Malayalam
മുല്ലപ്പൂ ഒക്കെ ചൂടിയിട്ട് ഒരു നെഗറ്റീവ് പ്രിന്റ് പോലെ അവള്‍ വന്നു, ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. അവളുടെ സാന്നിധ്യം ഇവിടെ ഉണ്ട്; ശരണ്യയുടെ അമ്മ
മുല്ലപ്പൂ ഒക്കെ ചൂടിയിട്ട് ഒരു നെഗറ്റീവ് പ്രിന്റ് പോലെ അവള്‍ വന്നു, ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. അവളുടെ സാന്നിധ്യം ഇവിടെ ഉണ്ട്; ശരണ്യയുടെ അമ്മ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. 2021 ഓഗസ്റ്റില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.
നടി സീമ ജി നായര്‍ ശരണ്യയുടെ കുടുംബത്തോടൊപ്പം സഹായമായി കൂടെയുണ്ടായിരുന്നു. എന്നാല്‍ മരണ ശേഷം തകര്‍ന്നു പോയെന്നും സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വന്നെന്നും പറയുകയാണ് ശരണ്യയുടെ അമ്മ. ഒരിക്കല്‍ സോള്‍ കണ്‍സള്‍ട്ടേഷനിലൂടെ മകളുടെ സാന്നിധ്യം അറിഞ്ഞുവെന്നും ശരണ്യയുടെ അമ്മ പറഞ്ഞു. ഈ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്.
ശരണ്യ മരിച്ച സമയത്ത് സൈക്യാട്രി ട്രീറ്റ്‌മെന്റിലായിരുന്നു ഞാന്‍. സീമ എന്നെ രണ്ട് മൂന്ന് സ്ഥലത്ത് കൊണ്ടു പോയിട്ടുണ്ട്. രാമകൃഷ്ണ മിഷന്‍ ആശുപത്രിയിലെ ഡോക്ടറുടെ മരുന്ന് കഴിച്ചാണ് ഉറങ്ങിയിരുന്നത്. മനസ് സ്വസ്ഥമാകാന്‍ ഉള്ള മരുന്നൊക്കെ കഴിക്കും. പിന്നെ ഡോക്ടര്‍ എന്നെ ആ വീട്ടില്‍ നിന്ന് മാറ്റാന്‍ പറഞ്ഞു. അങ്ങനെ എന്നെ ചെന്നൈയില്‍ അമ്മയുടെ അനിയത്തിയുടെ വീട്ടില്‍ ആക്കി. രണ്ട് മാസം അവിടെയായിരുന്നു. കുഞ്ഞിന്റെ 41നാണ് വരുന്നത്. വീട് പൂട്ടിയിട്ടില്ല.
അവിടെ വിളക്ക് കത്തിക്കാനൊക്കെ ആളെ ഏല്‍പ്പിച്ച് പോവുകയായിരുന്നു. എനിക്ക് അവള്‍ പോയ സമയത്ത് അവള്‍ ഇവിടെ ഇരിക്കുന്നുണ്ട് എന്ന് തോന്നും അവള്‍ കിടന്ന കട്ടില്‍ ഒക്കെ വല്ലാതെ ബാധിച്ചു. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പിന്നെ യൂട്യൂബ് ഒക്കെ നോക്കി ആത്മീയമായ കാര്യങ്ങളിലേക്ക് തിരിഞ്ഞു. ധ്യാനം പോലുള്ള കാര്യങ്ങളില്‍ ഒക്കെ മുഴുകി. അവളെ ഏല്‍പ്പിച്ച കര്‍ത്തവ്യം പൂര്‍ത്തിയാക്കിയാണ് അവള്‍ ലോകത്തോട് വിടപറഞ്ഞത് എന്ന് പിന്നെ എനിക്ക് മനസിലായെന്ന് ശരണ്യയുടെ അമ്മ പറയുന്നു.
‘സോള്‍ കണ്‍സള്‍ട്ടേഷന്‍ വഴി ശരണ്യയുടെ സാന്നിധ്യം അറിയാന്‍ പറ്റി. ഇങ്ങനത്തെ വീഡിയോകള്‍ കുറെ കണ്ടപ്പോഴേക്കും എനിക്ക് എന്റെ മോളേ കാണണം എന്ന് തോന്നി. അങ്ങനെ ഞാന്‍ ആ കണ്‍സള്‍ട്ടേഷന് ഇരുന്നു. ഒരു മുല്ലപ്പൂ ഒക്കെ ചൂടിയിട്ട് ഒരു നെഗറ്റീവ് പ്രിന്റ് പോലെ അവള്‍ വന്നു. അങ്ങനെ ഒരു രൂപം ഞാന്‍ ഇങ്ങനെ കണ്ടു. ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. അവളുടെ സാന്നിധ്യം ഇവിടെ ഉണ്ട് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്,’എന്നും അമ്മ പറഞ്ഞു.
