Connect with us

സിനിമ സംഘടനകളുടെ ചരിത്രം .. പത്ര പ്രവർത്തക രേണു രാമനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് !!!

Malayalam Articles

സിനിമ സംഘടനകളുടെ ചരിത്രം .. പത്ര പ്രവർത്തക രേണു രാമനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് !!!

സിനിമ സംഘടനകളുടെ ചരിത്രം .. പത്ര പ്രവർത്തക രേണു രാമനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് !!!

സിനിമ സംഘടനകളുടെ ചരിത്രം .. പത്ര പ്രവർത്തക രേണു രാമനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് !!!

മലയാള സിനിമ ഇപ്പോൾ താര സംഘടനയുടെ പേരിൽ ആകെ മൊത്തം ചർച്ചയായിരിക്കുകയാണ്. ദിലീപിനെ തിരിച്ചെടുത്തത്തിലൂടെ ഉയർന്ന ചർച്ചകൾ മലയാള സിനിമയിൽ സംഘടനാ പ്രവർത്തനത്തിന്റെ ചരിത്രം വരെ എത്തിനിൽക്കുന്നു. അമ്മയോട് പൊരുതി രാജി വച്ച മക്കൾക്ക് നീതി ലഭിക്കുമോ , മൗനമായിരിക്കുന്ന മുതിർന്ന താരങ്ങളുടെ നിലപാടെന്ത്‌ എന്നൊക്കെ ചോദ്യങ്ങളുയരുമ്പോൾ വർഷങ്ങൾക്ക് മുൻപ് 21 വയസിൽ സംഘടനാ ഒതുക്കിയ പ്രിത്വിരാജിന്റെയും ഒപ്പം മീര ജാസ്മിന്റെയും ഒടുവിൽ തിലകനും വിനയനും ആക്രമിക്കപ്പെട്ട നടി വരെയും ഉൾപ്പെടുന്ന ഇരയാക്കപ്പെട്ടവരുടെ ചരിത്രം തുടരുകയാണ്. ഈ അവസരത്തിൽ ‘അമ്മ എന്ന താര സംഘടന അംഗങ്ങളുടെ അവകാശങ്ങളെ ചൂഷണം ചെയ്യുന്നതും അതിന്റെ മറവിൽ വളർന്നു വന്ന ജനപ്രിയനും ചർച്ചയാകുന്നു. സംഘടനയുടെ അധികമാരും കാണാത്ത ചരിത്രമാണ് പത്രപ്രവർത്തക രേണു രാമനാഥ് പുറത്തു കൊണ്ടുവന്നത്.

രേണു രാമനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അസ്സോസിയേഷൻ ഓഫ് മലയാളം മൂവീ ആർട്ടിസ്റ്റ്സ് എന്ന സംഘടനയിൽ നിന്നുള്ള നാലു അഭിനേതാക്കളുടെ രാജിയെപ്പറ്റി, ‘അവർക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ,‘ ‘പ്രിവിലേജ്ഡ് അല്ലേ…‘ ‘അകത്തു നിന്ന് പൊരുതുകയായിരുന്നു വേണ്ടത്,‘ ഇനി എത്ര പേർ രാജി വെയ്ക്കും, എന്നിട്ടു കാണാം,‘ തുടങ്ങിയ അഭിപ്രായങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ടല്ലോ.

