുകളില്‍ വന്ന് ചിത്രം ആസ്വദിക്കൂവെന്നും അമല്‍ നീരദ് പ്രേക്ഷകരോട് പറഞ്ഞു.
