അവന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും; നിര്‍മ്മാതാക്കളുടെ കടുപിടുത്തത്തിന് തന്നെ കിട്ടില്ലെന്ന് ഷെയ്ന്‍ നിഗം!
നിര്‍മ്മാതാക്കളുടെ കടുംപിടുത്തത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി നടന്‍ ഷെയ്ന്‍ നിഗം. വിലക്ക് ഒഴിവാക്കണമെന്ന ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ആദ്യം പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഷെയ്ന്‍ തളളി. ജനുവരി അഞ്ചിനുളളില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു ഒത്തുതീര്‍പ്പിന് മുന്നോടിയായി നിര്‍മ്മാതാക്കള്‍ വെച്ച ഉപാധി. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആവശ്യപ്പെട്ട പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നുമാണ് ഷെയ്ന്റെ നിലപാട്.
ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായിട്ടാണ് അസോസിയേഷന്‍ അറിയിച്ചത്. ഡിസംബര്‍ 19ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയ്നോട് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിഫല തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കൂ എന്നാണ് ഷെയ്ന്റെ നിലപാട്. താരസംഘടനയായ അമ്മ ജനുവരി ഒമ്പതിന് വിളിച്ചുചേര്‍ത്തിരിക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും ഷെയ്ന്‍ പറയുന്നു.
ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് ഷെയ്നെതിരെയുളള പരാതി. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടത് 45 ലക്ഷം രൂപയ്ക്കാണ്. മുന്‍കൂര്‍ പണം തരാതിരുന്നിട്ടും ഉല്ലാസം എന്ന സിനിമയില്‍ അഭിനയിച്ചു. മറ്റൊരു സംവിധായകനുമായി ഒപ്പിട്ട കരാര്‍ കാണിച്ചാണ് ആരോപണവും പ്രചാരണവും നടത്തിയതെന്നും ഷെയ്ന്‍ വിശദമാക്കിയിരുന്നു.
ഉല്ലാസം എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പരാതി നല്‍കിയത്. ഉല്ലാസത്തിനായി 25 ലക്ഷം രൂപയ്ക്കാണ് ഷെയ്ന്‍ കരാറില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ചിത്രീകരണത്തിന് ശേഷം 45 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് പരാതി. ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂടി ആവശ്യപ്പെട്ടുവെന്നും ഇത് ലഭിച്ചില്ലെങ്കില്‍ ഡബ്ബിങ്ങിന് എത്തില്ലെന്ന് ഷെയ്ന്‍ പറഞ്ഞതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു. നിര്‍മ്മാതാവ് ക്രിസ്റ്റി കൈതമറ്റമാണ് പരാതി നല്‍കിയത്.
അതേസമയം ഉല്ലാസവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ഹാജരാക്കിയ കരാറുകള്‍ വ്യാജരേഖകളാണെന്ന ഷെയ്ന്‍ നിഗത്തിന്റെ ആരോപണം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ശരിവെച്ചിരുന്നു. എഗ്രിമെന്റില്‍ പടത്തിന്റെ പേരില്ല. ഡേറ്റുകള്‍ ഇല്ലാ. ആ പറഞ്ഞ ഡേറ്റില്‍ അല്ലാ പടം നടന്നിരിക്കുന്നത്. സിനിമയുടെ പേര് മാറ്റിയിട്ടുണ്ടാകും. സാധാരണ വിശ്വാസത്തിന്റെ പുറത്ത് താരങ്ങള്‍ പലരും ഇങ്ങനെ എഗ്രിമെന്റുകള്‍ ഒപ്പിടുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യരുതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ സംഭവമെന്നുമാണ് ഇടവേള ബാബു നേരത്തെ പറഞ്ഞത്.
ഷെയ്നിനെ ഉല്ലാസം സിനിമയില്‍ നിന്ന് ഒഴിവാക്കി മറ്റൊരാളെ വെച്ച് ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കാനും പദ്ധതിയുണ്ട്. 2017ലാണ് ഉല്ലാസം സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിച്ചത്. നിര്‍മാതാക്കളും ഷെയ്ന്‍ നിഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നിര്‍മാതാക്കളുടെ ആവശ്യം തള്ളിയ നിലക്ക്, ഷെയ്നിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.
shane nigam