രൂപം കൊണ്ട നാളു മുതൽ മലയാളസിനിമാ രംഗത്ത് ഒരു സമ്മർദ്ദ ഗ്രൂപ്പായി നിലനിന്നു പോന്ന സംഘടനയാണു ഈ അസോസിയേഷൻ. 2000-ത്തിനു ശേഷം മലയാള സിനിമാ രംഗം കടന്നു പോന്ന പ്രതിസന്ധി ഘട്ടങ്ങൾ പലതും ഈ സംഘടനയും സിനിമാ വ്യവസായത്തിലെ മറ്റു ഘടകസംഘടനകളും തമ്മിലുള്ള ഏറ്റു മുട്ടലിൽ നിന്ന് ജനിച്ചതായിരുന്നു. ആദ്യകാലത്ത് മലയാള സിനിമാ രംഗത്തെ പ്രതിനിധാനം ചെയ്തിരുന്ന ഏക പ്ലാറ്റ്ഫോമായിരുന്ന കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സുമായി ഉണ്ടായ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ, സിനിമാതാരങ്ങൾക്ക് ചാനൽ പരിപാടികളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന രീതിയിലാണു കാണപ്പെട്ടത്. 2002-ൽ, മലയാള ചലച്ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയും, സിനിമാ തിയേറ്ററുകൾ അടച്ചു പൂട്ടപ്പെടാൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ആശങ്കാകുലരായ ഫിലിം ചേംബർ, നടീനടന്മാർ ഗൾഫ് പരിപാടികളിലും ചാനൽ പരിപാടികളിലും പങ്കെടുക്കണമെങ്കിൽ ചേംബറിന്റെ അനുവാദം വാങ്ങണമെന്ന് പ്രഖ്യാപിച്ചു. അല്ലാത്തപക്ഷം അവരെ ചേംബർ ‘ബാൻ‘ ചെയ്യുമെന്നും.

ഇതിനെതിരെ അസ്സോസിയേഷൻ ആരംഭിച്ച പ്രക്ഷോഭം മലയാളസിനിമാ രംഗത്തെ മാസങ്ങളോളം സ്തംഭിപ്പിച്ചു. തുടർന്നുള്ള രണ്ടോ മൂന്നോ വർഷങ്ങൾ മലയാള സിനിമാ രംഗം തുടർച്ചയായ സ്തംഭനങ്ങളും സമരാഹ്വാനങ്ങളും തിയേറ്റർ അടച്ചിടലുകളും ഷൂട്ടിങ് നിർത്തിവെക്കലുകളും കൊണ്ട് കലുഷിതമായിരുന്നു. ഡിസ്ട്രിബ്യൂട്ടർമാരുടെ സംഘടനയും എക്സിബിറ്റർമാരുടെ രണ്ടു സംഘടനകളുമെല്ലാം ഇതിൽ സജീവമായ പങ്കു വഹിച്ചിരുന്നു. പ്രതിസന്ധി മറി കടക്കാൻ കെ.എസ്.എഫ്. ഡി.സി യും സർക്കാരും മുൻ കൈ എടുത്ത് ചർച്ചകൾ നടത്തി. ഏറെ സങ്കീർണ്ണമായിരുന്ന ആ കാലഘട്ടത്തിലാണു തിലകനും പൃഥിരാജും മീരാ ജാസ്മിനും ബാബുരാജുമെല്ലാം ആദ്യമായി അമ്മയുടെ അച്ചടക്ക നടപടി നേരിട്ടത്. എറണാകുളത്ത് ഹോട്ടൽ അബാദ് പ്ലാസയിൽ രാത്രി വരെ നീണ്ട അസോസിയേഷന്റെ യോഗത്തിൽ ഇവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇവർ ‘ഖേദം പ്രകടിപ്പിച്ചു‘ എന്ന് അന്ന് ജനറൽ സെക്രട്ടറിയായിരുന്ന മോഹൻ ലാൽ പിന്നീട് പത്രസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

സിനിമാ രംഗത്തെ കാലുഷ്യങ്ങൾ പിന്നെയും തുടരുകയായിരുന്നു. താരസംഘടനയും ഫിലിം ചേംബറും തമ്മിൽ ആദ്യത്തെ ഏറ്റുമുട്ടലിനൊടുവിൽ ഉണ്ടാക്കിയ ധാരണയുടെ പേരിലായി പിന്നത്തെ പ്രശ്നങ്ങൾ. ഷൂട്ടിങ് തുടങ്ങും മുമ്പ് ചേംബറുമായി അഗ്രിമെന്റ് ഉണ്ടാക്കണമെന്ന നിബന്ധനയ്ക്കെതിരായിട്ടാണു പിന്നെ അസോസിയേഷൻ സമരമുഖത്തിറങ്ങിയത്. വീണ്ടും സിനിമാ രംഗം സ്തംഭിച്ചു. ഈ വിഷയത്തിൽ ചേംബറിനുള്ള പരമാധികാരം എടുത്തുകളയണമെന്ന ആവശ്യം ശരിയല്ലെന്നായിരുന്നു ആ സമയത്ത് സംവിധായകൻ വിനയനെടുത്ത നിലപാട്.

