Malayalam
ഈ പോക്ക് ഭിന്നിപ്പ് വളര്‍ത്തുന്ന നാശോന്മുഖമായ, ഒരു പൊതുബോധത്തെ സൃഷ്ടിക്കും; വിവാദങ്ങളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍
ഈ പോക്ക് ഭിന്നിപ്പ് വളര്‍ത്തുന്ന നാശോന്മുഖമായ, ഒരു പൊതുബോധത്തെ സൃഷ്ടിക്കും; വിവാദങ്ങളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍
പത്താന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ബിജെപി-സംഘ്പരിവാര്‍ ആഹ്വാനത്തിനിടെ പ്രതികരണവുമായി ഷാരൂഖ് ഖാന്‍. പിന്തിരിപ്പനായ എല്ലാത്തിനേയും പോസിറ്റീവായ സമീപനത്തോടെ കൂട്ടായി നേരിടുകയാണ് വേണ്ടതെന്ന് താരം പറഞ്ഞു. 28ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (കെഐഎഫ്എഫ്) ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഷാരൂഖിന്റെ പ്രതികരണം.
‘സമൂഹമാധ്യമങ്ങളാണ് ഇന്നിന്റെ പൊതുബോധവും ആഖ്യാനങ്ങളും രൂപപ്പെടുത്തുന്നത്. സിനിമയെ സമൂഹമാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. പക്ഷെ, സിനിമയ്ക്ക് അതിലും വലിയൊരു ചുമതല ഇപ്പോള്‍ വഹിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു. സമൂഹമാധ്യമങ്ങള്‍ മനുഷ്യന്റെ അടിസ്ഥാനപ്രകൃതമായ മനുഷ്യത്വത്തെ തന്നെ ഇടുങ്ങിയതാക്കുന്ന ഒരു കാഴ്ച്ചപ്പാടിലൂടെയാണ് പലപ്പോഴും പോകുന്നത്.
നെഗറ്റീവിറ്റി സോഷ്യല്‍ മീഡിയ ഉപഭോഗം കൂട്ടുമെന്നും അതിനൊപ്പം അതിന്റെ കച്ചവടമൂല്യം ഉയരുകയാണെന്നും ഞാന്‍ എവിടെയോ വായിച്ചു. ഈ പോക്ക് ഭിന്നിപ്പ് വളര്‍ത്തുന്ന നാശോന്മുഖമായ, ഒരു പൊതുബോധത്തെ സൃഷ്ടിക്കും. കുറച്ചുകാലം നമുക്ക് പരസ്പരം കാണാന്‍ കഴിയുമായിരുന്നില്ല, പക്ഷെ ലോകം സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്.
നമ്മളെല്ലാവരും സന്തുഷ്ടരാണ്. ഞാന്‍ അതില്‍ ഏറ്റവും സന്തുഷ്ടനും. ഒരു സന്ദേഹവുമില്ലാതെ ഞാന്‍ പറയട്ടെ, ലോകം എന്തു തന്നെ ചെയ്താലും ഞാനും നിങ്ങളും പിന്നെ എല്ലാ പോസിറ്റീവ് മനുഷ്യരും ഈ ലോകത്ത് ജീവനോടെയുണ്ട്,’ എന്നും ഷാരൂഖ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.
ഷാരൂഖ് ഖാന്റെയും ദീപിക പദുകോണിന്റെയും ചിത്രമായ പത്താനിലെ ‘ബേഷാരം രംഗ്’ ഗാനം നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലാണ് ചിലര്‍ വിവാദമാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗമാളുകള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു.
‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ വാദം.
