Connect with us

ആരാണ് കുമ്പളങ്ങിയിലെ ഷമ്മി ? വൈറലായി മനശാസ്ത്രജ്ഞന്റെ കുറിപ്പ്…

Articles

ആരാണ് കുമ്പളങ്ങിയിലെ ഷമ്മി ? വൈറലായി മനശാസ്ത്രജ്ഞന്റെ കുറിപ്പ്…

ആരാണ് കുമ്പളങ്ങിയിലെ ഷമ്മി ? വൈറലായി മനശാസ്ത്രജ്ഞന്റെ കുറിപ്പ്…

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് മനഃശാസ്ത്രജ്ഞനായ ഡോക്ടര് ബോബന് ഇറാനിമോസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. പോസ്റ്റ് വായിക്കാം ‘ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടില്‍ കള്ള ചിരിയുമായിയാണ് കുമ്പളങ്ങിയിലെ ഷമ്മി കടന്നു വരുന്നത്.

പുറമെ മാന്യനായി പെരുമാറുന്ന ഷമ്മി ഉപദേശം കൊണ്ട് മറ്റുള്ളവരെ കീഴ്‌പ്പെടുത്തി സ്തീകളെ വരച്ച വരയില്‍ നിര്‍ത്തി അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആണ്‍കോയ്മയുടെ പ്രതിനിധി എന്ന നിര്‍വ്വചനത്തിന് അര്‍ഹനാണ്. താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കടും പിടുത്തം പിടിക്കുന്ന സ്ത്രീയുടെ ശബ്ദം വീട്ടില്‍ ഉയര്‍ന്ന് കേള്‍ക്കരുതെന്ന് കരുതുന്ന മലയാളിയുടെ ആണധികാരത്തിന്റെ പ്രതിനിധി മാത്രമാണോ അയാള്‍ ? അധികാരം കൈയ്യേറുന്ന പുരുഷന്‍ എന്ന നിര്‍വ്വചനങ്ങള്‍ക്കപ്പുറത്ത് രോഗാതുരമായ വ്യക്തിത്വത്തിന്റെ ചില അടയാളങ്ങള്‍ ഷമ്മിയില്‍ കാണാന്‍ കഴിയും.

തേച്ചെടുത്ത വസ്ത്രത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ പേഴ്‌സണാലിറ്റി ഡിസോഡേഴ്‌സിന്റെ ചില ലക്ഷണങ്ങള്‍ വളരെ ശ്രദ്ധയോട് കൂടി നോക്കിയാല്‍ കണ്ടെത്താനാകും. മാനസികാരോഗ്യ ചികിത്സകരെ വല്ലാതെ കുഴക്കുന്ന ഒന്നാണ് പേഴ്‌സണാലിറ്റി ഡിസോഡേഴ്‌സ്. ഒരു കാര്‍ഡിയോളജിസ്റ്റ് തന്റെ രോഗിയില്‍ ഇലക്ട്രോ കാര്‍ഡിയോഗ്രാം ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന താളപ്പിഴകള്‍ കണ്ടെത്തുന്നത് പോലെയോ ഒരു പള്‍മോണോളജിസ്റ്റ് സ്‌പൈറോമട്രി ടെസ്റ്റ് ഉപയോഗിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുന്ന പോലെയോ രോഗം നിര്‍ണ്ണയം നടത്തി അത്ര പെട്ടെന്ന് കണ്ടെത്താവുന്ന ഒന്നല്ല ഇത്. ഈ രോഗമുള്ളവര്‍ നോര്‍മല്‍ ആണെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവര്‍ക്കാണ് പ്രശ്‌നമെന്ന് പറയുകയും ചെയ്യും. അതു കൊണ്ട് തന്നെ ചികിത്സക്കായി മാനസികാരോഗ്യ ചികിത്സകരെ ഇത്തരക്കാര്‍ സമീപിക്കാറില്ല. ഷമ്മിയുടെ കഥാപാത്രം തന്നെ തന്നെ വിലയിരുത്തുന്നത് ആ തരത്തിലാണ് .രോഗമുള്ള വ്യക്തി തന്നെ പെര്‍ഫെക്ടായി കാണുന്നതു കൊണ്ട് തന്നെ രോഗിയുടെ കൂടെ ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരുന്നു. വ്യക്തിത്വത്തിലെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ മനസ്സിലാകുന്നത് വീട്ടിലുള്ളവര്‍ക്കാണ്. മീശയുടെ അരിക് പോലെ ഉള്ളിലേയ്ക്ക് തുളഞ്ഞ് കയറുന്ന നോട്ടവും ഭീതിജനിപ്പിക്കുന്ന ചിരിയുമൊക്കെച്ചേര്‍ന്ന ഷമ്മിയുടെ പെരുമാറ്റത്തെ ഭയത്തോടെയാണ് കുട്ടികളും കുടുംബാഗങ്ങളും കാണുന്നത്.

