News
സാറ്റേണ്‍ പുരസ്‌കാരം സ്വന്തമാക്കി ‘ആര്‍ ആര്‍ ആര്‍’
സാറ്റേണ്‍ പുരസ്‌കാരം സ്വന്തമാക്കി ‘ആര്‍ ആര്‍ ആര്‍’
മികച്ച അന്താരാഷ്ട്ര പുരസ്‌കാരമായ ഹോളിവുഡിലെ സാറ്റേണ്‍ പുരസ്‌കാരം സ്വന്തമാക്കി ‘ആര്‍ ആര്‍ ആര്‍’. ആര്‍ ആര്‍ ആറിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ടീമിനും ആശംസകള്‍ അറിയിക്കുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.
അക്കാദമി ഓഫ് സയന്‍സ് ഫിക്ഷന്‍, ഫാന്റസി ആന്‍ഡ് ഹൊറര്‍ ഫിലിംസ് വര്‍ഷം തോറും നല്‍കുന്ന അമേരിക്കന്‍ പുരസ്‌കാരമാണ് സാറ്റേണ്‍ അവാര്‍ഡ്. സയന്‍സ് ഫിക്ഷന്‍, ഫാന്റസി, സിനിമ, ഹൊറര്‍ എന്നീ വിഭഗത്തിലുള്ള സിനിമകളെയാണ് പരിഗണിക്കുക. ആഗോള തലത്തില്‍ തന്നെ ശ്രദ്ധനേടി ആരാധകരെ സ്വന്തമാക്കിയ ചിത്രമാണ് ആര്‍ ആര്‍ ആര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ബ്രഹ്മാണ്ഡ സിനിമയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയും രാം ചരണും ജൂനിയര്‍ എന്‍ടിആറും സിനിമയുടെ പ്രദര്‍ശനത്തിന് വേണ്ടി ജപ്പാനിലേക്ക് പോകുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. പ്രശസ്ത ഹോളിവുഡ് സംവിധായകരടക്കം മികച്ച അഭിപ്രായമാണ് ആര്‍ ആര്‍ ആറിന് നല്‍കിയത്.
ബ്രിട്ടീഷ് രാജ് കാലഘട്ടത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീതാമര രാജുവും ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കൊമരം ഭീമും തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദമാണ് സിനിമയുടെ പ്രമേയം. ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
