Connect with us

ശരണ്യയുടെ ‘സ്‌നേഹസീമ’യില്‍ ഇപ്പോള്‍ ആരുമില്ല; തുറന്ന് പറഞ്ഞ് നടിയുടെ അമ്മ

Actress

ശരണ്യയുടെ ‘സ്‌നേഹസീമ’യില്‍ ഇപ്പോള്‍ ആരുമില്ല; തുറന്ന് പറഞ്ഞ് നടിയുടെ അമ്മ

ശരണ്യയുടെ ‘സ്‌നേഹസീമ’യില്‍ ഇപ്പോള്‍ ആരുമില്ല; തുറന്ന് പറഞ്ഞ് നടിയുടെ അമ്മ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. 2021 ഓഗസ്റ്റില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.

അമ്മയെ തനിച്ചാക്കി മടങ്ങിയെങ്കിലും താന്‍ മകളുടെ ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നുണ്ട് എന്ന് അടുത്തിടെ അമ്മ ഗീത പറയുകയുണ്ടായി. സ്പിരിച്വല്‍ കണ്‍സള്‍ട്ടേഷന്‍ വഴി മകളുടെ ആത്മാവിനോട് സംസാരിക്കാന്‍ കഴിഞ്ഞു എന്നാണ് ശരണ്യയുടെ അമ്മ പറഞ്ഞത്. മകളുടെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. ഈശ്വരന്റെ പ്രൊട്ടെക്ഷനില്‍ ആണ് അവള്‍ നിലനില്‍ക്കുന്നത്. റീ ബെര്‍ത്ത് ഉണ്ടെന്നും മകള്‍ പറഞ്ഞതായും അമ്മ പറയുകയുണ്ടായി. തന്റെ മകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് താന്‍ ജീവിക്കുന്നതെന്നും ഇപ്പോഴും മകള്‍ക്കുവേണ്ടി സമ്മാനം കരുതാറുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, ശരണ്യയുടെ അമ്മ സ്‌നേഹസീമയില്‍ അല്ലേ ഇപ്പോള്‍ താമസം എന്ന് നിരവധി പ്രേക്ഷകര്‍ ആണ് ഗീതയോട് ചോദിച്ചത്. ഇതിനുള്ള ഉത്തരം അടുത്തിടെ ഗീത പങ്കുവച്ച വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു. താന്‍ ഇപ്പോള്‍ കൊല്ലത്താണ് ഉള്ളതെന്നും ശരണ്യയുടെ അനുജത്തിക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചെന്നും അമ്മ പറഞ്ഞു. കുഞ്ഞിനെ നോക്കുന്നതിന്റെ ആവശ്യത്തിനാണ് താന്‍ സ്‌നേഹസീമയില്‍ നിന്നും മാറിനില്‍ക്കുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

ആരാധകര്‍ക്കിടയില്‍ ഇന്നും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ് സ്‌നേഹ സീമ ശരണ്യയുടെ പേരില്‍ അല്ലെ എന്ന കാര്യം. ഒരുപാട് ആളുകള്‍ അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിച്ചിരുന്നുവെന്നും, എന്നാല്‍ പ്രചരിച്ച കാര്യങ്ങളില്‍ ഒരു സത്യവുമില്ല, സ്‌നേഹസീമ ശരണ്യയുടെ പേരിലാണ്. ഇപ്പോഴും അതേ അപ്പോഴും അതേ, എവിടെയും മാറ്റിയിട്ടില്ല എന്നും അമ്മ ഒരിക്കല്‍ പറഞ്ഞിരുന്നു.

മോളുടെ പേരില്‍ ഉള്ള പ്രമാണം മാറ്റി എഴുതാന്‍ എല്ലാവരും പറഞ്ഞിരുന്നു, എന്നാല്‍ ഉടനെ മാറ്റി തന്റെ പേരില്‍ ആക്കാതെ നിര്‍വ്വാഹമില്ല എന്നും ശരണ്യയുടെ അമ്മ പറഞ്ഞിരുന്നു. അതേസമയം മകള്‍ ഇന്നും തങ്ങളുടെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാന്‍ ആണ് ഇഷ്ടം. അവളുടെ അനുഗ്രഹം കൊണ്ടാണ് അനുജത്തിക്ക് ഇപ്പോള്‍ റെയില്‍വേയില്‍ ജോലി കിട്ടിയതെന്നും അമ്മ പറയുകയുണ്ടായി.

ശരണ്യക്ക് വേണ്ടി സീമ ജി നായര്‍ ചെയ്ത് കൊടുത്ത സഹായങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. അവസാന ഘട്ടം വരെയും ശരണ്യയെ ചേര്‍ത്ത് പിടിച്ച് കൊണ്ട് സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു. ശരണ്യക്ക് വേണ്ടി സുമനസ്സുകളുടെ സഹായത്തോടെ വീട് വെച്ച് നല്‍കാനും സീമ ജി നായര്‍ ഒപ്പം നിന്നു. ഈ വീട് സീമയുടെ പേരിലാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രചാരണം നടന്നിരുന്നത്.

ഇതേകുറിച്ച് ഒരിക്കല്‍ സീമയും തുറന്ന് പറഞ്ഞിരുന്നു. ‘ശരണ്യക്ക് വീട് വെച്ച് കൊടുത്തതിന് ശേഷം ശരണ്യയുടെ വീടിന്റെ ആധാരം എന്റെ പേരിലാണെന്ന്. തോന്നുന്നുണ്ടോ ലോകത്താര്‍ക്കെങ്കിലും. ആ കുട്ടിയ്ക്ക് അമ്മയും സഹോദരങ്ങളുമില്ലേ. അവര്‍ വെറും കൈയും കെട്ടി നോക്കി നില്‍ക്കുമോ. അവളിവിടെ നിന്ന് പോയി. അവരെ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നുണ്ട്. ഇതിന്റെയിടയില്‍ കൂടി നമ്മള്‍ക്ക് ആര്‍ക്കും അറിയാത്ത കഥകളാണ് പുറത്ത് പറയുന്നത്. ഇത് കേട്ട് വിശ്വസിക്കുന്നവരുണ്ട്. ഏതെങ്കിലും രീതിയില്‍ നമ്മളെ ആരോടെങ്കിലും സഹായം ചോദിക്കുമ്പോള്‍ ആള്‍ക്കാരുടെ മനസ്സില്‍ ശരണ്യക്ക് വീട് പണിത് കൊടുത്തിട്ട് അവരുടെ ആധാരം ഇവരുടെ പേരിലല്ലേ എന്ന തോന്നല്‍ വരും’.

‘അവള്‍ പോവുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു ഞാനീ ആധാരം കൊണ്ടു വന്ന് ഒരു വീഡിയോ ചെയ്യാമെന്ന്. വേണ്ട മോളേ ചെയ്യേണ്ട, നമുക്ക് ആരെ ബോധിപ്പിക്കാനാണെന്ന്. പക്ഷെ അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ കൂടുതലായി ആള്‍ക്കാര്‍ പറയാന്‍ തുടങ്ങി. അത് വിശ്വസിക്കുന്നവരുമുണ്ട് എന്നും സീമ ജി നായര്‍ പറഞ്ഞു.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് ശരണ്യ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. നാടന്‍ വേഷങ്ങളില്‍ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളില്‍ തിളങ്ങിയിട്ടുള്ളത്. സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 2012ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷം പത്തോളം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top