ഷമ്മി ഉളളപ്പോഴോ ഷമ്മിയുടെ വരവോടെയോ കുമ്പളങ്ങിയിലെ വീട് ശബ്ദമുയര്‍ത്താനാകാതെ നിശബ്ദതയിലേക്ക് ആണ്ടുപോകുന്നുണ്ട്.പുറമെ മാന്യനായി പെരുമാറുന്ന ഷമ്മിയില്‍ അസാധാരണത്വം ഒന്നു പെട്ടെന്ന് കണ്ടെത്താനാകുന്നില്ല. കുടുംബം നോക്കുന്ന, മറ്റുള്ളവര്‍ക്ക് സംരക്ഷണം നല്കുന്ന, ജോലി ചെയ്യാന്‍ താല്പര്യമുള്ള ഷമ്മി, നെപ്പോളിയന്റെ മക്കളില്‍ നിന്നും വ്യത്യസ്തനാണ്.


ഏതൊരു അമ്മായി അമ്മയും ആഗ്രഹിക്കുന്ന മരുമകനായി തന്റെ കുടുംബ വേഷം ഭംഗിയാക്കുമ്പോള്‍ മറുവശത്ത് ഒളിഞ്ഞിരിക്കുന്ന രോഗാതുരമായ വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങള്‍ തലപൊക്കുന്നത് കാണാന്‍ കഴിയും. കല്യാണ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കഴിക്കുന്ന പ്ലെയിറ്റ് ഭാര്യവീട്ടിലേയ്ക്ക് കൊടുത്തയക്കുന്ന ഷമ്മിക്ക് ഒരു പക്ഷേ കുട്ടിക്കാലത്തോ കൗമാരകാലഘട്ടത്തിലോ കുടുംബാഗങ്ങള്‍ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുള്ള സാഹചര്യങ്ങളിലാണോ ജീവിച്ച് വന്നിട്ടുണ്ടാവുക? അസാധാരണമായ ഇത്തരം പല ശീലങ്ങളും പിന്നീടങ്ങോട്ട് കാണാന്‍ കഴിയും. വൃത്തിക്ക് അപ്പുറത്ത് ഉള്ള പരിപൂര്‍ണ്ണത വസ്ത്രാധാരണത്തിലും മുഖത്തു മീശയുടെ അരികുകളിലും കഥാപാത്രം നിലനിര്‍ത്തുന്നുണ്ട്. അത് ഷമ്മി ബാര്‍ബര്‍ ആയത് കൊണ്ടല്ല.വരത്തനിലെ ആദ്യ പകുതിയില്‍ പാറ്റയെ കൊന്നതില്‍ വിഷമിക്കുന്ന വ്യക്തിയാകുമ്പോള്‍
കുമ്പളങ്ങിയിലെ ഷമ്മിയാകട്ടെ കണ്ണാടിയില്‍ കാണുന്ന പൊട്ട് പോലും
സ്വന്തം പ്രതിരൂപത്തിന്റെ പൂര്‍ണ്ണതയെ ഹനിക്കുന്നുണ്ടെന്ന ചിന്തയോടെ ബ്ലയിഡ് കൊണ്ട് ചുരണ്ടി ചിരിയോടെ വാഷ് ബെയിസനിലേയ്ക്ക് ഇട്ട് കളയുന്നു.

