കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണനാണെങ്കില്‍ നിന്നെ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും പൊക്കിയിരിക്കും; ലെനയെ ഭീഷണിപ്പെടുത്തി മല്ലിക സുകുമാരന്‍; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറാറുള്ളതും.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി ആത്മീയതയെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. വളരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും നടിയ്‌ക്കെതിരെ വന്നിരുന്നു. ഇപ്പോഴിതാ നടിയെക്കുറിച്ചുള്ള സംഭവ കഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒരു സീരിയലിന്റെ പേരില്‍ മല്ലിക സുകുമാരനും ലെനയും തമ്മിലുണ്ടായ പ്രശ്‌നമാണ് ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയത്.
ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത സീരിയലില്‍ ലെനയായിരുന്നു നായിക. ഈ സീരിയല്‍ ചെയ്യവെ മല്ലിക സുകുമാരന്‍ നിര്‍മ്മിക്കുന്ന മറ്റൊരു സീരിയലിന്റെ പേരില്‍ ലെനയ്ക്ക് പ്രശ്‌നങ്ങളുണ്ടായി. ഇതേക്കുറിച്ചാണ് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചത്. മലയാള മനോരമയില്‍ വന്ന ചില്ലുവിളക്ക് എന്ന നോവലാണ് ഞാന്‍ സീരിയലാക്കിയത്. നായികയാക്കി പലരെയും ആലോചിച്ചു. പിന്നീടാണ് ലെനയെ പരിഗണിച്ചത്.
ലെന അന്ന് ഓമനത്തിങ്കള്‍ എന്ന സീരിയലിലൂടെ വലിയ പേരുണ്ടാക്കിയ നടിയാണ്. ലെനയെ വിളിച്ച് സംസാരിച്ചപ്പോള്‍ നടി ചെയ്യാമെന്ന് പറഞ്ഞു. അഞ്ച് എപ്പിസോഡുകള്‍ എടുത്ത ശേഷം ഒന്നോ രണ്ടോ ചാനലുകള്‍ക്ക് കൊടുക്കും. കൊടുത്ത ശേഷം ടെലികാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല്‍ ബാക്കി എപ്പിസോഡുകള്‍ ഷൂട്ട് ചെയ്യാനായിരുന്നു തീരുമാനം. ആദ്യത്തെ എപ്പിസോഡുകള്‍ എടുത്ത് കഴിഞ്ഞ ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടേ ഷൂട്ട് തുടങ്ങൂയെന്ന് ലെനയോട് പറഞ്ഞു. ലെന ഓക്കെ പറഞ്ഞു.
ഈ മൂന്ന് മാസത്തെ സമയത്തിനിടെ മല്ലിക സുകുമാരന്‍ നിര്‍മിക്കുന്ന സീരിയലില്‍ തന്റെ സമ്മതത്തോടെ ലെന ഒപ്പു. ഗള്‍ഫില്‍ എവിടെയോ ആണ് ഷൂട്ടിംഗ്. ഒരു ലക്ഷം രൂപ ലെന അഡ്വാന്‍സ് വാങ്ങി. എന്തോ കാരണത്താല്‍ ഗള്‍ഫിലെ ഷൂട്ടിംഗ് നീണ്ട് പോയി. ഞങ്ങളുടെ സീരിയലിന്റെ ഷൂട്ടിംഗ് നടക്കവെ ഒരു ദിവസം ലെന ആകെ ടെന്‍ഷന്‍ അടിച്ച് എന്റെയടുത്ത് വന്നു. മല്ലിക ചേച്ചിയുടെ സീരിയല്‍ റെഡിയായി, ഗള്‍ഫില്‍ ഷൂട്ടിന് ചെല്ലണമെന്ന് പറയുന്നു, സര്‍ പറയുന്ന പോലെ തീരുമാനം എടുക്കാമെന്ന് ലെന പറഞ്ഞു.
