അത്രയധികം പേടിപ്പെടുത്തിയ ഒരു ഡാന്‍സ് പെര്‍ഫോമന്‍സായിരുന്നു അത്; മണിച്ചിത്രത്താഴിലെ ഡാന്‍സിന് പിന്നിലെ കഥ പറഞ്ഞ് ശോഭന
സംവിധായകന്‍ ഫാസില്‍ മലയാളികള്‍ക്ക് മണിച്ചിത്രത്താഴ് സമ്മാനിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു. എങ്കിലും, പ്രായഭേദമന്യേ ഇന്നും എല്ലാവരും കണ്ട് ആസ്വദിക്കുന്ന സിനിമയാണത് എന്നതില്‍ രണ്ടഭിപ്രായമില്ല. 1993 ഡിസംബര്‍ 23ന് റിലീസ് ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറായ മണിച്ചിത്രത്താഴ് ശോഭന, തിലകന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ് എന്ന് തുടങ്ങി വന്‍ താര നിരകൊണ്ട് തന്നെ സമ്പന്നമായിരുന്നു. ചിത്രത്തില്‍ നാഗവല്ലിയായും ഗംഗയായിട്ടുമൊക്കെ അഭിനയിച്ച ശോഭന കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തിയിരുന്നു. ഇത് എണ്ണയൊഴിച്ച തറയില്‍ നിന്നിട്ടാണെന്നാണ് നടിയിപ്പോള്‍ പറയുന്നത്.
ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. സിനിമ ഇറങ്ങിയിട്ട് മുപ്പത് വര്‍ഷമാവാന്‍ പോവുകയാണ്. ഈ കാലത്തിനിടയില്‍ സിനിമയെ കുറിച്ച് പറഞ്ഞ ഓരോ കാര്യങ്ങളും വൈറലായി മാറാറുണ്ട്. അത്തരത്തിലാണ് മണിച്ചിത്രത്താഴിലെ ഒരു നൃത്ത രംഗത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് ശോഭന തന്നെ രംഗത്ത് വന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ അതേ പാട്ടിന്റെ നൃത്ത ചുവടുകള്‍ തന്റെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നൊരു വീഡിയോ കൂടി ശോഭന പങ്കുവെച്ചിരിക്കുകയാണ്.
മണിച്ചിത്രത്താഴിലെ പ്രശസ്തമായ ആ ഗാനം നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതില്‍ നവരാത്രി മണ്ഡപമാണ് അതില്‍ കാണിക്കുന്നത്. കറുത്ത നിറത്തിലെ തറ അത്രയധികം തിളങ്ങി നില്‍ക്കുന്നതാണ് സിനിമയിലുള്ളത്. സത്യത്തില്‍ ആ തറ എണ്ണ കൊണ്ടാണ് ക്ലീന്‍ ചെയ്തിരിക്കുന്നത്. അതിന് മുകളില്‍ നിന്നുമാണ് ഞാനും ശ്രീധര്‍ ജിയും ഡാന്‍സ് കളിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്രയധികം പേടിപ്പെടുത്തിയ ഒരു ഡാന്‍സ് പെര്‍ഫോമന്‍സായിരുന്നു അതെന്നുമാണ്’, ശോഭന പറയുന്നത്.
മലയാളത്തിലെ ഏറ്റവും ക്ലാസിക് ചിത്രമായിട്ടാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. അതിലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന് തുടങ്ങുന്ന ഗാനരംഗത്തെ കുറിച്ചായിരുന്നു ശോഭനയിപ്പോള്‍ മനസ് തുറന്നത്. നാഗവല്ലി എന്ന നര്‍ത്തകിയാണെന്ന് സങ്കല്‍പ്പിച്ച് ഗംഗ നൃത്തം ചെയ്യുന്നതും മഹാദേവനാണെന്ന് പറഞ്ഞ് നടന്‍ ശ്രീധര്‍ ഒപ്പം ചേര്‍ന്ന് ഡാന്‍സ് ചെയ്യുന്നതുമൊക്കെ ഇന്നും ശ്രദ്ധേയമാണ്. കിടിലന്‍ പെര്‍ഫോമന്‍സെന്ന് ഒറ്റ വാക്കില്‍ പറയാവുന്ന പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്.
എന്നാല്‍ എണ്ണയുള്ള തറയില്‍ നിന്നും ഇത്രയും മനോഹരമായി നൃത്തം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്നും ഞങ്ങളുടെ മനസില്‍ ഗംഗയും നാഗവല്ലിയുമൊക്കെ കുടികൊള്ളുന്നുണ്ടെന്നും ശോഭന എന്ന നടിയെ ഓര്‍മ്മിക്കാന്‍ ഇതില്‍ കൂടുതല്‍ വേറെന്ത് വേണമെന്നുമൊക്കെ ചോദ്യങ്ങള്‍ ഉയരുകയാണ്.
മണിച്ചിത്രത്താഴിലെ ‘വരുവാനില്ലാരുമീ ഈ വിജനമാം..’ എന്ന് തുടങ്ങുന്ന പാട്ടാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് അടുത്തിടെ ശോഭന പറഞ്ഞിരുന്നു. വീണ്ടും സിനിമ കണ്ടതോടെയാണ് തനിക്ക് ആ ഇഷ്ടം വന്നതെന്നും ആ ഗാനത്തില്‍ താന്‍ മുഴുകി പോയെന്നുമൊക്കെ നടി പറഞ്ഞിരുന്നു.നിലവില്‍ നൃത്ത വിദ്യാലയം നടത്തി അതിന്റെ തിരക്കുകളിലാണ് നടി ശോഭന. പലപ്പോഴും നൃത്ത വിദ്യാലയത്തെ കുറിച്ചും അവിടെ നിന്നുള്ള ഡാന്‍സ് പെര്‍ഫോമന്‍സുകളുമാണ് നടി പങ്കുവെക്കാറുള്ളത്. ഒപ്പം നിരവധി സ്റ്റേജ് പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്.
എന്നാല്‍ ശോഭന വീണ്ടും അഭിനയത്തില്‍ സജീവമാവണമെന്നും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയെങ്കിലും പിന്നെയും ശോഭന അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.