അതിന്റെ പേരിലാണു അന്ന് താരസംഘടനയും വിനയനും ഏറ്റു മുട്ടിയത്. അസ്സോസിയേഷന്റെ നിരോധനാജ്ഞ ലംഘിച്ച് തിലകനെയും പൃഥ്വിരാജിനെയും ക്യാപ്റ്റൻ രാജുവിനെയും ലാലു അലക്സിനെയും ഉൾപ്പെടുത്തിക്കൊണ്ട് പുതിയ സിനിമയായ ‘സത്യം‘ വിനയൻ അനൗൺസ് ചെയ്തു. ആ പത്രസമ്മേളനത്തിൽ വിനയനോടൊപ്പം പങ്കെടുത്ത പൃഥ്വിരാജ് അപ്രതീക്ഷിതമായി അസ്സോസിയേഷന്റെ നിലപാടുകൾക്കെതിരെ ആഞ്ഞടീച്ച് സംസാരിച്ചു. വർഷങ്ങൾക്കു മുമ്പ് പിതാവ് സുകുമാരനെതിരെ നടന്ന വിലക്കിന്റെ ചരിത്രം ഓർമ്മിപ്പിച്ചു കൊണ്ടാണു ഇരുപത്തൊന്നു കാരനായിരുന്ന പൃഥ്വിരാജ് വികാരനിർഭരമായി സംസാരിച്ചത്.

‘സത്യ‘ത്തെ തുടർന്ന് പൃഥ്വിരാജ് താരസംഘടനയുടെ വിലക്കു നേരിട്ട നാളുകളിലാണു വിനയന്റെ ‘അത്ഭുത ദ്വീപ്‘ ഇറങ്ങിയത്. ‘അത്ഭുതദ്വീപി‘ന്റെ വിജയത്തോടെ പൃഥ്വിരാജ് തിരിച്ചെത്തുകയായിരുന്നു.

ഈ നാളുകളിലെല്ലാം നിശ്ശബ്ദമായി വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു ദിലീപ് എന്ന നടൻ. അസോസിയേഷനിൽ ദിലീപിന്റെ നിയന്ത്രണവും വർദ്ധിച്ചു കൊണ്ടിരുന്നു. 2008-ൽ
ദിലീപ് തുളസീദാസുമായുണ്ടാക്കിയ കരാർ, വാങ്ങിയ 40 ലക്ഷം രൂപ തിരിച്ചു കൊടുക്കാതെ ലംഘിച്ചുവെന്ന തുളസീദാസിന്റെ പരാതിയിൽ അന്ന് മാക്ട സെക്രട്ടറിയായിരുന്ന വിനയൻ ഇടപെട്ടു. അതോടെ മാക്ട പിളർക്കപ്പെടുകയും, ‘ഫെഫ്ക‘ രൂപീകരിക്കപ്പെടുകയും ചെയ്തു. വിനയനും തുളസീദാസും ഒറ്റപ്പെട്ടു. വിനയനുമായി സഹകരിക്കാൻ തയ്യാറായ തിലകന്റെ വിധിയും മറ്റൊന്നായിരുന്നില്ല. പക്ഷെ, അപ്പോഴേക്കും ആദ്യകാലത്തെ അപേക്ഷിച്ച് പരസ്യമായ വിലക്കുകൾ ഏർപ്പെടുത്തുന്ന കാലം കഴിഞ്ഞിരുന്നു. അതിലും ഫലപ്രദമായ മാർഗ്ഗങ്ങൾ ആവിഷ്കരിക്കപ്പെട്ടിരുന്നു. രേഖാപരമായ തെളിവുകൾ ശേഷിപ്പിക്കാതിരിക്കൽ പ്രധാനപ്പെട്ടതാണല്ലോ.

