Connect with us

എനിക്കു കൽപിച്ചിരിക്കുന്ന വില വെറും 2400 രൂപ; കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് !!

Malayalam

എനിക്കു കൽപിച്ചിരിക്കുന്ന വില വെറും 2400 രൂപ; കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് !!

എനിക്കു കൽപിച്ചിരിക്കുന്ന വില വെറും 2400 രൂപ; കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് !!

പ്രശസ്ത മലയാളകവിയും, അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും, ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. 1982-ൽ പുറത്തിറങ്ങിയ ‘പോക്കുവെയിൽ’ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 70-ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

ഇപ്പോഴിതാ കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ജയചന്ദ്രൻ ഇത് പങ്കുവച്ചത്.

തനിക്ക് കേരള ജനത നൽകിയ വിലയെന്തെന്ന് മനസിലാക്കിയത് ഈ കഴിഞ്ഞ ജനുവരി 30നായിരുന്നു എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്. ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിചിരുന്നുവെന്നും, താൻ കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്‌തുവെന്നും കവി പറഞ്ഞു.

50 വർഷം ആശാൻ കവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസിലാക്കിയ കാര്യങ്ങളാണ് അവിടെ പറഞ്ഞതെന്നും അതിന്റെ പ്രതിഫലമായി എനിക്ക് നൽകിയത് വെറും 2400 രൂപയാണെന്നും ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച് സിഐസിസി ജയചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

മന്ത്രിമാർക്ക് മുൻപിൽ കുനിഞ്ഞുനിന്ന് അവാർഡ് വാങ്ങാനും, വിശിഷ്ടാംഗത്വം സ്വീകരിക്കാനോ താൻ ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസിൽ നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്; അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‍ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം:

കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024). കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്‌തു.

അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്. പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ് (2400/-). എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).

3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.

മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.

More in Malayalam

Trending

Recent

To Top