News
നടന്‍ ശരത്കുമാര്‍ എന്‍.ഡി.എ. സഖ്യത്തിലേയ്ക്ക്; കന്യാകുമാരിയിലോ തിരുനെല്‍വേലിയോ ഒരു സീറ്റ് നല്‍കാമെന്നാണ് ബിജെപി
നടന്‍ ശരത്കുമാര്‍ എന്‍.ഡി.എ. സഖ്യത്തിലേയ്ക്ക്; കന്യാകുമാരിയിലോ തിരുനെല്‍വേലിയോ ഒരു സീറ്റ് നല്‍കാമെന്നാണ് ബിജെപി
സമത്വ മക്കള്‍ കക്ഷി നേതാവും ഡി.എം.കെ.യുടെ മുന്‍ രാജ്യസഭാംഗവുമായ നടന്‍ ശരത്കുമാര്‍ എന്‍.ഡി.എ. സഖ്യത്തിലേയ്ക്ക്. ഇതിന്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായുള്ള ആദ്യഘട്ടചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങളാണ് ശരത്കുമാര്‍ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി.യുടെ നിര്‍ദേശം. ഇതില്‍ തിരുനെല്‍വേലിക്കാണ് ശരത്കുമാര്‍ പ്രാധാന്യം നല്‍കുന്നത്. അവിടെ സീറ്റ് നല്‍കിയാല്‍ അദ്ദേഹംതന്നെ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന.
തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ സമത്വ മക്കള്‍ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996ല്‍ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാര്‍ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ ഡി.എം.കെ. ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു.
പിന്നീട് 2001ല്‍ ഡി.എം.കെ.യുടെ രാജ്യസഭാംഗമായി. 2006ല്‍ ഡി.എം.കെ. വിട്ട് ഭാര്യ രാധികയ്‌കൊപ്പം അണ്ണാ ഡി.എം.കെ.യില്‍ ചേര്‍ന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെപേരില്‍ രാധികയെ പുറത്താക്കിയതോടെ 2007ല്‍ സമത്വ മക്കള്‍ കക്ഷി ആരംഭിച്ചു.
2011ല്‍ തെങ്കാശിയില്‍നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയോടൊപ്പമായിരുന്നു.