പതിറ്റാണ്ടുകളിലെ ഈ ചരിത്രമെടുത്തു നോക്കുമ്പോൾ, ഘട്ടം ഘട്ടമായി മലയാള സിനിമാ രംഗത്തെ കൈപ്പിടീയിലൊതുക്കാനായി ഒരു സംഘടന ഉപയോഗിക്കപ്പെട്ടതിന്റെ നാൾവഴികൾ കാണാൻ കഴിയും. പ്രതിരോധിക്കാൻ എളുപ്പമല്ലാത്ത കോട്ടയാണു കെട്ടിപ്പൊക്കപ്പെട്ടിരിക്കുന്നതെന്നും.

ഈ ഘടനയ്ക്കെതിരെ എത്ര ചെറിയ ശബ്ദം ഉയർത്തുന്നതും ഒട്ടും എളുപ്പമുള്ള കാര്യമല്ല. എത്ര മാത്രം ‘പ്രിവിലേജ്ഡ്‘ ആയവർക്കു പോലും. ഇതാണു നാം തിരിച്ചറിയേണ്ടത്. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ലെ, പൊതു സമൂഹത്തിനു ഇതിലും പ്രധാനപ്പെട്ട എന്തൊക്കെ വിഷയങ്ങളുണ്ട് എന്നും സംശയിക്കാം. കോടികളുടെ ടേണോവർ ഉള്ള വ്യവസായമാണു ചലച്ചിത്ര രംഗം. ഈ ലാഭം വരുന്നത് പൊതുജനങ്ങളിൽ നിന്നും. മാത്രമല്ല, ഒരു സമൂഹത്തിന്റെ പൊതുവെയുള്ള അഭിരുചിയെ രൂപപ്പെടുത്തുന്നതിൽ സിനിമ പോലെയുള്ള മാധ്യമത്തിന്റെ പങ്കും ചെറുതല്ല. അതു കൊണ്ടു തന്നെ ചലച്ചിത്രമേഖലയെ ബാധിക്കുന്ന വിഷയങ്ങൾക്ക് പൊതുപ്രാധാന്യമുണ്ട്.

തൊണ്ണൂറുകളിലാണു മലയാള ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ പ്രവർത്തനം തുടങ്ങുനത്. സംഘടനകളുടെ സാന്നിദ്ധ്യം ചലച്ചിത്രമേഖലയെ എങ്ങനെ സ്വാധീനിച്ചുവെന്നതിനെപ്പറ്റി പഠനങ്ങൾ നടക്കുന്നുണ്ട്. സംഘടനകൾക്ക് മുമ്പും ചലച്ചിത്രമേഖല നില നിന്നിരുന്നു. രണ്ടു പതിറ്റാണ്ടുകൾ എന്നത് ഒരു ചലച്ചിത്രവ്യവസായത്തെ സംബന്ധിച്ച് വലിയ കാലയളവൊന്നുമല്ല. പല തരത്തിലുള്ള അഴിച്ചു പണികൾ എല്ലാ മേഖലകളിലുമെന്ന പോലെ ഇവിടെയും ആവശ്യമാകാമല്ലോ.

അതു കൊണ്ടു തന്നെ മലയാള സിനിമാ മേഖലയിൽ ഇപ്പോൾ നിലവിലുള്ള സംഘടനാരൂപത്തിനെതിരെ ചെറുതെങ്കിലും ശക്തമായ ശബ്ദമുയർത്തിയ അഭിനേതാക്കൾ അനുമോദനമർഹിക്കുന്നു. മാറ്റത്തിനു തുടക്കം കുറിക്കാൻ ചെറിയ ശബ്ദങ്ങൾക്കാകട്ടെ എന്നും ആശംസിക്കുന്നു.

renu ramanath facebook post about history of malayalam movie association

More in Malayalam Articles

Trending

Recent

To Top