Malayalam
അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ;ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഉറപ്പായിരുന്നു,ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകൻ സിദ്ദീഖ്..
അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ;ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഉറപ്പായിരുന്നു,ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകൻ സിദ്ദീഖ്..
ഗോഡ് ഫാദറിലെ ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.ആ വേഷം അഭിനയിച്ച് തകർത്ത ഫിലോമിന ചേച്ചിയേയും.സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ 1991-ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദര്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.
തെറി വിളിക്കുന്ന,കലഹിക്കുന്ന, പോരിന് വിളിക്കുന്ന, ‘സംസ്കാരമില്ലാത്ത സ്ത്രീ’ എന്ന് വിളിച്ച് കളിയാക്കുന്നവരുടെ മുന്നിലേക്ക് തന്റേടത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ഫിലോമിന എത്തിയത്. ഫിലോമിന വിടപറഞ്ഞ് 14 വര്‍ഷങ്ങള്‍ തികയുമ്പോള്‍ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകരിലൊരാളായ സിദ്ദീഖ്.
സിദ്ദീഖിന്റെ വാക്കുകള്‍…
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണല്ലോ ഗോഡ്ഫാദറിന്റെ പ്രമേയം. ഒരു കുടുംബം ഭരിക്കുന്നത് പുരുഷനും മറ്റൊരാള്‍ സ്ത്രീയും. വളരെ ശക്തരായ രണ്ടു കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കേണ്ടത്, അതിന് മികച്ച രണ്ട് ആര്‍ട്ടിസ്റ്റുകളും വേണം. കഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ ആനപ്പാറ അച്ചാമ്മയുടെ കഥാപാത്രത്തിന് എന്റെ മനസ്സില്‍ തെളിഞ്ഞ മുഖം ഫിലോമിന ചേച്ചിയുടേതായിരുന്നു. ഫിലോമിന ചേച്ചിയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് സത്യത്തില്‍ അങ്ങനെ ഒരു കഥാപാത്രത്തിന് രൂപം കൊടുത്തത് എന്ന് തന്നെ പറയാം. സാമാന്യ ബുദ്ധിയുള്ള സ്ത്രീയല്ല ആനപ്പാറ അച്ചാമ്മ, വളരെ കര്‍ക്കശ്ശക്കാരിയായ, തന്റേടിയായ, ധാര്‍ഷ്ട്യമുള്ള സ്ത്രീയാണ്. അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. വൈരാഗ്യം തീര്‍ക്കാനുള്ള വാശിയായാണ് ആനപ്പാറ അച്ചമ്മയെ ഭരിക്കുന്നത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കില് അപാരമായ കഴിവുള്ള ഒരു നടി തന്നെ അഭിനയിക്കണം. ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് ഫിലോമിന ചേച്ചിയോട് ഈ കഥ ഞാന്‍ പറയുന്നത്. കഥ കേട്ടപ്പോള്‍ ഫിലോമിന ചേച്ചി പറഞ്ഞു ”മോനേ ഇത് ഞാന്‍ തന്നെ ചെയ്യു”മെന്ന്. മോനേ… എന്നാണ് ചേച്ചി എല്ലാവരെയും വിളിച്ചിരുന്നത്.
അമേരിക്കന്‍ അമ്മായി എന്ന ചിത്രത്തില്‍ ഫിലോമിന
പ്രമേഹ സംബന്ധമായ രോഗത്തെ തുടര്‍ന്ന ചേച്ചി അവശത അനുഭവിക്കുന്ന കാലത്താണ് ഞാന്‍ ഈ കഥ പറയുന്നത്. ശാരീരിക അവശതകള്‍ മറന്നാണ് ചേച്ചി അഭിനയിക്കാനെത്തിയത്. സിനിമയില്‍ ഒരു രംഗമുണ്ട്, പേരക്കുട്ടിയുടെ വിവാഹം മുടങ്ങിയെന്നറിഞ്ഞ അച്ചാമ്മ അഞ്ഞൂറാനെ കൊല്ലാന്‍ തോക്കുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്നു. തടിമാടന്മാരായ മക്കള്‍ അച്ചാമ്മയെ തടഞ്ഞു നിര്‍ത്തുന്നു. തോക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന മക്കളെ അച്ചാമ്മ ഒറ്റയ്ക്ക് എതിരിടുന്നു. ഒടുവില്‍ തളര്‍ന്ന് വീഴുന്നു. എന്നിട്ടും അച്ചാമ്മ തോക്കില്‍ നിന്ന് പിടിവിടുന്നില്ല. ആ സീന്‍ എടുത്തപ്പോള്‍ ശാരീരിക അവശകതകള്‍ കാരണം ഫിലോമിന ചേച്ചി ശരിക്കും കുഴഞ്ഞു വീണു. എല്ലാവരും ഓടിച്ചെന്ന് ചേച്ചിയെ എടുത്തു കിടത്തി. ഏകദേശം ഒരു ദിവസം വിശ്രമിച്ചതിന് ശേഷമാണ് ചേച്ചി വീണ്ടും അഭിനയിച്ചത്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ചേച്ചി എന്നോട് പറഞ്ഞു, ”എന്റെ മോനേ, നമ്മള് വളരെ കഷ്ടപ്പെടുത്ത് എടുത്ത സീനാണെങ്കിലും അതിന്റെ ഫലം കണ്ടു.”
