Malayalam
അഭിനയം ദൈവത്തിന്റെ വരദാനമായി ലഭിച്ച പെണ്‍കുട്ടിയാണ്. അതില്ലാത്തൊരു ജീവിതം മഞ്ജുവിന് ഉണ്ടാകില്ല; വീണ്ടും വൈറലായി സിബി മലയില്‍ പറഞ്ഞ വാക്കുകള്‍
അഭിനയം ദൈവത്തിന്റെ വരദാനമായി ലഭിച്ച പെണ്‍കുട്ടിയാണ്. അതില്ലാത്തൊരു ജീവിതം മഞ്ജുവിന് ഉണ്ടാകില്ല; വീണ്ടും വൈറലായി സിബി മലയില്‍ പറഞ്ഞ വാക്കുകള്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.
സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും.
മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. നടിയുടെ അഭിനയമികവിനെ കുറിച്ച് പലരും വാചാലരായിട്ടുണ്ട്.
ഇപ്പോഴിതാ ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ദൈവം നല്‍കിയ പ്രത്യേക കഴിവാണ് മഞ്ജുവിന്റെ അഭിനയ മികവെന്ന് ഇദ്ദേഹം അന്ന് പറഞ്ഞു. അപൂര്‍വമായ സിദ്ധിയാണ് മഞ്ജുവിന്. സല്ലാപം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ആദ്യമായി അറ്റന്‍ഡ് ചെയ്തത് ഞാനാണ്. സമയക്കുറവ് കാരണം ലോഹിയും ഉണ്ണിയും എന്നെ വിളിച്ച് പറയുകയായിരുന്നു. ഡബ്ബിംഗ് കണ്ടപ്പോള്‍ തന്നെ ഞാന്‍ അത്ഭുതപ്പെട്ട് പോയി.
എന്ത് അഭിനയ സിദ്ധിയാണ് ഈ കുട്ടിക്കെന്ന് ചിന്തിച്ചു. ശ്രീജയാണ് അന്ന് ഡബ് ചെയ്യുന്നത്. മഞ്ജു വളരെ നന്നായി മോഡുലേറ്റ് ചെയ്ത് സംസാരിക്കുന്നുണ്ട്. എന്തിനാണ് വേറെ ഒരാളെ വെച്ച് ഡബ് ചെയ്യിക്കുന്നതെന്ന് ഞാന്‍ വിളിച്ച് ചോദിച്ചു. അന്ന് അവര്‍ക്കൊരു ആത്മവിശ്വാസക്കുറവുണ്ട്. സല്ലാപത്തിന്റെ നൂറാം ദിവസം ആഘോഷത്തിന് എല്ലാവരും കൂടിച്ചേര്‍ന്നു. ലോഹിയും ഞാനും മഞ്ജുവും നില്‍ക്കവെ ലോഹി മഞ്ജുവിനോട് പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.
നീ അഭിനയത്തിനായി ഉഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണ്, നിനക്ക് മറ്റൊരു ജന്മമില്ലെന്നാണ് ലോഹി പറഞ്ഞത്. ശരിക്കും വാസ്തവമാണ്. അങ്ങനെ ചില സൃഷ്ടികളുണ്ട്. പ്രത്യേക ദൗത്യത്തിനായി സൃഷ്ടിക്കപ്പെട്ടത്. അഭിനയം ദൈവത്തിന്റെ വരദാനമായി ലഭിച്ച പെണ്‍കുട്ടിയാണ്. അതില്ലാത്തൊരു ജീവിതം മഞ്ജുവിന് ഉണ്ടാകില്ല. മഞ്ജുവെന്ന നടിയെ അടുത്ത് നോക്കിക്കണ്ട ആളെന്ന നിലയില്‍ എനിക്കങ്ങനെ കാണാനാണ് ഇഷ്ടമെന്നും സിബി മലയില്‍ അന്ന് വ്യക്തമാക്കി.
മഞ്ജു വാര്യര്‍സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടാം വരവില്‍ മലയാളവും കടന്ന് തമിഴകത്ത് സജീവ സാന്നിധ്യമാവുകയാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി.
മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.
അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു. ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മനു ആനന്ദ് ആണ് ഈ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവര്‍ മഞ്ജുവിനൊപ്പം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170.
