Movies
‘കാന്താര ചാപ്റ്റർ 1’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് ഋഷഭ് ഷെട്ടി
‘കാന്താര ചാപ്റ്റർ 1’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് ഋഷഭ് ഷെട്ടി
കന്നഡയിൽ നിന്നെത്തി അപ്രതീക്ഷിത വിജയം കൈവരിച്ച ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിൻറെ രണ്ടാം ഭാഗം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘കാന്താര ചാപ്റ്റർ 1’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം 2025 ഒക്ടോബർ 2ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
നടനും, സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടർച്ച ഒരുക്കുന്നത്. ചിത്രത്തിൻറെ നിർമാതാക്കളായ ഹോംബാലെ ഫിലിംസും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ഋഷഭിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
നടൻ ജയറാമും മോഹൻലാലും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരമുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. കാന്താര 2 മൂന്നാം ഷെഡ്യൂൾ കർണാടകയിലെ കുന്ദാപുരത്ത് പുരോഗമിക്കുന്നുണ്ട്. തുടർച്ചയായി 60 ദിവസം നീണ്ടുനിൽക്കുന്ന വലിയ ഷെഡ്യൂളാണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ഷെഡ്യൂളിനായി ഋഷഭ് കുതിരസവാരിയും കളരിപ്പയറ്റും പരിശീലിച്ചിരുന്നു.
കാന്താരയുടെ ആദ്യ ഭാഗം 2022 സെപ്‍തംബറിലായിരുന്നു പ്രദർശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മാറുകയായിരുന്നു. റെക്കോർഡുകൾ ഭേദിച്ചാണ് കാന്താര മുന്നേറിയത്.