സ്വന്തം ശരീരം നോക്കിക്കൊണ്ട് ‘എ കംപ്ലീറ്റ് മാന്‍’ എന്ന റെയ്മണ്ട്‌സിന്റെ പരസ്യ വാചകം പറയുന്ന കഥാപാത്രം താന്‍ എല്ലാ തരത്തിലും പരിപൂര്‍ണ്ണനാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നു. മാന്യമായവസ്ത്രാധാരണവും ‘മോളൂ’ എന്ന പതിഞ്ഞ വിളികള്‍ക്കും പുറകില്‍ പെരുമാറ്റത്തിലും സ്വഭാവത്തിലും എവിടെയെക്കെയോ ചില അസ്വഭാവികതകള്‍ നിഴലിച്ച് നില്‍ക്കുന്നത് കാണാനാകും.പേഴ്‌സണാലിറ്റി ഡിസോഡറോ വ്യക്തിത്വ വൈകല്യങ്ങളാ ഉള്ളവര്‍ പൊതുവേ മാന്യമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നവരാണ്. പുറമെ നിന്ന് നോക്കിയാല്‍ ഷമ്മിയേപ്പോലെ ഇവരില്‍ രോഗാതുരമായ ഒന്നു പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ല. അമിതമായി ദേഷ്യപ്പെടുന്ന അല്പം കടും പിടുത്തം പിടിക്കുന്ന ചില പ്രത്യേക ശീലങ്ങള്‍ ഉള്ള വ്യക്തി എന്ന തരത്തില്‍ സമൂഹം ഇവരെ വിലയിരുത്തുന്നു. ഒട്ടുമിക്കവരും ആകര്‍ഷകമായ സംസാര ശൈലി ഉള്ളവരായിരിക്കും. മറ്റുള്ളവരെ കൗശലം കൊണ്ട് സ്വാധീനിക്കാന്‍ കഴിയുന്ന ഇവര്‍ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഒരു പ്രശ്‌നക്കാരനല്ല എന്ന് മറ്റുള്ളവരെ കൊണ്ട് പറയിക്കുന്ന തരത്തിലാകും പെരുമാറുക. നല്ല ശീലങ്ങള്‍ ഉള്ള വ്യക്തി എന്ന അഭിപ്രായം നേടി എടുക്കാന്‍ അത്തരക്കാര്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വരുന്നില്ല.

എന്നാല്‍ കൂടെ താമസിക്കുന്നവര്‍ക്ക് അധികം വൈകാതെ തന്നെ പെരുമാറ്റത്തിലും ,സ്വഭാവത്തിലുമുള്ള രോഗാതുരതയെ കണ്ടെത്താനോ മനസ്സിലാക്കാനോ കഴിയും. എന്നാല്‍ അവര്‍ ഇത് മറ്റുള്ളവരോട് പറഞ്ഞാല്‍ അവര്‍ ചിരിച്ച് തള്ളുകയും ,ഒക്കെ തോന്നലാണ് ,മാന്യനായ ഒരു വ്യക്തിയെ കുറിച്ച് അപവാദം പറയരുത് എന്നൊക്കെ പറഞ്ഞ് ഗുണദോഷിച്ച് വിടുകയും ചെയ്യാം.കല്യാണം കഴിഞ്ഞതിന്റെ പിറ്റേനാള്‍ ബുള്ളറ്റിന്റെ ആക്‌സിലേറ്റര്‍ കൂട്ടി ചിരിച്ച് കൊണ്ട് ഷമ്മി സംസാരിക്കുമ്പോള്‍ സിമിയുടെ നെഞ്ച് കിടുങ്ങിയിട്ടുണ്ടാകാം. അവള്‍ വല്ലാതെ ഭയപ്പെട്ട് പിന്നോട്ട് മാറുന്നുണ്ട്. മറ്റുള്ളവരെ ഭയപ്പെടുത്തി നിര്‍ത്തി അതില്‍ രസം കണ്ടെത്തുന്ന ആളാണ് ഷമ്മി എന്ന് അവിടം മുതല്‍ കാഴ്ച്ചക്കാരന് മനസ്സിലായി തുടങ്ങും. വീടിനു മുന്നില്‍ കളിക്കാന്‍ വരുന്ന കുട്ടികളും ആ പ്രത്യേക സ്വഭാവത്തെ മനസ്സിലാക്കി എടുക്കുന്നുണ്ട്. ‘ആളത്ര വെടിപ്പല്ല’ എന്ന് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ ചര്‍ച്ച ചെയ്യുന്നു. അടിച്ചിട്ട പന്ത് എടുക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന ഒന്നായി തീരുന്നു. ഭയപ്പാടോടെയാണ് കാണാതായ പന്ത് തേടി അവര്‍ വീട്ടിലേയ്ക്ക് വരുന്നത് .സിമിയുടെ മുന്നില്‍ നിന്നു കൊണ്ട് സ്‌നേഹത്തോട് കൂടി ഷമ്മി അവരോട് സംസാരിക്കുന്നു. ഉള്ളില്‍ തികട്ടിവരുന്ന അമര്‍ഷത്തെ ചിരിയില്‍ ഒതുക്കി കൊണ്ട് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കുട്ടികളെക്കൊണ്ട് സാധിക്കില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാകാം. ഒറ്റ പ്രാവിശ്യം പറയും അനുസരിച്ചില്ല എങ്കില്‍ പിന്നീട് ചോദ്യമോ പറച്ചിലോ ഉണ്ടാകില്ല എന്ന് ഷമ്മി തന്റെ ക്രൂരമായ പ്രവര്‍ത്തിയിലൂടെ കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു.

