ഹനുമാൻ സിനിമ കാണാൻ എത്തും; എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടും; ആദിപുരുഷ് ടീം
പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷിന്റെ സ്‌പെഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെയാണ് ആദിപുരുഷ് ടീം റിലീസിനെ കുറിച്ച് കൗതുകകരമായ പ്രഖ്യാപനം നടത്തിയത്. ആദിപുരുഷ് പ്രദർശന വേളയിൽ എല്ലാ തിയറ്ററുകളിലെയും ഒരു സീറ്റ് വിൽക്കപ്പെടാതെ പോകുമെന്ന് പ്രസ്താവനയിൽ പറയുന്നു. സിനിമ കാണാൻ ഹനുമാൻ എത്തുമെന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഈ തീരുമാനം. ഹനുമാന്‍ ചിരഞ്ജീവിയാണ് അതുകൊണ്ട് രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം.വിറ്റഴിക്കാത്ത ഈ ഇരിപ്പിടം ആളുകളുടെ വിശ്വാസങ്ങൾ മാനിക്കുന്നതിനായി ഭഗവാൻ ഹനുമാന് സമർപ്പിക്കും.
ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലർ നിരാശപ്പെടുത്തുന്നതായിരുന്നു. വിഎഫ്എക്സിലെ പാളിച്ചകൾ തന്നെയായിരുന്നു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഇതിനു ശേഷം പ്രശ്നങ്ങൾ പരിഹിച്ച് വീണ്ടും ട്രെയിലർ പുറത്തിറക്കിയിരുന്നു.
മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്ന പക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുര്‍, എഡിറ്റിംഗ് – അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.