News
തന്റെ ജീവിതകഥയും ഗവേഷണവും അനുമിയില്ലാതെ ഉപയോഗിച്ചു; അക്ഷയ്കുമാറിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുമെന്ന് ഗവേഷകന്
തന്റെ ജീവിതകഥയും ഗവേഷണവും അനുമിയില്ലാതെ ഉപയോഗിച്ചു; അക്ഷയ്കുമാറിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുമെന്ന് ഗവേഷകന്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അടുത്തിടെയായിരുന്നു താരത്തിന്റെ ‘രാം സേതു’ എന്ന ചിത്രം റിലീസ് ആയത്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബില്‍ നിന്നും ഒരു ചരിത്ര ഗവേഷകന്. അശോക് കുമാര്‍ കൈന്ത് എന്ന വ്യക്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജീവിതകഥയും ഗവേഷണവുമാണ് ചിത്രത്തില്‍ അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്, ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ശ്രീലങ്കന്‍ സര്‍ക്കാറിന്റെ രാമായണ് റിസര്‍ച്ച് കമ്മിറ്റി മേധാവിയാണ് അശോക് കുമാര്‍. ഹിന്ദു പുരാണത്തില്‍ പറയുന്ന രാം സേതു തേടിയിറങ്ങുന്ന ഗവേഷകരുടെ കഥയാണ് അഭിഷേക് ശര്‍മ സംവിധാനം ചെയ്ത സിനിമ പറഞ്ഞത്. ഡോ. ആര്യന് എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ സ്ക്രീനില്‍ എത്തിയത്.
രാമായണത്തില്‍ പറയുന്ന സംഭവങ്ങള്‍ നിലനിന്നിരുന്നു എന്ന് തെളിയിക്കുന്നതിനായി താന്‍ നടത്തിയ ഗവേഷണങ്ങളാണ് സിനിമയില്‍ പറയുന്നത്. എന്നാല്‍ സിനിമയില്‍ പലകാര്യങ്ങളും കെട്ടിച്ചമച്ചിട്ടുണ്ട്. സിനിമക്കാര്‍ തന്നെ സമീപിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനാവുമായിരുന്നു എന്നാണ് അശോക് പറയുന്നത്.
അതേസമയം, തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം എത്തിയ അക്ഷയ് കുമാറിന്റെ രാം സേതുവിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എങ്കിലും 15 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. അതോടെ ഈ വര്‍ഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ മികച്ച ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമായി രാം സേതു.
ഈ വര്‍ഷം റിലീസ് ചെയ്ത ‘ബച്ചന് പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രക്ഷാബന്ധന്’ എന്നിങ്ങനെയുള്ള സിനിമളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറിന്റെ ഹിറ്റ് ചിത്രമായിരിക്കും രാം സേതു എന്നാണ് വിലയിരുത്തല്‍. ജാക്വിലിന് ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു.