ബാര്‍ബര്‍ ഷോപ്പിലും കല്യാണ വീട്ടിലും തികച്ചും മാന്യനായി പെരുമാറി പ്രതികരിക്കാനുള്ള തന്റെ മനസ്സിനെ അടക്കി തനൊരു പാവമാണെന്ന ധാരണ വരുത്താന്‍ ശ്രമിക്കുന്ന കഥാപാത്രം പൊതു സമൂഹത്തിന് മുന്നില്‍ ഭാര്യയുടെ അനിയത്തിയുടെ വിവാഹ കാര്യത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്യം അമ്മായി അമ്മക്ക് വിട്ടുകൊടുക്കുന്നുണ്ട്. വാടകയ്ക്ക് കൊടുത്ത കോട്ടേജിലേയ്ക്ക് ഒളിഞ്ഞ് നോക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നത് അയാളുടെ സംശയമാണ് മറിച്ച് ആഗ്രഹപൂര്‍ത്തികരണമേയല്ല. അടുക്കളയുടെ വാതിലിന് പിന്നില്‍ മറഞ്ഞ് നിന്ന് ‘നിങ്ങള്‍ എന്നേ കുറിച്ചല്ലേ സംസാരിക്കുന്നത് ‘എന്ന് ചോദിക്കുന്നു. ഭാര്യയുടെ മറുപടിയില്‍ അയാള്‍ തൃപ്തനാകുന്നില്ല. മറുപടി പറയുന്ന ആളുടെ ക്ഷമ നശിക്കുവരെ ഒരു ഭാവഭേദവുമില്ലാതെ വീണ്ടും വീണ്ടും വീണ്ടും വീണ്ടും അയാള്‍ ചോദിച്ച് കൊണ്ടേയിരിക്കുന്നു.മൂര്‍ച്ചയുള്ള വാക്കുകളെ വളരെ സൗമ്യമായി ഉപയോഗപ്പെടുത്തുന്ന കഥാപാത്രം കുടുംബത്തില്‍ മൊത്തം ഭയം സൃഷ്ടിക്കുന്നു.തുറന്ന് പറയാന്‍ ആണയിട്ട് പറയുകയും പറഞ്ഞ് കഴിയുമ്പോള്‍ വിധം മാറുകയും ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് ‘ഒന്നുമില്ല ചേട്ടാ’ എന്ന് മറുപടി പറയാന്‍ സിമി തയ്യാറാക്കുന്നു. ബെഡ്‌റൂമിലേയ്ക്ക് കടന്നാല്‍ മാനസിക പീഡനത്തിലൂടെ ഉള്ളിലുള്ള എന്തിനേയും പുറത്ത് കൊണ്ട് വരാന്‍ ഷമ്മിക്ക് കഴിയും എന്ന് അവള്‍ക്കറിയാം. ഉള്ളില്‍ ഉള്ള രോഗാതുരമായ സംശയത്തിന്റെ പ്രതിഫലനം ഇവിടെ ഒക്കെ കാണാന്‍ കഴിയും.കസേര വലിച്ച് അധികാരം കൈയ്യേറിയതിന് ശേഷം അനിയത്തിയെ ചീത്ത പറയുന്ന ഷമ്മിക്ക് സിമി നല്കുന്ന മറുപടി താങ്ങാന്‍ ആകുന്നല്ല. മുഖമടച്ച് അടി കിട്ടിയ പോലെ ഭാര്യയുടേയും മറ്റുള്ളവരുടേയും മുന്നില്‍ ഷമ്മി ചെറുതായി പോകുന്നു. റൂമിന്റെ മൂലയില്‍ പോയി കുട്ടികളേപ്പോലെ പുറം തിരിഞ്ഞ് നില്‍ക്കുന്ന ഷമ്മിക്ക് ഒരു പക്ഷേ ശിക്ഷകളും, ശാസനകളും കേട്ട് ക്ലാസ് മുറിയുടേയോ വീടിന്റെയോ മൂലയില്‍ കരഞ്ഞുകൊണ്ട് നിന്ന ഒരു കുട്ടിക്കാലം ഉണ്ടാകാം?.മിണ്ടാതെ പുറംതിരിഞ്ഞ് നിന്ന് ഭയപ്പെടുത്തി മറ്റുള്ളവരെ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന അയാള്‍ കളളച്ചിരിയോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുന്നു. വൈകാരിക അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകള്‍ വലിയ തോതില്‍ ഈ സമയത്ത് കാണാന്‍ കഴിയും. ഇത് ആദ്യമായി ഉണ്ടാകുന്ന സംഭവമല്ല എന്ന് ‘അല്പം കഴിയുമ്പോള്‍ മാറിക്കൊള്ളും’ എന്ന സുഹൃത്തിന്റെ സംഭാഷണത്തില്‍ നിന്നും കല്യാണത്തിന് മുമ്പും പല തവണ ഷമ്മി ഇങ്ങനെ പെരുമാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും.

