ചിന്താവിഷ്ടയായ ശ്യാമള മോഷണമെങ്കിൽ പ്രകാശനും മോഷണമാണ് – സത്യൻ അന്തിക്കാട്
By
കാലത്തിനു മുൻപ് സഞ്ചരിച്ച ചിത്രങ്ങളാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയതൊക്കെ . ഇന്നും എല്ലാ ചിത്രങ്ങളും ഹിറ്റാണ്. ഒരിക്കൽ ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ മോഷണമെന്ന് പറഞ്ഞിരുന്നു.
. ‘ഒരു സത്യം ആദ്യമായി ഞാനിവിടെ വെളിപ്പെടുത്തട്ടെ. ഈ ചിത്രത്തിന്റെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’ കേട്ടിരുന്നവരൊക്കെ അമ്പരന്നു. അങ്ങനെയൊരു ആരോപണം ആ സിനിമയെപ്പറ്റി ആരും അതുവരെ പറഞ്ഞിട്ടില്ലായിരുന്നു. നിശ്ശബ്ദതയുടെ ചില നിമിഷങ്ങള്‍ക്കുശേഷം ശ്രീനിവാസന് പൂരിപ്പിച്ചു:
”നിങ്ങളുടെയൊക്കെ ജീവിതത്തില്‍ നിന്ന് ഞാന്‍ മോഷ്ടിച്ചതാണ് ശ്യാമളയുടെ കഥ.”സദസ്സുമുഴുവന്‍ കൈയടിച്ചു; പൊട്ടിച്ചിരിച്ചു.അങ്ങനെ നോക്കുമ്പോള്‍ പ്രകാശന്റെ കഥയും മോഷണമാണ്. ഇപ്പോൾ വീണ്ടും അതിനെ പറ്റിയൊക്കെ മനസ് തുറക്കുകയാണ് സത്യൻ അന്തിക്കാട് .
മലയാളികളുടെ ചില ശീലങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത കഥാപാത്രമാണ് പ്രകാശന്. കല്യാണസദ്യയ്ക്ക് ഇടിച്ചുകയറി, മൂക്കുമുട്ടെ വെട്ടിവിഴുങ്ങിയിട്ട് പുറത്തുവന്ന് ‘സദ്യ പോരാ’ എന്നുപറയുന്ന പ്രകാശന്മാരെ നമ്മള് കണ്ടിട്ടുണ്ട്.
വഴി ചോദിച്ചെത്തുന്നവരെ മനഃപൂര്‍വം വഴിതെറ്റിച്ചുവിട്ട് അതില്‍ ആനന്ദംകൊള്ളുന്ന വിരുതന്മാരെയും നമുക്കറിയാം. കൂട്ടുകാരന് പെണ്ണുകാണാന്‍ പോയിട്ട് അസൂയമൂത്ത് അത് മുടക്കുന്ന കൂട്ടുകാരും നമുക്കിടയിലുണ്ട്. അക്കൂട്ടത്തിലൊരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയൊന്ന് പോയിനോക്കാം എന്ന ചിന്തയില്‍നിന്നാണ് പ്രകാശന് ജനിക്കുന്നത്.
പതിനാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഞാനും ശ്രീനിയും ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നത്. അതുകൊണ്ടുതന്നെ കഥ കണ്ടെത്താന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. പകുതിയോളം പൂര്‍ത്തിയായ മറ്റ് രണ്ട് കഥകള്‍ മാറ്റിവെച്ചിട്ടാണ് പ്രകാശനിലേക്കെത്തുന്നത്. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിഞ്ഞത് സിനിമ ഒരു വമ്പന്‍ വിജയമായപ്പോഴാണ്. പ്രേക്ഷകരുടെ അഭിരുചിയോടൊപ്പം സഞ്ചരിക്കാന്‍ കഴിയുമ്പോഴാണ് സൂപ്പര്‍ഹിറ്റുകളുണ്ടാകുന്നത്.
ശ്രീനിവാസനെന്ന എഴുത്തുകാരന്റെ പ്രസക്തിയും അവിടെയാണ്. പ്രേക്ഷകന്റെ കണ്ണിലൂടെയാണ് ശ്രീനി സീനുകള്‍ സൃഷ്ടിക്കുന്നത്. അവര്‍ക്ക് പറയാന്‍ തോന്നുന്നതാണ് ശ്രീനി പറയുന്നത്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ കഴിയുംതോറും ശ്രീനിവാസന്റെ വാക്കുകള്‍ക്ക് തിളക്കമേറുന്നത്. സന്ദേശത്തിലെ സംഭാഷണങ്ങള്‍തന്നെ ഉദാഹരണം. ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ എന്ന് ഇന്നത്തെ ചെറുപ്പക്കാരും പറഞ്ഞുചിരിക്കുന്നു. ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം…’ എന്നത് ഒരു പഴഞ്ചൊല്ലുപോലെ നമ്മുടെ മനസ്സില്‍ പതിഞ്ഞുകഴിഞ്ഞു. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്ന് ദിവസത്തിലൊരിക്കലെങ്കിലും നമ്മള് കേള്‍ക്കുന്നു; പറയുന്നത് വിജയനോ കേള്‍ക്കുന്നത് ദാസനോ അല്ലെങ്കില്‍പ്പോലും. ഇന്നും ഒരു രക്തസാക്ഷിയെ കിട്ടാന്‍ നെട്ടോട്ടമോടുന്ന രാഷ്ടീയക്കാര്‍ക്ക് സന്ദേശം ഒരു പാരയായി മാറുന്നു.
sathyan anthikkad about njan prakashan and chinthavishtayaya syamala
