അഞ്ഞൂറാനെ പോലെ ഒരു കഥാപാത്രത്തെ പരീക്ഷിക്കാന്‍ കഴിയില്ലായിരുന്നു…. സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തൽ
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ. ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്
സിനിമ പുറത്തിറങ്ങിയിട്ട് 30 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സിനിമ ഗ്രൂപ്പുകളില്‍ എല്ലാം ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നാണിത്.
തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച ഗോഡ്ഫാദർ ആ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രം കൂടിയാണ്. കേരളക്കരയിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടി ചരിത്രമായ സിനിമയാണ്. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിനിമ കരസ്ഥമാക്കിയിരുന്നു.
നാടകാചാര്യൻ എൻ എൻ പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകൻ, ജഗദീഷ്, ഇന്നസെന്റ്, കെപിഎസി ലളിത, ശങ്കരാടി, ഭീമൻ രഘു തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പുറത്തിറങ്ങി മുപ്പത് വർഷങ്ങൾക്കിപ്പുറവും ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെയിടയിൽ. അഞ്ഞൂറാനും മക്കളായ ബലരാമന്, പ്രേമചന്ദ്രന്, സ്വാമിനാഥന്, രാമഭദ്രന് എതിരാളികളായ ആനപ്പാറയിലെ അച്ഛമ്മയും കുടുംബവും അങ്ങനെ എല്ലാവരും ഇന്നും മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്, ഒരുപാട് ചിരിപ്പിച്ച കരയിപ്പിച്ച അംഗങ്ങള്‍. ചിത്രത്തിലെ ഓരോ കഥാപത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ചിത്രത്തിന്റെ സംവിധായകനായ സിദ്ദീഖ് ഇപ്പോള്‍ പുതിയ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സിനിമയില്‍ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു അഞ്ഞൂറാന്. എന്‍ എന്‍ പിള്ള തകര്‍ത്താടിയ ഈ കഥാപാത്രം ചെയ്യാന്‍ നടന് എന്‍. എഫ്. വര്‍ഗീസ് ആഗ്രഹിച്ചിരുന്നു എന്നാണ്.
ആ കഥാപാത്രം നല്‍കാത്തതില്‍ അദ്ദേഹത്തിന് തങ്ങളോട് പരിഭവം ഉണ്ടായിരുന്നതായും സിദ്ദീഖ് പറയുന്നു. എന്നാല്‍ അഞ്ഞൂറാനെ പോലെ ഒരു കഥാപാത്രത്തെ പരീക്ഷണത്തിന് വിധേയമാക്കാന്‍ കഴിയില്ലായിരുന്നു. വര്‍ഗീസ് ചെയ്തിരുന്നെങ്കില്‍ ചിത്രം ഫ്ളോപ്പാകുമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. ഒരു നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യം പറഞ്ഞത്.
‘വര്‍ഗീസ് മരിച്ച് പോയി. ഇപ്പോള്‍ പറയാന്‍ പാടില്ലാത്തതാണ് എന്നാലും പറയുകയാണ്. വര്‍ഗീസിന് ഞങ്ങളോട് പരിഭവമുണ്ടായിരുന്നു. അഞ്ഞൂറാന് എന്ന കഥാപാത്രമായി വര്‍ഗീസിന് അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ അത് ഏറ്റവും വലിയ ഒരു ഫ്ളോപ് ആയി മാറിയേനെ. അഞ്ഞൂറാനെ പോലെ ഒരു കഥാപാത്രത്തെ പരീക്ഷിക്കാന്‍ കഴിയില്ലായിരുന്നു,’
‘അത് പറഞ്ഞാല്‍ മനസിലാവില്ല. എന്‍. എന്‍. പിള്ളയ്ക്ക് പകരം മറ്റൊരാളെ ഇപ്പോഴും ചിന്തിക്കാനാവില്ല. വര്‍ഗീസ് ഇന്ന് ഉണ്ടായിരുന്നെങ്കിലും അഞ്ഞൂറാനായി അഭിനയിക്കാന്‍ പറ്റില്ല. പറഞ്ഞാല്‍ മനസിലാവണ്ടേ. ആ ക്യാരക്ടര്‍ നമ്മുടെ മനസിലല്ലേ ഉള്ളത്,’
‘കഥാപാത്രത്തിന്റെ ഡെപ്ത്ത് എന്താണെന്നും അയാളുടെ പവര്‍ എന്താണെന്നും ഒക്കെ നമ്മുടെ മനസിലാണുള്ളത്. അത് അവര്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. അതാണ് പലപ്പോഴും അവര്‍ നമ്മളോട് പരിഭവം പറയുന്നത്,’ എന്നാണ് സിദ്ദീഖ് അഭിമുഖത്തില്‍ പറഞ്ഞത്.
മലയാളത്തില്‍ അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടന് ആയിരുന്നു എന്‍ എഫ് വര്‍ഗീസ്. സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിലെ തിരക്കഥയില്‍ ഒരുങ്ങി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പപ്പന് പ്രിയപ്പെട്ട പപ്പന് എന്ന സിനിമയില്‍ വളരെ ചെറിയ വേഷത്തില്‍ അഭിനയിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.
അഞ്ഞൂറാൻ എന്ന പേര് ചിത്രത്തിൽ കടന്ന് വന്നതിന് പിന്നിലുമൊരു കഥയുണ്ട്. തിരക്കഥ എഴുതുമ്പോള്‍ സംവിധായകന് സിദ്ദിഖിന്റെ ശീലമാണ്. മലയാള നിഘണ്ടു ശബ്ദതാരാവലി എപ്പോഴും അടുത്ത് വച്ചിരിക്കും. ഇടയ്ക്കിടയ്ക്ക് എഴുതി മുഷിയുമ്പോള്‍ മുന്നേ പോയവര്‍ എഴുതിവച്ച വാക്കുകള്‍ വെറുതെ ഒന്ന് പരതി നോക്കും. അങ്ങനെ ശബ്ദതാരാവലിയുടെ ഏടുകള്‍ മറിച്ചപ്പോഴാണ് ‘അഞ്ഞൂറ്റിക്കാര്‍’ എന്ന വാക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അര്‍ഥം നോക്കിയപ്പോള്‍ സെന്റ് തോമസ് കേരളത്തില്‍ വന്ന് ആദ്യമായി അഞ്ഞൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി. അവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്. ഈ വാക്കില്‍ ഒരു രസം കണ്ടെത്തി തിരക്കഥയിലേയ്ക്ക് മുഴുകിയപ്പോള്‍ അഞ്ഞൂറാൻ എന്ന പേര് കയറി വന്നു.