സാഗർ സൂര്യ ബിഗ്‌ബോസ് ഹൗസിൽ നിന്ന് പുറത്തായി, നോമിനേഷനിലെ പാളിച്ച വിനയായി!
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അൻപത് ദിവസം പിന്നിട്ട് മുന്നേറുകയാണ്.ഇതിനിടയിൽ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. നടനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനുമായ മത്സരാർഥി സാഗർ സൂര്യയാണ് പുറത്തായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത്തവണത്തെ എവിക്ഷൻ വളരെ നിർണായകമായിരുന്നു.
കാരണം നോമിനേഷനിൽ വന്നവരെല്ലാം ഒന്നിനൊന്ന് ശക്തരും ഗെയിം മനസിലാക്കി കണ്ടന്റ് കൊടുത്ത് കളിക്കുന്നവരുമായിരുന്നു. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്.അതിൽ നിന്നും ഏറ്റവും കുറവ് ജനപിന്തുണ ലഭിച്ച സാഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്.
ഇത്തവണ എവിക്ഷനിൽ വന്നവരെല്ലാം ശക്തരായ മത്സരാർഥികളായതുകൊണ്ട് തന്നെ എവിക്ടായ സാഗറിനെ സീക്രട്ട് റൂമിലേക്ക് മാറ്റി എന്നൊക്കെ റൂമറുകൾ വന്നിരുന്നു. എന്നാൽ അങ്ങനെ ഒരു സീക്രട്ട് റൂമില്ലെന്നും സാഗർ പുറത്തായത് തന്നെയാണെന്നുമാണ് റിപ്പോർട്ട്. ഫൈനൽ ഫൈവിലേക്ക് വരാൻ സാധ്യതയുള്ളൊരു മത്സരാർഥിയായിരുന്നു സാഗർ സൂര്യ.
പക്ഷെ സെറീനയുമായുള്ള ലവ് ട്രാക്ക്, പ്രവോക്ക് ചെയ്തുള്ള പെരുമാറ്റം, ബിബി ഹോട്ടൽ ടാസ്ക്കിലെ ഗസ്റ്റിൽ നിന്നും പണം തട്ടിപറിക്കാനുള്ള ശ്രമം എന്നിവയാണ് സാഗറിനുള്ള ജനപിന്തുണയിൽ ഇടിവ് വരാൻ കാരണം. സെറീനയുമായുള്ള ലവ് ട്രാക്ക് ആരംഭിക്കുന്നത് മുമ്പ് സാഗറിന് മികച്ച പ്രേക്ഷക പിന്തുണയുണ്ടായിരുന്നു.
പിന്നീട് വീക്കിലി ടാസ്ക്കിൽ പലതിലും ഗെയിം മനസിലാക്കാതെ സാഗർ കളിച്ചത് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. തെറ്റ് മനസിലാക്കാതെ സാഗർ സൂര്യ പെരുമാറുന്നുവെന്നൊരു അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. സെറീനയുമായുള്ള ലവ് ട്രാക്ക് പോലെ തന്നെ നാദിറയുമായുള്ള ഫ്രണ്ട്ഷിപ്പും സാഗറിന് തിരിച്ചടിയായിട്ടുണ്ട്.
സാഗർ പുറത്ത് പോകുന്നതോടെ സെറീന, നാദിറ തുടങ്ങിയവർ ഒറ്റയ്ക്ക് നിന്ന് കളിക്കാൻ തുടങ്ങും. ഇരുവരുടേയും ഗെയിം ഉയർന്ന് വരാനും സാധ്യതയുണ്ട്. അമ്പത് ദിവസത്തോട് അടുക്കാനായപ്പോഴാണ് സാഗറിനോടുള്ള ഇഷ്ടം നാദിറ തുറന്ന് പറഞ്ഞത്. ഇതോടെ നാദിറയോട് പ്രേക്ഷകർക്കുള്ള താൽപര്യവും കുറഞ്ഞു.
നാദിറയുടെ ഗെയിമും സാഗറിലേക്ക് മാത്രമായി ചുരുങ്ങിയെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. ക്യാപ്റ്റൻസി കൈവള്ളയിൽ വന്നിട്ടും അവസാന നിമിഷം നഷ്ടപ്പെട്ട് പോയൊരു മത്സരാർഥിയാണ് സാഗർ. അതിന് കാരണം ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാലിന് മുമ്പിൽ വെച്ച് സാഗർ അഖിലുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതാണ്.
സാഗർ പുറത്തായി എന്ന റിപ്പോർട്ടുകൾ വന്ന് തുടങ്ങിയതോടെ പ്രേക്ഷകരിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. ‘അൺഫെയറായി പോയി. കണ്ടന്റ് കൊടുക്കുന്നവരെ പുറത്താക്കരുത്, ഈ ആഴ്ച ആര് പോയാലും നഷ്ടം തന്നെയാണ്. സഗർ നന്നായി ഗെയിം കളിച്ച് തുടങ്ങിയിരുന്നു’, എന്നൊക്കെയാണ് പ്രേക്ഷകർ കമന്റായി കുറിക്കുന്നത്.
അതേസമയം ഒമ്പതാം ആഴ്ചയിലെ വീക്ക്ലി ടാസ്ക്കിൽ ബസർ അടിച്ചതിന്റെ പേരിൽ മോഹൻലാൽ സാഗറിനെ ഇന്ന് വരാനിരിക്കുന്ന എപ്പിസോഡിൽ ചോദ്യം ചെയ്യുന്നതായി പുതിയ പ്രമോയിൽ കാണാം. നോ ഫൈറ്റ് വീക്കായത് കൊണ്ട് തന്നെ പ്രവോക്ക് ചെയ്യാനോ പ്രവോക്ക് ആകാനോ പാടില്ലെന്ന് മത്സരാർഥികൾക്ക് നിർദേശമുണ്ടായിരുന്നു.
നിർദേശം തെറ്റിച്ച് ആരെങ്കിലും പെരുമാറിയതായി കണ്ടാൽ ബസർ അടിക്കാം. അത്തരത്തിൽ ശോഭയെ പ്രവോക്ക് ചെയ്താണ് സാഗർ ബസർ അടിച്ചത്. രണ്ട് തവണ സാഗറും ഒരു തവണ അഖിൽ മാരാരും ബസർ അടിച്ചു. അതോടെ ടാസ്ക്ക് കാൻസലാവുകയും അഞ്ഞൂറ് ലക്ഷ്വറി പോയിന്റ് വീട്ടുകാർക്ക് നഷ്ടപ്പെടുകയും ചെയ്തു.
ടാസ്ക്കിൽ നിന്നും മനപ്പൂർവം പിന്മാറി പുറത്ത് പോയിട്ടാണോ ബസർ അടിച്ചതെന്ന് പുതിയ പ്രമോയിൽ മോഹൻലാൽ സാഗറിനോട് ചോദിക്കുന്നുണ്ട്. സാഗറിന് പകരം ശോഭ പുറത്താകുമെന്നായിരുന്നു സോഷ്യൽമീഡിയയിൽ വന്ന പ്രെഡിക്ഷൻ.