വാക്കുകള്‍ക്കപ്പുറത്ത് കായബലത്തിലൂടെ മറ്റുള്ളവരെ കീഴ്‌പ്പെടുത്തുന്നത് ഗയിം കളിക്കുന്നത് പോലെ ഒരു രസമായി കാണുന്ന, ജസ്റ്റ് മിസ്സ് എന്ന് ചിരിച്ച് കൊണ്ട് ഷമ്മി പറയുന്നതൊക്കെ രോഗാതുരതയുടെ ലക്ഷണങ്ങള്‍ ആയി കണക്കാക്കാം. മറ്റ് കഥാപാത്രങ്ങള്‍ ആക്രമണത്തിന്റെ രീതി കണ്ട് പതറിപ്പോകുന്നുന്നത് ഭയം കൊണ്ടാണ്. കൈക്കരുത്തിലൂടെ ജയിക്കാനാകില്ല എന്ന് എപ്പോഴെക്കെയോ തിരിച്ചറിയുന്നുണ്ട് അവര്‍.ഷമ്മിയുടെ കുടുംബത്തെ കുറിച്ചോ, കുട്ടിക്കാലത്തെ കുറിച്ചോ നമ്മുക്ക് ഒന്നു അറിയില്ല. എങ്കിലും സന്തോഷകരമായ ഒരു കുട്ടിക്കാലമാകാന്‍ സാധ്യത ഇല്ല. ഷമ്മിയില്‍ വ്യക്തിത്വ വൈകല്യത്തിനുള്ള കാരണങ്ങള്‍ ഉണ്ടായത് കുട്ടിക്കാലത്തെയും കൗമാരകാലഘട്ടങ്ങളിലേയും വിഷമിപ്പിക്കുകയും ,ഭയപ്പെടുത്തുകയും, പീഡിപ്പിക്കുകയും ചെയ്ത അനുഭവങ്ങളില്‍ നിന്നും ആകാം. അസുഖകരമായ അനുഭവങ്ങളിലൂടെ വളര്‍ന്ന് വന്നിട്ടുള്ള വ്യക്തിത്വ വൈകല്യമുള്ള ഒരു പാട് ഷമ്മിമാര്‍ നമ്മുക്ക് ഇടയിലുണ്ട് എന്ന് കുമ്പളങ്ങി നൈറ്റ്‌സ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Shammi in Kumbalangi nights…..

More in Articles

Trending

Recent

To Top