News
പ്രശ്‌നം അഡ്മിനിസ്‌ട്രേഷന്റേത്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി സ്വീകരിച്ചു; ഖേദം പ്രകടിപ്പിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍
പ്രശ്‌നം അഡ്മിനിസ്‌ട്രേഷന്റേത്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി സ്വീകരിച്ചു; ഖേദം പ്രകടിപ്പിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍
സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി സ്വീകരിച്ചതായും സച്ചിദാനന്ദന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിശകാണെന്നും ബാലചന്ദ്രനുണ്ടായ വിഷമത്തില്‍ തങ്ങള്‍ക്ക് സങ്കടമുണ്ടെന്നും, നേരത്തെ ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രശ്‌നം പരിഹരിച്ച് നടപടി സ്വീകരിച്ചു. പ്രശ്‌നം അഡ്മിനിസ്‌ട്രേഷന്റേതാണ്. സാഹിത്യോത്സവം നടക്കുന്നത് ചുരുങ്ങിയ ഫണ്ട് ഉപയോഗിച്ചാണ്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്‌നമാണ്. ഒരു വ്യക്തിയുടേത് മാത്രമായി കാണാനാകില്ല’ എന്നും സച്ചിദാനന്ദന്‍ വിശദമാക്കി.
കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത് വന്നത്. അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് നല്‍കിയത് വെറും 2400 രൂപയാണെന്ന് ചുള്ളിക്കാട് വ്യക്തമാക്കി. സിഐസിസി ജയചന്ദ്രനാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
തനിക്ക് കേരള ജനത നല്‍കിയ വിലയെന്തെന്ന് മനസിലാക്കിയത് ഈ കഴിഞ്ഞ ജനുവരി 30നായിരുന്നു എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ കുറിപ്പില്‍ പറഞ്ഞത്. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി ക്ഷണിചിരുന്നുവെന്നും, താന്‍ കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
50 വര്‍ഷം ആശാന്‍ കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസിലാക്കിയ കാര്യങ്ങളാണ് അവിടെ പറഞ്ഞതെന്നും അതിന്റെ പ്രതിഫലമായി എനിക്ക് നല്‍കിയത് വെറും 2400 രൂപയാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നു.
മന്ത്രിമാര്‍ക്ക് മുന്‍പില്‍ കുനിഞ്ഞുനിന്ന് അവാര്‍ഡ് വാങ്ങാനും, വിശിഷ്ടാംഗത്വം സ്വീകരിക്കാനോ താന്‍ ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസില്‍ നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