ഗോഡ് ഫാദറിന് ശേഷം വിയറ്റ്നാം കോളനി എന്ന സിനിമയിലേക്കാണ് പിന്നീട് ഞാന്‍ ഫിലോമിന ചേച്ചിയെ വിളിക്കുന്നത്. ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രത്തെയാണ് ഫിലോമിന ചേച്ചി അവതരിപ്പിച്ചത്. ഗോഡ് ഫാദറിലെ അച്ചാമ്മയില്‍ നിന്ന് ഏറെ വ്യത്യസ്തമായ നിഷ്കളങ്കയായ അമ്മവേഷമാണ് വിയറ്റ്നാം കോളനിയിലേത്. കോളനിയുടെ അവകാശിയാണെങ്കിലും മകനാല്‍ ഉപേക്ഷിക്കപ്പെട്ട് അവിടെ അഭയാര്‍ഥിയെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു ഉമ്മ. വളരെ ഗംഭീരമായാണ് ഫിലോമിന ചേച്ചി അവതരിപ്പിച്ചത്. മരിക്കുന്നത് വരെ ചേച്ചി പറയുമായിരുന്നു, എന്റെ കരിയറിലെ രണ്ടു മികച്ച കഥാപാത്രങ്ങള്‍ ആനപ്പാറ അച്ചാമ്മയും സുഹറാ ബായിയും ആണെന്ന്. ഇനിയും ഇതുപോലുള്ള നല്ല വേഷങ്ങള്‍ നല്‍കണമെന്ന് ചേച്ചി പറയുമായിരുന്നു. എന്നാല്‍ അത് സാധിക്കും മുന്‍പ് മരണം കൂട്ടിക്കൊണ്ടു പോയി.
സിനിമയിലെ ഫിലോമിന ചേച്ചി വില്ലനും കുശുമ്പി തള്ളയുമൊക്കെയാണ്. എന്നാല്‍ ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല. അവര്‍ വളരെ സ്വീറ്റ് ആയിരുന്നു. കടുപ്പിച്ചൊരു വാക്കു പോലും പറയാത്ത, എല്ലാവരോടും നന്നായി സംസാരിക്കുന്ന, സ്നേഹമുള്ള, നന്നായി ഇടപഴകുന്ന വ്യക്തിയായിരുന്നു അവര്‍. എന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് പ്രമേഹം കൂടി ചേച്ചിയുടെ രണ്ടു കാല് വിരലുകള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ശാരീരിക അവശതകള്‍ അനുഭവിക്കുന്ന സമയത്തും സെറ്റില്‍ കൃത്യസമയത്ത് എത്തുമായിരുന്നു. സംഭാഷണങ്ങളെല്ലാം കുത്തിയിരുന്ന് പഠിക്കുന്നത് ഞങ്ങള്‍ കാണാറുണ്ട്.
ഫിലോമിന, സുകുമാരി, ശങ്കരാടി… ഇവരെപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ വിട പറഞ്ഞതോടെ ഞങ്ങള്‍ക്ക് കോമഡി എഴുതാന്‍ ധൈര്യമില്ലാതായി. ഇന്നത്തെ സംവിധായകര്‍ അതിന് മുതിരാറുമില്ല. മാത്രവുമല്ല ഇപ്പോഴത്തെ സിനിമയില്‍ അമ്മയും അമ്മൂമ്മയും അപ്പൂപ്പനുമൊക്കെ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. സുഡാനി ഫ്രം നൈജീരിയയിലാണ് ഈയടുത്ത് മികച്ച രണ്ട് അമ്മ വേഷങ്ങള്‍ കണ്ടത്.
siddique about actress philomena
