ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍ മൈഡിയര്‍ കുട്ടിച്ചാത്തന്റെ ആയിരം ഇരട്ടി, മോഹന്‍ലാലിന്റെ ബാറോസിനെ കടത്തിവെട്ടുമെന്ന് ശാന്തിവിള ദിനേശ്; ഇങ്ങനെ ചിരിപ്പിക്കല്ലേയെന്ന് കമന്റുകള്‍
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്.
ദിലീപ് നായകനായി അഭിനയിക്കാനിരുന്ന ത്രീഡി ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. പല പ്രശ്‌നങ്ങളും പ്രതിസന്ധികളും വന്നതോടെ സിനിമയുടെ ചിത്രീകരണം കുഴപ്പത്തിലാവുകയായിരുന്നു. എന്നാല്‍ ദിലീപ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഡിങ്കന്റെ കുറച്ച് ഭാഗങ്ങള്‍ കണ്ടപ്പോള്‍ അത് ഗംഭീര സിനിമയായിരിക്കുമെന്ന് തനിക്ക് ഉറപ്പായെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് പറഞ്ഞത്.
മാത്രമല്ല മോഹന്‍ലാലിന്റെ ബറോസ് എന്ന സിനിമയെക്കാളും മുകളില്‍ പോകുമെന്ന് തനിക്ക് തോന്നുന്നതായിട്ടും അദ്ദേഹം വ്യക്തമാക്കുന്നു. ‘ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്റെ കുറച്ച് വിഷ്യുല്‍സ് ഞാന്‍ കണ്ടു. ത്രീഡി വിഷ്യുല്‍സായിരുന്നു. സത്യം പറഞ്ഞാല്‍ മൈഡിയര്‍ കുട്ടിച്ചാത്തന്റെ ആയിരം ഇരട്ടി മുകളില്‍ വരുമത്. മോഹന്‍ലാലിന്റെ സംവിധാനത്തിലെത്തുന്ന ബറോസ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച അതേ ടെക്‌നിക്കുകളും ക്യാമറയും മറ്റുമൊക്കെയാണ് ദിലീപ് സിനിമയ്ക്കും ഉപയോഗിച്ചിരിക്കുന്നത്.
ബറോസിനെക്കാളും മുകളില്‍ പോകുമോ പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തന്നെയാണ് തോന്നുന്നതെന്ന് ശാന്തിവിള ദിനേശന്‍ പറയുന്നു. തായ്‌ലാന്‍ഡില്‍ ഒരു വനിത ഫൈറ്ററുണ്ട്. അവരുടെ ഒരു ഫൈറ്റ് സീന്‍ എനിക്ക് കാണിച്ച് തന്നു. നമ്മള്‍ കിടുങ്ങി പോകും. അതുപോലെയാണ് ചെയ്തിരിക്കുന്നത്. പിന്നെ നാദിര്‍ഷ അതിലൊരു പാട്ട് ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം ഗോപി സുന്ദറാണ്. നാദിര്‍ഷ ചെയ്ത പാട്ട് അദ്ദേഹം തന്നെ എഴുതി സംഗീതം പകര്‍ന്നതാണ്.
മാത്രമല്ല ഒന്നരക്കോടിയോളം രൂപ ചിലവഴിച്ചിട്ടാണ് ആ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ആ പാട്ട് തായ്‌ലാന്‍ഡില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. അതിന്റെ സെറ്റ് കണ്ടാല്‍, അതുപോലെ ദിലീപും നായികയും ഒരുമിച്ചുള്ള സീന്‍ കണ്ടാല്‍ ഏത് പ്രേക്ഷകനും ഇരുന്ന് പോകും. പാട്ട് പുറത്ത് വന്ന് നമ്മള്‍ കണ്ടാല്‍ തന്നെ തിയേറ്ററില്‍ പോയി ഡിങ്കന്‍ കാണും. ആ സിനിമ വലിയൊരു വിജയമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നതായി’, അദ്ദേഹം പറയുന്നു.
എന്നാല്‍ ശാന്തിവിള ദിനേശിനെ കളിയാക്കിയും ദിലീപ് ചിത്രത്തെ പരിഹസിച്ച് കൊണ്ടുമാണ് ചിലര്‍ എത്തിയിരിക്കുന്നത്. ‘പ്രൊഫസര്‍ ഡിങ്കന്റെ പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ മനസിലായി നല്ല ടെക്‌നിക്കല്‍ ക്വാളിറ്റി ഉള്ള പടം ആണെന്ന്, ചിരിപ്പിക്കാന്‍ വേണ്ടി ഓരോന്ന് പറഞ്ഞ് വന്നോളും. ദിലീപിന്റെ കൈയ്യില്‍ നിന്നും വാങ്ങിയ കാശിനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നേട്ടത്തിനോ വേണ്ടി ഇങ്ങനൊന്നും പറയരുത്’.
അതേ സമയം ഈ സിനിമയുടെ നിര്‍മാതാവിന്റെ കഷ്ടപ്പാട് തീരണമെങ്കില്‍ പടം റിലീസ് ചെയ്യണമെന്ന് പറയുകയാണ് ചിലര്‍. ‘ഡിങ്കന്‍ എന്ന പടത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് ഈ പടം റിലീസ് ചെയ്യുവാന്‍ കഴിയുമോ? സനല്‍ ചേട്ടന്‍ന്റെ ദുഃഖങ്ങള്‍ തീരുമോ? ഈ പടം റിലീസായാല്‍ ദിലീപേട്ടന്റെ റെയിഞ്ച് വേറെ ലെവലാകും. ഒപ്പം സനല്‍ എന്ന നിര്‍മ്മാതാവും രക്ഷപ്പെടും. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ’, എന്ന്് ഒരു ആരാധകന്‍ പറയുന്നു.
ചിലര്‍ ഡിങ്കന്റെ ടീസര്‍ കണ്ടതിനെ കുറിച്ചും കമന്റ് വന്നിരുന്നു. എന്തിരന്‍ 2.0 കാണാന്‍ പോയപ്പോള്‍ ഏരിയപ്ലെസ് ഓഡിയില്‍ ഡിങ്കന്റെ ടീസര്‍ കാണാന്‍ ഇടയായി. ടിക്കറ്റിന് കൊടുത്ത 200 മുതലായെന്ന് തോന്നിയത് അപ്പോഴാണ്. മൂന്ന് മണിക്കൂര്‍ ഇരുന്ന് ആ പടം കണ്ടതിലും ഒന്നര മിനുറ്റ് ടീസര്‍ തന്ന എക്‌സ്പീരിയന്‍സായിരുന്നു വലുതെന്ന് പറയുകയാണ് ആരാധകര്‍.
അതേസമയം, തന്റെ പുത്തന്‍ സിനിമകളുമായി തിരക്കിലാണ് ദിലീപ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്റെ ‘തങ്കമണി’ എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. തങ്കമണി സംഭവത്തിന്റെ തീവ്രത വിളിച്ചോതുന്ന തരത്തിലുള്ളതാണ് പാട്ട്. ബി ടി അനില്‍കുമാര്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. വില്യം തന്നെണ് ആലപിച്ചിരിക്കുന്നതും. ഉടല്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി.
ദിലീപിന്റെ സിനിമാ കരിയറിലെ നൂറ്റി നാല്‍പ്പത്തിയെട്ടാമത്തെ ചിത്രമാണ് ‘തങ്കമണി’. ബിഗ് ബജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടത്തിയിരുന്നു. ഈ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.
