Connect with us

ചേട്ടൻ എനിക്കു വേണ്ടി ഒരുപാട് മാറിയെന്ന് ആരതി പൊടി, മുമ്പ് അലറി വിളിക്കുമായിരുന്നു, ഇപ്പോൾ കുറച്ചുവെന്ന് റോബിനും; വിവാഹ തീയതി പരസ്യമാക്കി താരങ്ങൾ

ചേട്ടൻ എനിക്കു വേണ്ടി ഒരുപാട് മാറിയെന്ന് ആരതി പൊടി, മുമ്പ് അലറി വിളിക്കുമായിരുന്നു, ഇപ്പോൾ കുറച്ചുവെന്ന് റോബിനും; വിവാഹ തീയതി പരസ്യമാക്കി താരങ്ങൾ

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.

ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.

ഇപ്പോഴിതാ ആദ്യമായി വിവാഹ തീയതി പരസ്യപ്പെടുത്തിയിരിക്കുകയാണ് റോബിനും ആരതിയും. അടുത്ത വർഷം ഫെബ്രുവരി 16നാണ് ഇരുവരും വിവാഹിതരാകുന്നതെന്നാണ് ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിയ്ക്കിടെ ഇരുവരും വെളിപ്പെടുത്തിയത്. 2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് വിവാഹ തീയതി പരസ്യമാക്കി റോബിനും ആരതി പൊടിയും രംഗത്തെത്തുന്നത്. തനിക്കു വേണ്ടി റോബിൻ ഒരുപാടു മാറിയെന്ന് ആരതി പറഞ്ഞു. ‘‘തെറ്റു പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്. എനിക്കു വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ് എന്നും ആരതി വെളിപ്പെടുത്തി.

ഇക്കാര്യം സത്യമാണെന്ന് റോബിനും സമ്മതിച്ചു. മുൻപ് ഞാൻ വളരെ അഗ്രസീവ് ആയിരുന്നു. അലറി വിളിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു. നിശ്ചയം കഴിഞ്ഞതിന്റെ ഒന്നാം വാർ‌ഷികത്തിൽ വിവാഹം ഉടനെ ഉണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. അതിനു പിന്നാലെ ജൂൺ 26നാകും വിവാഹമെന്നും റോബിൻ വെളിപ്പെടുത്തി. എന്നാൽ, ആ തീയതിയിൽ വിവാഹം നടന്നില്ല. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. അത്തരം ചർച്ചകൾക്കിടയിലാണ് റോബിൻ വിവാഹ തീയതി പരസ്യമായി പ്രഖ്യാപിച്ചത്.

ഒരു യുട്യൂബ് ചാനലിൽ റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. റോബിനാണ് ആദ്യം പ്രണയം പറഞ്ഞിരുന്നതെന്നും തീരുമാനമെടുക്കാൻ താൻ സമയം ചോദിച്ചിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു.

പലരും ചോദിക്കുന്നു, കല്യാണം കഴിക്കുന്നില്ലേ കഴിക്കുന്നില്ലേ എന്ന്. ഞങ്ങൾ തമ്മിലാണ് കല്യാണം കഴിക്കുന്നത്. ശരിയായ സമയത്ത് ഞങ്ങൾ കല്യാണം കഴിക്കും. പക്വതയുള്ള വ്യക്തികളാണ്. ഞങ്ങൾക്ക് ചെയ്ത് തീർക്കാൻ കുറേ കാര്യങ്ങളുണ്ട്. ശരിയായ സമയം ആകുമ്പോൾ കഴിക്കും. രണ്ട് പേരും വ്യക്തിരപരമായ രീതിയിൽ മുന്നോട്ട് പോകുന്നവരാണ് എന്നുമാണ് അടുത്തിടെ റോബിൻ പറഞ്ഞത്.

അതേസമയം, അടുത്തിടെ എന്തുകൊണ്ടാണ് വിവാഹ നിശ്ചയത്തിന്റെ ചെലവ് താൻ തന്നെ വഹിച്ചതെന്നതിനെ കുറിച്ച് ആരതി പൊടി പറഞ്ഞിരുന്നു. എന്റെ വിവാഹ നിശ്ചയം ഞാൻ തന്നെയാണ് നടത്തിയത്. ഞാനിത് ഒരു വേദിയിൽ പറഞ്ഞപ്പോൾ എന്നോട് പലരും ചോദിച്ചു, അതെന്തേ അച്ഛൻ നടത്തി തരാതിരുന്നത് എന്ന്. അത് അച്ഛന് നടത്തി തരാൻ പറ്റാത്തതു കൊണ്ടല്ല. എന്റെ ആഗ്രഹമായിരുന്നു. എന്റെ അച്ഛൻ ദുബായിൽ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എന്റെ വിവാഹ നിശ്ചയവും കല്യാണവും ആർഭാടമായി നടത്തി കളയാനുള്ളതല്ല.

എന്റെ ആഗ്രഹമാണിത്. അതിനാൽ എനിക്ക് സ്വന്തമായി ചെയ്യണം എന്നുണ്ടായിരുന്നു എന്നാണ് ആരതി പറയുന്നത്. അവർ സമ്പാദിച്ചത് ഭാവിയിൽ അവർക്ക് പ്രായം ആകുമ്പോൾ ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ഉപകരിക്കണം എന്നതാണ് എന്റെ ആഗ്രഹം. എന്റേയും എന്റെ ചേച്ചിയുടേയും കയ്യിൽ നിന്നും അച്ഛനും അമ്മയും ഒരു പൈസയും വാങ്ങില്ല. അത് നിങ്ങൾക്കായി ഉപയോഗിച്ചോളൂ എന്നാണ് പറയുക എന്നും ആരതി പറഞ്ഞിരുന്നു.

More in Social Media

Trending

Recent

To Top