അവസാന സമയത്ത് അവള്‍ക്ക് കാന്‍സര്‍ സ്‌പൈനലില്‍ സ്‌പ്രെഡ് ആയിട്ട് മോനും ശരണ്യയുടെ ചെറിയച്ചനും കൂടിയാണ് ഡോക്ടറെ കാണാന്‍ പോയത്. ഡോക്ടര്‍ ഇനി ഒരു മാസം കൂടിയെ ശരണ്യ ഉള്ളു എന്ന് പറഞ്ഞു. സ്‌പൈനലില്‍ ഒക്കെ സ്‌പ്രെഡ് ആയി. പക്ഷെ ഇവര്‍ എന്നോട് ഒന്നും പറഞ്ഞില്ല. ഒളിച്ചു വെച്ചു. ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞു.
സീമ ജി നായരുമായി തര്‍ക്കമുണ്ടായിട്ടുള്ളത് അതിന് മാത്രമാണ്. മോളെ പാലിയേറ്റീവിലാക്കണമെന്ന് സീമ വിളിച്ചു പറഞ്ഞു. മരണം കാത്തു കിടക്കുന്നവരെയാണ് പാലിയേറ്റീവിലാക്കുക എന്ന് എനിക്ക് അറിയാം. പൈസയാണോ പ്രശ്‌നം, അങ്ങനെ ആണെങ്കില്‍ ഈ വീട് വില്‍ക്കാം എന്നുവരെ പറഞ്ഞു. അവളെ പാലിയേറ്റീവിലാക്കാം എന്ന് പറയുമ്പോഴും അവള്‍ക്ക് ബോധമുണ്ട്. എന്നോട് ഇതൊന്നും ഇവര് പറയുന്നില്ല. സീമയ്ക്ക് എന്നോട് പറയാന്‍ വാക്കുകളില്ല.
തല്‍ക്കാലത്തെ ആശ്വാസത്തിന് റേഡിയേഷന്‍ ചെയ്തു നോക്കാം എന്ന് പറയുന്നുണ്ട്. സ്‌പൈനലില്‍ വന്നിട്ടാണ് ഫിസിയോ തെറാപ്പി ചെയ്യുമ്പോള്‍ ആന ചിന്നം വിളിക്കുന്ന പോലെ ചിന്നം വിളിക്കുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ. കുട്ടി കരയുകായിരുന്നു. പക്ഷെ ഞാന്‍ അവളെ വഴക്ക് പറഞ്ഞു. ഫിസിയോ തെറാപ്പിയൊക്കെ ചെയ്യിക്കണമെന്നാണ് തെറാപ്പിസ്റ്റ് പറയുന്നത്. അങ്ങനെ ഞാന്‍ വഴക്ക് പറഞ്ഞു.
നിനക്ക് മടിയാണ്. നിന്റെ അപ്പിയും മൂത്രവും ഒക്കെ ഞാന്‍ കോരി നിനക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ മടിയാണെന്നൊക്കെ ഞാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ ഇത് പറഞ്ഞത് അവള്‍ ചെയ്യാന്‍ വേണ്ടിയാണ്. ഞാന്‍ ഓമനിച്ച് വഷളാക്കിയെന്നാണ് തെറാപ്പിസ്റ്റ് പറയുന്നത്. പക്ഷെ അവള്‍ക്ക് ഇതൊന്നും ചെയ്യാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷെ അന്ന് അവള്‍ പറഞ്ഞ വാക്ക് ഇന്നും എന്റെ മനസില്‍ തട്ടുന്നതാണ്. ദൈവമേ എന്റെ അമ്മയ്ക്ക് പോലും ഞാന്‍ ഒരു ഭാരമായല്ലോ, എന്നെ അങ്ങ് എടുക്ക് ദൈവമേ എന്നാണ് അവള്‍ പറഞ്ഞ് കരഞ്ഞത്. അത് ഇന്നും മനസില്‍ ഒരു നോവാണെന്നും അമ്മ പറഞ്ഞു.