ധര്‍മ്മ സങ്കടത്തിലായ താന്‍ സ്‌ക്രിപ്റ്റ് റൈറ്ററോടും പ്രൊഡക്ഷനിലും സംസാരിച്ചു. 15 ദിവസം ലെന ഞങ്ങളുടെ സീരിയലില്‍ ഷൂട്ട് ചെയ്യും. പതിനഞ്ച് ദിവസം ഗള്‍ഫില്‍ പോയി ഷൂട്ട് ചെയ്യാമെന്നും ധാരണയായി. ലെന മല്ലിക ചേച്ചിയെ വിളിച്ച് സംസാരിച്ചു. മല്ലിക ചേച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല. അതൊന്നും പറഞ്ഞാല്‍ പറ്റില്ല, അഡ്വാന്‍സ് വാങ്ങിച്ചല്ലേ എന്ന് പറഞ്ഞ് ഭയങ്കര പ്രശ്‌നം. മൂന്ന് മാസം മുമ്പാണ് അഡ്വാന്‍സ് വാങ്ങിച്ചത്. ആ ഡേറ്റിന് ഷൂട്ട് ചെയ്തില്ല. എന്നിട്ട് അതിന്റെ എല്ലാ പാപഭാരവും ലെനയുടെ തലയില്‍ വെച്ചു.
എന്നെ ഒഴിവാക്കെന്ന് ലെന പറഞ്ഞപ്പോള്‍ ഒഴിവാക്കുന്ന പ്രശ്‌നമില്ല, നിങ്ങള്‍ അഡ്വാന്‍സ് വാങ്ങിയതാണെന്ന് ലെന. മല്ലിക ചേച്ചി ഭീഷണിയുടെ സ്വരത്തിലാണ് ലെനയോട് സംസാരിച്ചത്. പ്രശ്‌നങ്ങളുടെ മുകളില്‍ പ്രശ്‌നമായി. ലെനയെ ഫോണില്‍ വിളിച്ച് ലെഫ്റ്റ് റൈറ്റ് അടിക്കുകയായിരുന്നു മല്ലിക ചേച്ചി. അന്ന് കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി.
ലെനയെയും കൊണ്ട് ഖത്തറിലേയ്ക്ക് പറക്കാന്‍ മല്ലിക ചേച്ചി എറണാകുളത്തുണ്ട്. പ്രശ്‌നം സങ്കീര്‍ണമായപ്പോള്‍ ലെന ആ സീരിയലില്‍ അഭിനയിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. ലെന പോകാതായപ്പോള്‍ മല്ലിക ചേച്ചി വിളിച്ചു. കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണനാണെങ്കില്‍ നിന്നെ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും പൊക്കിയിരിക്കുമെന്ന് പറഞ്ഞു. പേടിച്ച് പോയ ലെന തന്റെയടുത്ത് വന്നപ്പോള്‍ ധൈര്യം കൊടുത്തെന്നും ശാന്തിവിള പറയുന്നു.
പങ്കജ് ഹോട്ടലിലാണ് ലെന താമസിക്കുന്നത്. തുടര്‍ന്ന് താമസം ഞങ്ങളുടെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പിറ്റേന്ന് ലെന ബാംഗ്ലൂരിലേയ്ക്ക് പോയി. മനസില്ലാ മനസോടെ ലെനയ്ക്ക് പകരം മരുമകളായ പൂര്‍ണിമയെ വെച്ച് മല്ലിക സുകുമാരന്‍ ഈ സീരിയല്‍ ഷൂട്ട് ചെയ്തു. എന്നാല്‍ സീരിയല്‍ പാതിവഴിയ്ക്ക് മുടങ്ങി. ഇടയ്ക്ക് പൂര്‍ണിമ പിണങ്ങിപ്പോകുകയും ചെയ്‌തെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, മാനസികാരോഗ്യത്തെക്കുറിച്ചും മുന്‍ജന്മത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനു പിന്നാലെ, പ്രതികരണവുമായി നടി ലെന. ഈ ലോകത്ത് മുന്‍ ജന്‍മത്തെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെയാള്‍ താനാണോയെന്ന് നടി ചോദിച്ചു. അങ്ങനെ തോന്നുന്ന രീതിയിലാണ് തനിക്കു ലഭിക്കുന്ന പ്രതികരണങ്ങളെന്ന് ലെന വ്യക്തമാക്കി.
പറഞ്ഞ കാര്യങ്ങളില്‍ ഒരു കുറ്റവും കാണുന്നില്ല. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ചെറിയ വിഡിയോകളും റീലുകളുമായി കാണുമ്പോഴുള്ള തെറ്റിദ്ധാരണയാണ് സംഭവിച്ചിരിക്കുന്നതെന്ന് ലെന വിശദീകരിച്ചു. ഇക്കാര്യത്തില്‍ സൈക്കോളജിസ്റ്റ്‌സ് അസോസിയേഷന്‍ അവരുടെ നിലപാട് വ്യക്തമാക്കിയത് നല്ല കാര്യമാണെന്നും ലെന അഭിപ്രായപ്പെട്ടിരുന്നു.
