‘താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് അവരെ നശിപ്പിക്കുന്നത് തുല്യം, ആവശ്യത്തിന് കാശ് കൊടുത്താല്‍ മതി. കോടിക്കണക്കിന് കാശ് കൊടുക്കാന്‍ മാത്രം എന്താണ് ചെയ്യുന്നത്’; ഷൈന്‍ ടോം ചാക്കോ
സിനിമ മേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഒരു സിനിമ നന്നായാലും മോശമായാലും അതിന്റെ എല്ലാ ഗുണവും അഭിനേതാക്കള്‍ക്കാണെന്ന് ഷൈന്‍ പറഞ്ഞു. താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് അവരെ നശിപ്പിക്കുന്നത് തുല്യമാണെന്നും ഷൈന്‍ പറയുന്നു.
നടന്റെ പുതിയ സിനിമയായ മഹാറാണിയുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘പടം നന്നായാലും മോശമായാലും അതില്‍ അഭിനയിക്കുന്നവര്‍ക്ക് മാത്രമാണ് ഗുണം. ഒരുപാട് വര്‍ക്കേഴ്‌സ് ഒരു സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നുണ്ട്. ഒരു ഹിറ്റ് ഉണ്ടാകുന്നത് ഒരാളില്‍ നിന്ന് മാത്രമല്ല. അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നത് താരങ്ങള്‍ തന്നെയാണ്.
വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ ഒരു നൂറ് രൂപ പോലും കിട്ടുന്നില്ല. സംവിധായകരും അഭിനേതാക്കളും മാത്രമല്ല വേറേയും ഒരുപാട് പേരുണ്ടല്ലോ സിനിമയില്‍.
കലാകാരന്‍മാര്‍ക്ക് കാശ് കൂടുതല്‍ കൊടുക്കുന്നത് ഒരു തരത്തില്‍ അവരെ നശിപ്പിക്കുന്നതിന് തുല്യമാണ്. എല്ലാവര്‍ക്കും ആവശ്യത്തിന് കാശ് കൊടുത്താല്‍ മതി. കോടിക്കണക്കിന് കാശ് കൊടുക്കാന്‍ മാത്രം എന്താണ് ചെയ്യുന്നത്’ എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ച് നടന്‍ തുറന്ന് പറഞ്ഞതും വാര്‍ത്തയായിരുന്നു. എത്രകാലമായി പ്രണയത്തിലായിട്ടെന്ന് ചോദ്യത്തിന് പത്ത് ഇരുപത്തി അഞ്ച് വര്‍ഷത്തെ ബന്ധമാണ്. എന്തേ കുഴപ്പമുണ്ടോയെന്നായിരുന്നു ഷൈനിന്റെ മറുപടി. കുറച്ചായിട്ടേ ഉള്ളൂ തുടങ്ങിയിട്ട്. കണ്ടതും പരിചയപ്പെട്ടതുമൊക്കെ വലിയ കഥയാണ്. ലവ് സ്‌റ്റോറി എന്ന് പറഞ്ഞാല്‍ എന്താണ്. തുടക്കത്തില്‍ അല്ലല്ലോ ലവ് സ്‌റ്റോറി ഉണ്ടാകേണ്ടത്.
അത് എത്ര വര്‍ഷം പോകുന്നു എങ്ങനെ പോകുന്നു എവിടം വരെ പോകുന്നു എന്നത് അനുസരിച്ചല്ലേ എന്ന് ഷൈന്‍ ടോം ചോദിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു. മെസേജ് അയച്ചു. ഞാനാണ് മെസേജ് ചെയ്തത്. പ്രപ്പോസ് ചെയ്തിട്ടൊന്നും ഇല്ല. കൂടെ കൂടി. ഒരാള്‍ തീരുമാനിച്ചാലൊന്നും കൂടെ കൂടാനാകില്ലല്ലോ, രണ്ട് പേരും തീരുമാനിക്കുമ്പോഴാണല്ലോ കൂടെ കൂടുന്നത്.
അങ്ങനെയല്ലേ രണ്ട് പേര്‍ തമ്മില്‍ പാട്ണര്‍ഷിപ്പില്‍ പോകുന്നത്. ജീവിതത്തില്‍ ആരാണ് കൂടുതല്‍ റൊമാന്റിക് എന്ന ചോദ്യത്തിന് അതിന് ഞാന്‍ അല്ലല്ലോ അവള്‍ അല്ലേ മറുപടി പറയേണ്ടത് എന്നായിരുന്നു ഷെയ്ന്‍ മറുപടി നല്‍കിയത്. പതിവ് പോലെ തന്നെ വ്യക്തമല്ലാത്ത ഉത്തരങ്ങള്‍ ഷൈനില്‍ നിന്ന് ലഭിച്ചതോടെ അവതാരക പ്രണയത്തെ കുറിച്ചുള്ള ചോദ്യം അവസാനിപ്പിച്ചു.
