Bollywood
മത സംഘർഷം, സ്വ വർഗ ര തി; നാളെ റിലീസ് ചെയ്യാനുള്ള അജയ് ദേവ്ഗൺ, കാർത്തിക് ആര്യൻ ചിത്രങ്ങൾക്ക് വിലക്ക്
മത സംഘർഷം, സ്വ വർഗ ര തി; നാളെ റിലീസ് ചെയ്യാനുള്ള അജയ് ദേവ്ഗൺ, കാർത്തിക് ആര്യൻ ചിത്രങ്ങൾക്ക് വിലക്ക്
അജയ് ദേവ്ഗണിന്റേതായും കാർത്തിക് ആര്യന്റേതായും ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ് സിംഗം എഗെയ്ൻ, ഭൂൽ ഭുലയ്യ 3. ഇപ്പോഴിതാ ഈ രണ്ട് സിനിമകൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. മത സംഘർഷം, സ്വ വർഗര തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്.
ഹിന്ദു- മുസ്ലിം സംഘർഷം ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് സിംഗം എഗെയ്ന് വിലക്ക് ഏർപ്പെടുത്തിയത്. സ്വ വർഗര തിയെ കുറിച്ച് പരാമർശം നടത്തുന്നുണ്ടെന്നതിനാലാണ് ഭൂൽ ഭുലയ്യ 3യ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. നവംബർ ഒന്നിനാണ് ഈ സിനിമകൾ ആഗോളതലത്തിൽ റിലീസിന് ഒരുങ്ങുന്നത്.
ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സ്. സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഇവരുടേതായി പുറത്തു വന്ന ചിത്രങ്ങൾ. ഈ ഫ്രാഞ്ചൈസിയുടെ അടുത്ത ചിത്രമാണ് ‘സിങ്കം എഗെയ്ൻ’. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
അജയ് ദേവ്ഗണ്ണിനൊപ്പം ദീപിക പദുക്കോൺ, രൺവീർ സിങ്, കരീന കപൂർ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, ജാക്കി ഷ്റോഫ്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്. സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത ‘സിങ്കം’ സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ‘സിംഗം’ സീരിസിന് തുടക്കമിട്ടത്.
മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയി പ്രിയദർശൻ ബോളിവുഡിൽ അവതരിപ്പിച്ച ചിത്രമായിരുന്നു 2007-ൽ പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ. 2022-ൽ അനീസ് ബസ്മിയുടെ സംവിധാനത്തിൽ ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. രണ്ടും സൂപ്പർഹിറ്റുകളായിരുന്നു.
ആദ്യ ഭാഗത്തിൽ അക്ഷയ് കുമാർ, വിദ്യ ബാലൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. രണ്ടാം ഭാഗത്തിൽ കാർത്തിക് ആര്യൻ, കിയാര അദ്വാനി, തബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്നാം ഭാഗത്തിൽ വിദ്യ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഭൂൽ ഭുലയ്യ 2-ൽ അവതരിപ്പിച്ച റൂഹ് ബാബ എന്ന കഥാപാത്രമായാണ് കാർത്തിക് ആര്യനെത്തുന്നത്. മാധുരി ദീക്ഷിത് ഒരു സുപ്രധാന വേഷത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രജ്പാൽ യാദവ്, വിജയ് റാസ്, അശ്വിനി കലേസ്കർ, രാജേഷ് ശർമ, സഞ്ജയ് മിശ്ര എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.